X
    Categories: CultureNewsViews

ശ്രീറാം വെങ്കട്ടരാമന്‍: അഭിനയം, നിലവിളി ശബ്ദം, കോടതി; ഒടുക്കം മെഡിക്കല്‍ കോളജ് സെല്ലില്‍

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലേക്ക് മാറ്റി. കിംസ് ആശുപത്രിയില്‍ സുഖചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാധ്യമങ്ങളുടെയും പത്രപ്രവര്‍ത്തക യൂണിയന്റേയും ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സിറാജ് മാനേജ്‌മെന്റിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കിംസില്‍ നിന്ന് മാറ്റാന്‍ തയ്യാറായത്. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡിസ്ചാര്‍ജ്ജ് സമ്മറിയുടേയും പൊലീസ് റിപ്പോര്‍ട്ടിന്റേയും പരിശോധന നടത്താനായി വൈകുന്നേരം മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചത്. ഇന്നലെ അഞ്ചേകാലോടെയാണ് കിംസ് ആശുപത്രിയില്‍ നിന്നും അവരുടെ തന്നെ ആംബുലന്‍സില്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ കൊണ്ടുവന്നത്. മുഖം മറക്കുന്നതിനായി മാസ്‌ക് ധരിച്ചാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ട്രച്ചറില്‍ ആശുപത്രിയില്‍ നിന്നും പുറത്തെടുത്തത്. ഗുരുതര പരുക്കുകള്‍ ഉണ്ടെന്നു തോന്നിപ്പിക്കും വിധം ശ്രീറാം വെങ്കിട്ടരാമനെ ആബുലന്‍സില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിനുശേഷം ബഷീറിനെ ബൈക്കില്‍ കയറ്റി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെടുമ്പോഴും മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചപ്പോഴും ശ്രീറാമിന് ശാരീരിക അസ്വസ്ഥതകള്‍ ഒന്നുമുണ്ടായിരുന്നില്ല. ശ്രീറാം വെങ്കിടേശ്വരന്‍ ജനറല്‍ ആശുപത്രിയിലും കിംസ് ആശുപത്രിയിലും എത്താന്‍ പരസഹായം തേടിയിരുന്നില്ല. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെ ഗുരുതര പരുക്കുകള്‍ ഉണ്ടെന്നു തോന്നിപ്പിക്കും വിധമാണ് ഇന്നലെ കിംസ് ആശുപത്രിയില്‍ നിന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ എത്തിച്ചത്. കിംസ് ആശുപത്രിയില്‍ പൊലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും വന്‍സന്നാഹം ഒരുക്കിയിരുന്നു. അത്യാധുനിക സംവിധാനങ്ങളുളള ആംബുലന്‍സിലാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്. ഉള്‍വശം കാണാത്ത ആബുലന്‍സിലായിരുന്നു യാത്ര. കിംസ് ആശുപത്രിയില്‍ ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തുക്കള്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. കിംസ് ആശുപത്രിയില്‍ ഫോണും ഇന്റര്‍നെറ്റും അടക്കമുളള സൗകര്യങ്ങളും ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഒരുക്കി. അഞ്ചരക്ക് ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് ആര്‍ അമലിന്റെ വസതിയില്‍ ശ്രീറാം വെങ്കിട്ടരാമനെ എത്തിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡിസ്ചാര്‍ജ്ജ് സമ്മറിയും പൊലീസ് റിപ്പോര്‍ട്ടും പരിശോധിച്ചതിനു ശേഷം മജിസ്‌ട്രേറ്റ് ജില്ലാ ജയിലിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന നിഗമനത്തിലാണ് മജിസ്‌ട്രേറ്റ് എത്തിചേര്‍ന്നത്. മജിസ്‌ട്രേറ്റ് ആബുലന്‍സിലെത്തിയാണ് ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ചത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. അപകടത്തിനു ശേഷം ശ്രീംറാം സ്വന്തം ഇഷ്ടപ്രകാരം ചികിത്സക്കായി കിംസ് ആശുപത്രി തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീറാമി ന്റെ ആവശ്യം പൊലീസ് സമ്മതിക്കുകയായിരുന്നു. ആദ്യം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പ് ശ്രീറാം വെങ്കിട്ടരാമന്റെ പേരില്‍ ചുമത്തിയിരുന്നില്ല. പിന്നീടാണ് മനഃപൂര്‍വമായ നരഹത്യക്കുളള ജാമ്യമില്ലാ വകുപ്പ് ശ്രീറാം വെങ്കിട്ടരാമന്റെ മേല്‍ ചുമത്തിയത്. ശനിയാഴ്ച്ച ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: