പനാജി: ഗോവയില്‍ ബി.ജെ.പിക്ക് തലവേദന കൂടുന്നു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പാന്‍ക്രിയാസ് ക്യാന്‍സര്‍ മൂലം ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ ബി.ജെ.പിയില്‍ കലഹം മൂര്‍ച്ഛിച്ചിരിക്കുകയാണ്. മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം.
പരീക്കറെ മാറ്റണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്കാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി നല്ല നിലയിലല്ല. സംസ്ഥാനത്ത് ഇന്നല്ലെങ്കില്‍ നാളെ പുതിയ നേതാവിനെ കണ്ടെത്തിയേ മതിയാകൂ എന്ന് ശ്രീപദ് നായിക് പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ പോര് വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെന്‍ഡൂല്‍ക്കറെ മാറ്റണമെന്നായിരുന്നു ലക്ഷ്മികാന്ത് പര്‍സേക്കറിന്റെ ആവശ്യം.
സ്വന്തം നിലക്ക് തീരുമാനമെടുക്കാന്‍ കാര്യപ്രാപ്തിയില്ലാത്ത അധ്യക്ഷന്‍ രാജിവെക്കണമെന്നാണ് പര്‍സേക്കറുടെ വാദം. സ്വന്തം നിലക്ക് രാജിക്ക് തയാറായില്ലെങ്കില്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ കേന്ദ്രനേതൃത്വം തയാറാവണമെന്ന് പര്‍സേക്കര്‍ അഭിപ്രായപ്പെട്ടു. തനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായ വിരോധമില്ലെന്നും പാര്‍ട്ടി താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ് താന്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, അമേരിക്കയില്‍ ചികില്‍സയിലായിരുന്നു പരീക്കര്‍. കഴിഞ്ഞ ഒക്ടോബര്‍ 14 ന് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയെങ്കിലും ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ ആരോഗ്യനില വഷളായ പരീക്കറെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ നേതൃമാറ്റത്തെ ബി.ജെ.പി നേതൃത്വം എതിര്‍ക്കുകയാണ്. പരീക്കറെ മാറ്റിയാല്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള ബി.ജെ.പിയില്‍ ചേരിപ്പോര് രൂക്ഷമാകുമെന്ന ഭീതിയാണ് നേതൃത്വത്തിനുള്ളത്.