X
    Categories: Sports

ബോര്‍ഡിന് നോട്ടീസ് ശ്രീശാന്തിന്റെ പരാതി സ്വീകരിച്ചു

 

ന്യൂഡല്‍ഹി: തനിക്കെതിരായ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനുള്ള കാര്യകാരണങ്ങള്‍ തേടിയാണ് സുപ്രീം കോടതി ക്രിക്കറ്റ് ബോര്‍ഡിനും മേല്‍നോട്ട ചുമതലക്കാരന്‍ വിനോദ് റായിക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ക്രിക്കറ്റ് ബോര്‍ഡിനോട് വിശദീകരണം ആരാഞ്ഞിരിക്കുന്നത്. ശ്രീശാന്ത് ഒത്ത് കളിച്ചതിന് തെളിവുണ്ടെന്നായിരുന്നു ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പരാഗ് ത്രിപാഠി വാദിച്ചത്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് മല്‍സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച ശ്രീശാന്ത് പണം വാങ്ങി ബൗള്‍ ചെയ്തതിന് തെളിവുണ്ടെന്നും അദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നുമായിരുന്നു ബി.സി.സി.ഐ അഭിഭാഷകന്റെ വാദം. എന്നാല്‍ ശ്രീശാന്ത് നോ ബോളുകള്‍ പലതും എറിഞ്ഞിട്ടും അമ്പയര്‍ അത് കണ്ടില്ലേ എന്നായിരുന്നു ജസ്റ്റിസ് ജി.വൈ ചന്ദ്രചൂഢ് ചോദിച്ചത്. സുപ്രീം കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും തന്റെ നിരപരാധിത്വം കോടതി വഴി തെളിയിക്കപ്പെടുമെന്നും കോടതി നടപടികള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും അഞ്ച് വര്‍ഷത്തോളമായി സജീവ ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുന്നു. എനിക്ക് രാജ്യത്തിനായി കളിക്കണം. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ എനിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്-ശ്രീശാന്ത് പറഞ്ഞു.
കേരളാ ഹൈകോടതി വഴി നേരത്തെ ശ്രീശാന്ത് നിരപരാധിത്വം തെളിയിക്കാന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് ശ്രീശാന്തിന്റെ ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം പരമോന്നത നീതിപീഠത്തെ സമീപിക്കാന്‍ തീരുമാനിച്ചത്.

chandrika: