ശ്രീജിത് ദിവാകരന്‍
വിദ്യഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഐറ്റമാണ്. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ ചുമതലയുള്ളത്. അതില്‍ സാങ്കേതികത്വം മാത്രമേയുള്ളൂ. പൊതുവിദ്യാഭ്യാസത്തിന് ഒരു കേന്ദ്രബജറ്റില്‍ നീക്കിവയ്ക്കുന്ന നക്കാപിച്ചയില്‍ ശമ്പളമൊക്കെ കഴിഞ്ഞ് ബാക്കിയുള്ളത് വച്ച് പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങും. പ്രധാനമന്ത്രിയുടെ മണ്ഡലങ്ങളില്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഭരണം പിടിക്കാനുദ്ദേശിക്കുന്ന സംസ്ഥാനങ്ങളില്‍… അങ്ങനെ വീതം വച്ചു കഴിയുമ്പോള്‍ ബാക്കിയുള്ളത് എപ്പോഴും പുതിയ പദ്ധതികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെയും നിരന്തരം അപേക്ഷകള്‍ നല്‍കുന്ന എം.പിമാരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.
അഥവാ ഒരു സംസ്ഥാനത്തിന്റെ പൊതുവിദ്യഭ്യാസ പരിപാടിയുടെ നടത്തിപ്പില്‍ നേരിട്ടൊരു പങ്കും കേന്ദ്രസര്‍ക്കാരിനില്ല. അല്ലെങ്കില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയെല്ലാം പൊതുവിദ്യാഭ്യാസ നിലവാരം, അധ്യാപകരുടെ നിയമനം, ശമ്പളം, വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഏകദേശമെങ്കിലും ഒരുപോലെയായേനേ. അതല്ല നിലവിലുള്ള സ്ഥിതി.
കേരളം വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രപൊതുശരാശരിയേക്കാള്‍ ഒട്ടേറെ മുകളിലായതിന് അധ്യാപകരും വിദ്യാര്‍ത്ഥികളും നയിച്ച പ്രക്ഷോഭങ്ങള്‍ മുതല്‍ 19-ാം നൂറ്റാണ്ടില്‍ ആരംഭിച്ച മിഷനറി വിദ്യാഭ്യാസം മുതല്‍ തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങിയ ദുരാചാരങ്ങളെ ചോദ്യം ചെയ്യാന്‍ പോലും സാമൂഹ്യപരിഷകര്‍ത്താക്കള്‍ ഉപകരണമായി ഉപയോഗിച്ചത് വിദ്യാഭ്യാസവും വിദ്യാലയങ്ങളുമാണ് എന്നത് മുതല്‍ ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. അഥവാ ദുരാചാരങ്ങളോടും പട്ടിണിയോടും വ്യവസ്ഥയോടും പൊരുതാനുളള മാര്‍ഗ്ഗമായി പൊതുവിദ്യാഭ്യാസത്തെ കണ്ട ഒരു ജനതയുടെ ചരിത്രത്തിന്റെ മുകളിലാണ് ഇന്ന് അമിത് ഷാ, ആദിത്യനാഥ് തുടങ്ങിയ ദുരന്തങ്ങള്‍ കേരളത്തില്‍ വന്ന് വിഷം ചീറ്റുമ്പോള്‍ കടക്ക് കോപ്പുകളെ പുറത്ത് എന്ന് പറയാനീ നാടിന് ആര്‍ജ്ജവുമുണ്ടാകുന്നത്.
ആ നാട്ടിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ദീനദയാലുപാധ്യായ ശതാബ്ദി ആഘോഷിക്കണമെന്നാവശ്യപ്പെട്ട് തിട്ടൂരമയയ്ക്കുമ്പോള്‍ ‘ഓമ്പ്രാ’ എന്ന് തലേക്കെട്ടഴിച്ച് അരക്കെട്ട് വളച്ച് നില്‍ക്കുന്ന വിദ്യാഭ്യാസ വകുപ്പുണ്ടെങ്കില്‍ ആ മന്ത്രിയെ കാര്യസ്ഥ പണിക്കാണ് വിടേണ്ടത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമാഘോഷിക്കണമെന്നാരെങ്കിലും പറയുമ്പോ ‘അതാരാ’ എന്ന് തിരിച്ചു ചോദിക്കാനുള്ള കെല്പ് ഇല്ലെങ്കില്‍ ഇടത് പക്ഷ രാഷ്ട്രീയ ബോധമല്ല, മറ്റെന്തോ ആണ് നിങ്ങളെ നയിക്കുന്നത്.