X

വലതുനിരീക്ഷകനെന്ന വിശേഷണം ഇഷ്ടമായില്ല; ചര്‍ച്ചക്കില്ലെന്ന് ശ്രീജിത്ത് പണിക്കര്‍; നിഷ്പക്ഷനാക്കാനാവില്ലെന്ന് നിഷാദ് റാവുത്തര്‍

കോഴിക്കോട്: മീഡിയ വണ്‍ ചാനല്‍ തന്നെ വലത് നിരീക്ഷകന്‍ എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് മീഡിയ വണ്‍ ചാനലിലെ ചര്‍ച്ച ബഹിഷ്‌ക്കരിക്കുന്നുവെന്ന് ശ്രീജിത്ത് പണിക്കര്‍. ഇത്തരത്തില്‍ വിശേഷിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് വരില്ലെന്നും ശ്രീജിത്ത് പണിക്കര്‍ വീഡിയോ ലൈവില്‍ പറഞ്ഞു.

പ്രശാന്ത് ഭൂഷണുമായി ബന്ധപ്പെട്ട് 7.30 നായിരുന്നു മീഡിയവണ്ണില്‍ ചര്‍ച്ച. എന്നാല്‍ ചാനല്‍ തന്നെ വലത് നിരീക്ഷകന്‍ എന്ന് വിശേഷിപ്പിച്ചുവെന്നും അതിനാല്‍ ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയാണെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു. താന്‍ വലത്പക്ഷ നിരീക്ഷകന്‍ അല്ലെന്നും ഇത് അംഗീകരിക്കാനാവില്ല എന്നും ശ്രീജിത്ത് പറഞ്ഞു. തന്റെ പൊസിഷന്‍ ചാനല്‍ നിര്‍ണ്ണയിക്കുന്നത് ജനാധിപത്യപരമല്ലെന്നും നേരത്തെയും ഇത്തരത്തില്‍ മീഡിയ വണ്‍ ചാനലില്‍ സമാനമായ രീതിയില്‍ മുമ്പ് വലത് നിരീക്ഷകനായി അവതരിപ്പിച്ചിരുന്നെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.

എന്നാല്‍ ശ്രീജിത്തിനെ നിക്ഷ്പക്ഷനായി അവതരിപ്പിക്കാന്‍ ആവില്ലെന്ന് മീഡിയ വണ്‍ ചാനല്‍ നിലപാട് എടുക്കുകയായിരുന്നു. ഇത് ചാനലിന്റെ എഡിറ്റോറിയല്‍ പോളിസി ആണെന്ന് മീഡിയവണ്‍ അറിയിച്ചെന്നും ശ്രീജിത്ത് പണിക്കര്‍ ലൈവില്‍ പറഞ്ഞു. ചാനലും ചര്‍ച്ചയുടെ അവതാരകനായ നിഷാദ് റാവുത്തറും കാട്ടിയത് മര്യാദകേടാണെന്നും ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങിയ ചാനലുകളിലും പാര്‍ട്ടി ചാനലായ കൈരളിയില്‍ ജോണ്‍ബ്രിട്ടാസ് പോലും തന്നെ സാമൂഹ്യനിരീക്ഷകനായി അംഗീകരിക്കുന്നുണ്ടെന്നും അതിന് വിഭിന്നമായി മീഡിയവണ്‍ ചാനലിനും അവതാരകന്‍ നിഷാദിനും അത് അംഗീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും ശ്രീജിത്ത് പണിക്കര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി അവതാരകന്‍ നിഷാദ് റാവുത്തര്‍ രംഗത്തെത്തി. ശ്രീജിത്ത് പണിക്കരോട് നേരത്തെ തന്നെ മീഡിയവണ്‍ നിലപാട് വ്യക്തമാക്കിയതായിരുന്നെന്നും ശ്രീജിത്തിനെ പോലെ പ്രകടമായ സംഘപരിവാര്‍ നിലപാട് സ്വീകരിക്കുന്ന ആളെ നിക്ഷ്പക്ഷനായി കേരളം പോലെ ടെലിവിഷന്‍ സാക്ഷരരായ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നതിലും അപഹാസ്യമായ വേറെ ഒന്നുണ്ടാവില്ലെന്ന് നിഷാദ് റാവുത്തര്‍ പ്രതികരിച്ചു. ഡ്യൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിഷാദ് റാവുത്തരുടെ പ്രതികരണം.

ശ്രീജിത്ത് പണിക്കര്‍ക്ക് ഇതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. താന്‍ വലതുപക്ഷ നിരീക്ഷകന്‍ അല്ലെന്നായിരുന്നു ശ്രീജിത്തിന്റെ നിലപാട്. പക്ഷേ ശ്രീജിത്തിനെ പോലെ കൃത്യമായ വലത് നിലപാട് എടുക്കുന്ന വ്യക്തിയെ വലതുപക്ഷ നിരീക്ഷന്‍ എന്ന് തന്നെ കൊടുക്കാം എന്ന് മീഡിയ വണ്‍ എഡിറ്റോറിയല്‍ നിലപാട് എടുക്കുകയായിരുന്നെന്നും നിഷാദ് പറഞ്ഞു.

ശ്രീജിത്ത് മുമ്പ് വലതുപക്ഷത്തെ വിമര്‍ശിച്ചിട്ടുണ്ടാകാം. എന്നിരുന്നാലും ശ്രീജിത്ത് മുന്നോട്ട് വെക്കുന്നതു പ്രോ സംഘപരിവാര്‍ നിലപാട് തന്നെയാണെന്ന് ടി.വി കാണുന്നയാളുകള്‍ക്ക് അറിയാം. ശ്രീജിത്തിനെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നതിലോ ശ്രീജിത്തിന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലോ തങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷേ ശ്രീജിത്ത് പ്രതിധാനം ചെയ്യുന്നത് ഏത് വിങ്ങിനെ ആണ് എന്ന് കൃത്യമായി അവതരിപ്പിച്ച് കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുവെന്നും നിഷാദ് റാവൂത്തര്‍ വ്യക്തമാക്കി.

chandrika: