കൊച്ചി: 39 വയസുകാരനായ നെഹ്‌റക്ക് ടീമില്‍ മടങ്ങിയെത്താമെങ്കില്‍ മലയാളി താരം എസ്. ശ്രീശാന്തിനും അതിന് കഴിയുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു. ദേശീയ ടീമിലേക്കുള്ള ശ്രീയുടെ മടങ്ങിവരവ് അടഞ്ഞ അധ്യായമല്ല, അദ്ദേഹം ഇപ്പോഴും മികച്ച ബൗളര്‍ തന്നെയാണ്, നല്ല രീതിയില്‍ പരിശീലനം നടത്തുന്നു, ബി.സി.സി.ഐയുടെ ഇടക്കാല ഭരണത്തലവന്‍ വിനോദ് റായിക്ക് ഇതു സംബന്ധിച്ച് കത്ത് അയക്കാനും ടി.സി മാത്യു നിര്‍ദ്ദേശിച്ചു.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടി.സി മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ടി.സി മാത്യുവിന്റെ പിന്തുണക്ക് ശ്രീശാന്ത് നന്ദി അറിയിച്ചു. അടുത്തിടെയാണ് സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനുള്ള ശ്രീ ശാന്തിന്റെ അനുമതി ബി.സി.സി.ഐ തള്ളിയത്. ഇത് താരത്തെ നിരാശയിലാക്കിയിരുന്നു. 2013ലെ ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിനെ വിവാദത്തില്‍ എത്തിച്ചത്. കേസില്‍ അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഡല്‍ഹി കോടതി വെറുതെവിട്ടു.
ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാനൊരുങ്ങിയിരുന്നുവെങ്കിലും നടന്നില്ല. അതിനിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശ്രീ നായകനായ സിനിമയും വന്നു. ബി.സി.സി.ഐയിലുണ്ടായ മാറ്റം തന്റെ കരിയറിനെ മാറ്റിമറിക്കുമെന്നാണ് ശ്രീശാന്ത് കരുതുന്നത്. ഇന്ത്യ ലോകകപ്പ് നേടിയ ഏകദിന, ടി20 ടീമുകളില്‍ അംഗമായിരുന്നു ശ്രീശാന്ത്.