മുംബൈ: ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചുവരാനൊരുങ്ങുന്ന മലയാളി താരം എസ്. ശ്രീശാന്തിന് തിരിച്ചടി. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് ബി.സി.സി.ഐ അനുമതി നല്‍കിയില്ല. എന്നാല്‍ അനുമതി നല്‍കാതിരിക്കാനുള്ള കാരണം വ്യക്തമല്ല. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കുന്നത് സംബന്ധിച്ച അവസാന വാക്ക് ബി.സി.സി.ഐയുടെതാണെന്നാണ് അവരുമായി ബന്ധമുള്ളവര്‍ വ്യക്തമാക്കുന്നത്.
നേരത്തെ ശ്രീശാന്ത് തന്നെയാണ് ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായിരുന്നു താരത്തിന്റെ പദ്ധതി. ഇതിനായുളള അനുമതി ലഭിച്ചതായി താരം അന്ന് അവകാശപ്പെട്ടിരുന്നു.
ഐപിഎല്ലില്‍ രാജാസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. അതിനിടെ മലയാള സിനിമയില്‍ ശ്രീശാന്ത് നായകനായി അരങ്ങേറി.