X

ട്വിറ്ററില്‍ ശ്രീ ബൗണ്‍സര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്രയ്‌ക്കെതിരെ വാക് ശരവുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ട്വിറ്ററില്‍. ശ്രീശാന്തിന് മറുപടിയുമായി ചോപ്രയും രംഗത്തെത്തിയതോടെ സംവാദം ട്വിറ്റര്‍ യുദ്ധത്തിന് വഴിവെച്ചു. ശ്രീശാന്തിനെ ചൊടിപ്പിച്ച, ടീം ഇന്ത്യയുടെ മത്സരങ്ങളില്‍ കമന്റേറ്ററായ ആകാശ് ചോപ്രയുടെ പ്രസ്താവന ഇങ്ങനെ ഫിറ്റ്‌ന്‌സ് നോക്കുമ്പോള്‍ ടീം ഇന്ത്യയില്‍ കളിക്കാന്‍ ശ്രീശാന്തിന് യോഗ്യത ഉണ്ടായേക്കാം.

പക്ഷെ ഒത്തുകളിയില്‍ ഉള്‍പ്പെട്ട ഒരാളെ ഒരിക്കലും ദേശീയ ടീമില്‍ കളിപ്പിക്കരുതെന്നാണ് എന്റെ അഭിപ്രായം. സ്വന്തം നേട്ടത്തിനായി രാജ്യത്തേയും ക്രിക്കറ്റിനേയും പണയം വെച്ചവര്‍ രണ്ടാമതൊരു അവസരം അര്‍ഹിക്കുന്നില്ല. തന്റെ മേല്‍പ്രസ്താവനയില്‍ ഉറച്ച് ആകാശ് ചോപ്ര ട്വീറ്റ് ചെയ്തിടത്ത് നിന്നാണ് നവമാധ്യമ യുദ്ധത്തിന്റെ തുടക്കം. ഒത്തുകളിയുടെ കാര്യം പറയുമ്പോള്‍ താന്‍ കര്‍ക്കശക്കാരനാണെന്ന് പറഞ്ഞായിരുന്നു ചോപ്രയുടെ ട്വീറ്റ്. ഇതിനു മറുപടിയെന്നോണം ശ്രീശാന്ത് ഇങ്ങനെ പ്രതികരിച്ചു.

‘ ഇരട്ടമുഖമുള്ള ആളാകാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു? ബ്രോ? അങ്ങനെ വിളിക്കുന്നതില്‍ പോലും ഞാന്‍ ലജ്ജിക്കുന്നു. നിങ്ങളുടെ പരാമര്‍ശത്തില്‍ ദുഖമുണ്ട്. ഞാന്‍ ഇനിയും കളിക്കും. തൊട്ടുപിന്നാലെ വന്നു ശ്രീശാന്തിനുള്ള ചോപ്രയുടെ ട്വീറ്റ്. തനിക്ക് രണ്ട് മുഖമില്ലെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്വന്തം സഹോദരനെക്കുറിച്ചും തനിക്ക് അതേ അഭിപ്രായമാണ് ഉള്ളതെന്നും ചോപ്ര ട്വീറ്റ് ചെയ്തു.

എനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ എത്ര ചെറുതാണെങ്കിലും അതൊന്നും കണക്കിലെടുക്കാതെ രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത് തിരിച്ചടിച്ചു. ദൈവാനുഗ്രഹവും ആശംസകളും നേര്‍ന്നായിരുന്നു ഇതിനോടുള്ള ചോപ്രയുടെ പ്രതികരണം. എന്നാല്‍ അവിടംകൊണ്ട് ചോപ്രയോടുള്ള ശ്രീശാന്തിന്റെ കലിപ്പ് അവസാനിച്ചില്ല. താരം വീണ്ടും ചോപ്രയ്‌ക്കെതിരെ ആഞ്ഞടിച്ചു. ദേശദ്രോഹി എന്ന നിങ്ങളുടെ പരാമര്‍ശത്തില്‍ ഒത്തുകളിയില്‍ കുറ്റാരോപിതരായ മറ്റു പതിമൂന്ന് പേരും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ശ്രീശാന്തിന്റെ അടുത്ത ട്വീറ്റ്.

എന്നാല്‍ താന്‍ ആരേയും ദേശദ്രോഹിയെന്ന് വിളിച്ചിട്ടില്ലെന്നും വിഷയത്തില്‍ ആരോടും മൃദുസമീപനം ഇല്ലെന്നും എല്ലാവര്‍ക്കും ഒരേ നിയമമാണെന്നും ആകാശ് ചോപ്ര ഈ ട്വീറ്റിന് മറുപടി നല്‍കി. ഇതിനിടെ ആകാശിനെ ചോദ്യം ചെയ്ത് ഒരു ക്രിക്കറ്റ് ആരാധകന്‍ രംഗത്തെത്തി. ഒത്തുകളിയില്‍ വിലക്ക് നേരിട്ട പാക് താരം മൊഹമ്മദ് ആമിറിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനെ വാഴ്ത്തിയ ആകാശ് ചോപ്ര ശ്രീശാന്തിനെ വിമര്‍ശിക്കുന്നത് എന്തിനാണെന്നായിരുന്നു ആരാധകന്റെ ചോദ്യം.

അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് ഉടന്‍ ആകാശ് ചോപ്ര ആരാധകന് മറുപടി നല്‍കി. ആമിറിന്റെ തിരിച്ചുവരവിനെ വിമര്‍ശിച്ചിരുന്നു. ബൗളിങ്ങിനെ പ്രശംസിച്ചു. രണ്ടും രണ്ട് കാര്യമാണെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ബിസിസിഐയുടെ വിലക്ക് നേരിട്ട എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ ഭരണസമിതിയിലാണ് ഇപ്പോള്‍ ശ്രീശാന്തിന്റെ പ്രതീക്ഷ.

chandrika: