X

ശ്രീജേഷിന് നാളെ ലാസ്റ്റ് മാച്ച്

പാരീസ്: രാജ്യാന്തര ഹോക്കിയിൽ പി.ആർ ശ്രീജേഷ് എന്ന ഇതിഹാസത്തെ നാളെ കൂടിയേ കാണാനാവു.. ഒളിംപിക്സോടെ രാജ്യാന്തര ഹോക്കി വിടുമെന്ന് പറഞ്ഞ വൻമതിലിന് മെഡലോടെ യാത്രയയപ്പ് നൽകാൻ ഹർമൻപ്രീതും സംഘവും നാളെയിറങ്ങുന്നു. വെങ്കലമെഡൽ അങ്കത്തിലെ പ്രതിയോഗികൾ സ്പെയിൻ. പോരാട്ടം ഇവിടെ രണ്ട് മണിക്ക്-നാട്ടിൽ വൈകീട്ട് അഞ്ചര. പാരിസിലെത്തിയ ശേഷം ഗംഭീരമായിരുന്നു ഇന്ത്യൻ സംഘം.

കളിച്ച ഏഴ് മൽസരങ്ങളിൽ രണ്ട് തോൽവി മാത്രം. പ്രാഥമിക റൗണ്ടിൽ ബെൽജിയത്തോട് പരാജയപ്പെട്ട ടീം സെമിയിൽ ജർമനിയോടും തോറ്റിരുന്നു. ഓസ്ട്രേലിയ ഉൾപ്പെടെ കരുത്തരെ മറികടക്കുകയും ചെയ്തിരുന്നു. എല്ലാ മൽസരങ്ങളിലും ഇന്ത്യൻ വല കാത്തത് ശ്രീജേഷായിരുന്നു. നിരവധി കിടിലൻ സേവുകളുമായി അദ്ദേഹം ബാറിന് കീഴിൽ വൻമതിലായി.

ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെതിരെ പെനാൽട്ടി സ്ട്രോക്ക് വിധിയെഴുതിയപ്പോൾ മിന്നും സേവുമായി അദ്ദേഹം അരങ്ങ് തകർത്തു. ജർമനിക്കെതിരെയും പതിവ് മികവ്. അവസാനത്തിലെ ഗോളിലാണ് ലോക ചാമ്പ്യന്മാർ രക്ഷപ്പെട്ടത്. ഇന്ന് ശ്രീജേഷിന് മെഡലും യാത്രയയപ്പും സാധ്യമാവണമെങ്കിൽ സ്പെയിനിനെ വീഴ്ത്തണം. ബെൽജിയത്തെ വീഴ്ത്തിയാണ് സ്പെയിൻ സെമിയിലെത്തിയത്. അവിടെ പക്ഷേ നെതർലൻഡ്സിനോട് നാല് ഗോൾ വാങ്ങി തോൽക്കുകയായിരുന്നു.

webdesk13: