കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയതോടെ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ കഴിയുമോയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നു. ഇന്ന് മുംബൈയില്‍ ചേരുന്ന ബിസിസിഐയുടെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ ശ്രീശാന്തിന്റെ വിലക്ക് കോടതി നീക്കിയ കാര്യവും ചര്‍ച്ചയാകാനാണ് സാധ്യത. അപ്രതീക്ഷിതമായി കോടതി വിധിയുണ്ടായതിനാല്‍ ഈ വിഷയം യോഗം അടിയന്തിരമായി ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോടതി വിധി വന്ന് രണ്ടു ദിവസം കഴിഞ്ഞെങ്കിലും ബിസിസിഐ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച പുതിയ ഭാരവാഹികളില്‍ നിന്നു നീതി ലഭിക്കുമെന്നു പ്രതീക്ഷയിലാണ് ശ്രീശാന്ത്.
നേരത്തെ കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് നീക്കാതെ ബിസിസിഐ കടുംപിടുത്തം തുടര്‍ന്നപ്പോള്‍ സുപ്രീംകോടതി നിയോഗിച്ച പുതിയ ഭാരവാഹികളെ കൂടി കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ശ്രീശാന്ത് അപേക്ഷ നല്‍കിയിരുന്നു. ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച് ബിസിസിഐയുടെ നിലവിലെ പ്രസിഡന്റ് വിനോദ് റായിയെയും മറ്റു മൂന്നംഗങ്ങളെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു. ഇവരുടെ നിലപാട് ശ്രീശാന്തിന്റെ തിരിച്ചു വരവിന്റെ കാര്യത്തില്‍ നിര്‍ണായകമാവും. ശ്രീശാന്തിനെ വീണ്ടും കളിപ്പിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനൂകൂലമായ നിലപാടുമായി രംഗത്തെത്തിയിരുന്നു.
ഇക്കാര്യത്തില്‍ വ്യക്തത തേടി ബിസിസിഐ ഭാരവാഹികളുമായി സംസാരിച്ചിട്ടുണ്ടെന്ന് കെ.സി.എ ജനറല്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ക്രിക്കറ്റ് ഓപറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. എം.വി ശ്രീധര്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുള്ള ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റ് വിനോദ് റായിക്ക് തുടര്‍ നിലപാട് ആരാഞ്ഞ് ഇമെയില്‍ അയച്ചിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ്ജ് പറഞ്ഞു.
തിരിച്ചു വരവുമായി ബന്ധപ്പെട്ട് കെ.സി.എ ഭാരവാഹികള്‍ ശ്രീശാന്തുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ബി.സി.സി.ഐ അനുകൂല നിലപാട് സ്വീകരിച്ചാല്‍ അടുത്ത മാസം രണ്ടിന് തുടങ്ങുന്ന കൂച്ച് ബിഹാര്‍ ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശാന്തിന് കേരള ടീമിലെത്താനുള്ള അവസരമൊരുങ്ങും. ഇക്കാര്യത്തില്‍ കെസിഎ ഭാരവാഹികള്‍ക്ക് പുറമെ സെലക്ടര്‍മാര്‍ക്കും അനുകൂല നിലാപാടാണുള്ളത്. കാര്യങ്ങള്‍ അനുകൂലമായാല്‍ വരുന്ന രഞ്ജി ട്രോഫി ടൂര്‍ണമെന്റിലും ശ്രീശാന്തിന് കളിക്കാനാവും.
ഈ ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്നാണ് ശ്രീശാന്തിന്റെ പ്രതീക്ഷ. ക്രിക്കറ്റില്‍ വിലക്കുള്ളപ്പോഴും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ശ്രീശാന്ത് ശ്രമിച്ചിരുന്നു. ഗ്രൗണ്ടുകളില്‍ വിലക്കുള്ളതിനാല്‍ വീട്ടില്‍ തന്നെ നെറ്റ് പ്രാക്ടീസിനുള്ള സംവിധാനമൊരുക്കി സ്വയം പരിശീലനത്തിനും സമയം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മെയിലാണ് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായി. തുടര്‍ന്ന്, മൂവരെയും ക്രിക്കറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, പട്യാല സെഷന്‍സ് കോടതി 2015 ജൂലൈയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചെങ്കിലും വിലക്ക് നീക്കാതെ ബിസിസിഐ കടുംപിടുത്തം തുടര്‍ന്നു.
ഇതേ തുടര്‍ന്നാണ് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ശ്രീശാന്ത് കേരള ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി തീര്‍പ്പാക്കിയ കോടതി ശ്രീശാന്തിന്റെ വിലക്ക് പൂര്‍ണമായും നീക്കുകയായിരുന്നു.
- 7 years ago
chandrika
Categories:
Video Stories
ശ്രീശാന്തിന്റെ വിലക്ക് നീക്കല്‍; ബിസിസിഐ ചര്‍ച്ച ചെയ്‌തേക്കും
Tags: sresanth
Related Post