X

നാലുജീവനുകളില്‍ നാദതരംഗമായി ശ്രീകല….

തിരുവനന്തപുരം: ശുദ്ധസംഗീതം പോലെ തെളിമയാര്‍ന്നതായിരുന്നു ശ്രീകലയുടെ കുടുംബജീവിതം. അഥവാ ഭര്‍ത്താവും മകളുമടങ്ങുന്ന ആ കലാകുടുംബത്തിലെ ഒരു നാദവിസ്മയമായിരുന്നു ശ്രീകല. ഡാന്‍സ് മാസ്റ്ററായ ഭര്‍ത്താവ് അനില്‍കുമാറിനും നര്‍ത്തകിയായ മകള്‍ ശ്രീലക്ഷ്മിയ്ക്കുമൊപ്പം ജീവിതം സന്തോഷകരമായി മുന്നോട്ടുപോകവെയാണ് അപ്രതീക്ഷിതമായി ആ നാദം നിലച്ചത്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡാന്‍സ് സ്‌കൂളിന്റെ പ്രവര്‍ത്തനത്തിലും സജീവ സാന്നിദ്ധ്യമായ ശ്രീകല പ്രമുഖ ടെലിവിഷന്‍ ചാനലിലെ ജനപ്രിയ പരിപാടിയായ ഐഡിയ സ്റ്റാര്‍ സിംഗറിലും താരമായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് തലച്ചോറിലെ രക്തസ്രാവത്തെതുടര്‍ന്നാണ് തിരുമല ആറാമട പ്ലാവിള കോട്ടുകോണം ജെ ആര്‍ എ 841 ശ്രീലകത്തില്‍ ഒ ശ്രീകലയെ (54) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്രീകലയെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ ന്യൂറോളജി വിഭാഗത്തിലെ ഡോ ഷാനവാസിന്റെ നേതൃത്വത്തില്‍ പരമാവധി ശ്രമം നടത്തി. എന്നാല്‍ ആ ശ്രമങ്ങളെല്ലാം വിഫലമായി. വ്യാഴാഴ്ച വൈകിട്ടോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. കലാരംഗത്ത് ഭര്‍ത്താവിനും മകള്‍ക്കും പ്രചോദനമാവുകയും സ്വന്തം കലാവാസന പരിപോഷിപ്പിക്കുവാനും കഠിനമായി യത്‌നിച്ച ആ പ്രതിഭയുടെ അവയവങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാല്‍ മരിച്ചുജീവിക്കുന്ന ആര്‍ക്കെങ്കിലും പ്രയോജനപ്പെടുത്താന്‍ കഴിയുമെങ്കില്‍ അതിനു തങ്ങള്‍ തയ്യാറാണെന്ന് അനില്‍കുമാറും ഭര്‍ത്താവും ചികിത്സിച്ച ഡോക്ടറെ അറിയിച്ചു.

മാത്രമല്ല, നേരത്തെ തന്നെ ആ കുടുംബത്തിന് അവയവദാനമെന്ന മഹത്തായ ആശയത്തിനോട് യോജിപ്പുമായിരുന്നു. കുടുംബാംഗങ്ങളുടെ ആഗ്രഹം ഡോ ഷാനവാസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ മുരളീധരനെ അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ കേരളാ നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഡൊണേഷന്‍ (മൃതസഞ്ജീവനി)യുടെ സംസ്ഥാന കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ വര്‍ഗീസ്, മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ അവയവദാനത്തിനുള്ള നടപടികള്‍ സ്വീകരിച്ചു. പ്രോജക്ട് മാനേജര്‍ ശരണ്യശശിധരന്‍ അവയവ വിന്യാസം ഏകോപിപ്പിച്ചു.
വൃക്കകളും നേത്രപടലവുമാണ് ദാനം ചെയ്തത്. കിംസ് ആശുപത്രിയില്‍ യൂറോളജി വിഭാഗത്തിലെ ഡോ രേണുവിന്റെ നേതൃത്വത്തിലാണ് ശ്രീകലയ്ക്ക് ശസ്ത്രക്രിയ നടത്തി വൃക്കകള്‍ പുറത്തെടുത്തത്.

ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തന്നെ രോഗിയ്ക്കാണ് വച്ചുപിടിപ്പിച്ചത്. യൂറോളജി വിഭാഗം മേധാവി ഡോ വാസുദേവന്‍ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കാര്‍ഡിയോതൊറാസിക് വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. ഒരു വൃക്ക കിംസ് ആശുപത്രിയിലെ തന്നെ ഒരു രോഗിയ്ക്കു നല്‍കി. ശസ്ത്ര നേത്രപടലങ്ങള്‍ ഗവ കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കുമാണ് നല്‍കിയത്. കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്ക് ആര്‍ എം ഒയും അഡീഷണല്‍ പ്രൊഫസറുമായ ഡോ ചിത്രാരാഘവന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

 

Test User: