X

കെ.എം ബഷീറിന്റെ മരണം; ശ്രീറാമിന്റെ ജാമ്യത്തിന് സ്‌റ്റേയില്ല

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിന് കോടതിയില്‍ തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ജാമ്യത്തിന് അടിയന്തര സ്‌റ്റേ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജാമ്യത്തിന് സ്‌റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രം ആണെന്നിരിക്കെ ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ജാമ്യം സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി കേസ് അടുത്ത വെള്ളിയാഴ്ച്ചത്തേക്ക് മാറ്റുകയും ശ്രീറാമിന് നോട്ടീസ് അയക്കുകയും ചെയ്തു.

കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് അതിരൂക്ഷ വിമര്‍ശനമാണ് പൊലീസിനെതിരെ ഹൈക്കോടതി നടത്തിയത്.

വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാതിരുന്നതിന് ഒരു ന്യായീകരണവും ഇല്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പൊലീസ് തടഞ്ഞില്ല?, ശ്രീറാമിനെതിരായ തെളിവ് അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ അടക്കം താമസിക്കുന്നിടത്ത് സിസിടിവി എങ്ങനെ ഇല്ലെന്ന് പറയുമെന്നും ഹൈക്കോടതി ചോദിച്ചു.

chandrika: