X

രാഷ്ട്രീയ കൊലപാതകം; കൊടിയേരിക്ക് ശ്രീനിവാസന്റെ മറുപടി

കോഴിക്കോട്: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച നടന്‍ ശ്രീനിവാസന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്ന കൊടിയേരി ബാലകൃഷ്ണന് മറുപടിയുമായി ശ്രീനിവാസന്‍ വീണ്ടും രംഗത്ത്. പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് നൂറ്ശതമാനം കാരണം നേതാക്കന്‍മാരാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. നേതാക്കളുടെ വീട്ടില്‍ രക്തസാക്ഷികള്‍ ഉണ്ടാകുന്നില്ല. അണികളുടെ വീട്ടില്‍ മാത്രമാണ് രക്തസാക്ഷികള്‍ ഉണ്ടാകുന്നതെന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.

‘കണ്ണൂരില്‍ ഇതുവരെ നടന്ന എല്ലാ കൊലപാതകങ്ങളും എടുത്ത് നോക്കു, ഒരു നേതാവെങ്കിലും അണികളോട് കൊല്ലരുത് എന്ന് കര്‍ശനമായി ആര്‍ജവത്തോടെ പറഞ്ഞിട്ടുണ്ടോ? മറിച്ച് എല്ലാവരും വിചിത്രമായ ഭാഷയില്‍ കൊലപാതകങ്ങളെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ എതിര്‍പാര്‍ട്ടിയുടെ മേല്‍ ആരോപിക്കുകയോ ആണ് ചെയ്യുന്നത്. അരുത് എന്നോ ഈ നരമേധം നിര്‍ത്തു എന്നോ എന്തുകൊണ്ട് ഇവര്‍ പറയുന്നില്ല? ഈ നേതാക്കള്‍ ഒരുതവണ പറഞ്ഞാല്‍ അന്നുതീരും ഈ അരുംകൊലകള്‍. മാത്രമല്ല കൊലയാളികള്‍ക്ക് പാര്‍ട്ടികള്‍ നല്‍കുന്ന സംരക്ഷണം നിര്‍ത്തലാക്കിയാലും മതി, ഈ കൊലപാതകങ്ങള്‍ നിലക്കാന്‍. പാര്‍ട്ടികള്‍ പിറകില്‍ ഇല്ലെങ്കില്‍ ഇവര്‍ക്കുവേണ്ടി ആരാണ് കേസ് നടത്തുക? ആരാണ് അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തുന്ന ഈ പാവപ്പെട്ട മനുഷ്യരുടെ വീട്ടില്‍ അരിവാങ്ങാനുളള പണമെത്തിക്കുക? എന്തുകൊണ്ടാണ് പാര്‍ട്ടികള്‍ ഈ കൊലയാളികള്‍ക്കുളള സംരക്ഷണം പിന്‍വലിക്കാത്തത്? അവരെ ഒളിപ്പിക്കാനും അവര്‍ക്ക് ചികിത്സ നല്‍കാനും ഉത്സാഹിക്കുന്നത്. ഏതെങ്കിലും നേതാവിന് ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?

നേതാക്കള്‍ക്ക് പരുക്കേറ്റെന്ന് ഇവര്‍ പറയുന്നു.എന്നാല്‍ സത്യമെന്താണ്. ഇപ്പോഴത്തെ ഈ വലിയ നേതാക്കള്‍ ഛോട്ടാ നേതാക്കളായിരുന്നപ്പോഴാണ് ഇവര്‍ക്കെല്ലാം വെട്ടേറ്റതും പരിക്കേറ്റതും. വലിയ നേതാവ് എന്ന ആനപ്പുറത്ത് കയറിയതിനുശേഷം ആര്‍ക്കെങ്കിലും വെട്ടേറ്റിട്ടുണ്ടോ?. ആരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടോ?. ഏതെങ്കിലും നേതാക്കളുടെ മക്കള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടോ? സ്വന്തം വീട്ടിലേക്ക് വെട്ടിമുറിക്കപ്പെട്ട മൃതദേഹം വരുന്ന അവസ്ഥ ഇവര്‍ അനുഭവിച്ചിട്ടുണ്ടോ? എന്നും ശ്രീനിവാസന്‍ ചോദിക്കുന്നു.’

Web Desk: