കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രതിക്കൂട്ടിലായതോടെ വരാപ്പുഴയില്‍ പാര്‍ട്ടി വിശദീകരണ യോഗം സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന വിശദീകരണ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. കോടിയേരിക്ക് പുറമെ ജില്ലാ സെക്രട്ടറി പി.രാജീവ്, എസ്.ശര്‍മ്മ എം.എല്‍.എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ കോടിയേരി തയ്യാറായില്ല. ശ്രീജിത്തിന്റെ വീടിന്റെ ഏതാനും കിലോ മീറ്റര്‍ മാത്രം അകലെയുള്ള ലുലു കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനത്തിന് വന്നിട്ടും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ പിണറായി തയ്യാറായിരുന്നില്ല. എറണാകുളത്ത് നിന്ന് വടക്കന്‍ പറവൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരാപ്പുഴ ഒഴിവാക്കി, വൈപ്പിന്‍ വഴി ചുറ്റിക്കറങ്ങിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറാവാത്തതിനെതിരെ ശ്രീജിത്തിന്റെ കുടുംബം രംഗത്ത് വന്നിരുന്നു.
കേസ് അട്ടിമറിക്കാന്‍ സി.പി.എം പ്രാദേശി നേതാക്കള്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യം കുടുംബം ഉന്നയിക്കുന്നുണ്ടെങ്കിലും ചെവിക്കൊള്ളാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പൊലീസ് പ്രതിസ്ഥാനത്തുള്ള കേസ് പൊലീസുകാര്‍ തന്നെ അന്വേഷിക്കുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്നാണ് ശ്രീജിത്തിന്റെ ബന്ധുക്കള്‍ പറയുന്നത്. കേസ് സി.ബിഐക്ക് വിടില്ലെന്ന സര്‍ക്കാറിന്റെ വാശിക്ക് പിന്നില്‍ പ്രതികളെ സംരക്ഷിക്കാനുള്ള സി.പി.എം നീക്കമാണെന്നും ആരോപണമുണ്ട്.