കൊച്ചി: പുതുതലമുറയിലെ സിനിമക്കാര്‍ക്കെതിരെ നടന്‍ ശ്രീനിവാസന്‍ രംഗത്ത്. പത്രം വായിക്കാത്ത പുതുതലമുറക്ക് രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമകള്‍ എടുക്കാനാവില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മകനുള്‍പ്പെടെയുള്ള സിനിമാരംഗത്തെ പുതുമുഖങ്ങളെ ശ്രീനിവാസന്‍ വിമര്‍ശിക്കുന്നത്.
സന്ദേശം സിനിമയുടെ 25-ാം വാര്‍ഷികത്തില്‍ എന്തുകൊണ്ടാണ് ആക്ഷേപഹാസ്യ സിനിമകള്‍ സംഭവിക്കുന്നില്ലെന്ന ചോദ്യത്തിനായിരുന്നു ശ്രീനിവാസന്റെ മറുപടി. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന് കരുതുന്ന തലമുറയാണ് ഇപ്പോഴുള്ളത്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ പത്രം വായിക്കുന്നില്ല. എന്തെങ്കിലുമാകട്ടെ എന്നതാണ് രാഷ്ട്രീയ ,സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ഈ തലമുറയുടെ കാഴ്ച്ചപ്പാട്.ഒന്നും മാറാന്‍ പോകുന്നില്ലെന്ന നഷ്ടബോധത്തില്‍ നിന്നാകാം ഇത്. എന്നാല്‍ ഇത് അപകടകരമായ അവസ്ഥയാണ്. തങ്ങളെ സംബന്ധിച്ച്് ഒന്നും പ്രാധാന്യമുള്ളതോ പ്രസക്തമോ അല്ലെന്ന് അവര്‍ കരുതുന്നു. മകനും സംവിധായകനുമായ വിനീത് ശ്രീനിവാസനും ഈ തലമുറയുടെ ഭാഗമാണെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് അവനും ധാരണയുണ്ടെന്ന് തോന്നുന്നില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.