X

ശ്രീജേഷ് കൈവിരിച്ചു; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ- പാക് ഫൈനല്‍

ക്വന്റന്‍ (മലേഷ്യ): ഷൂട്ടൗട്ടില്‍ നിര്‍ണായക കിക്ക് തടഞ്ഞ് മലയാളി കീപ്പര്‍ പി.ആര്‍ ശ്രീജേഷ് വീണ്ടും ഇന്ത്യയുടെ രക്ഷകന്‍. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ദക്ഷിണ കൊറിയയെ മറികടന്ന ഇന്ത്യക്ക് ഇന്ന് പാകിസ്താനുമായി സ്വപ്‌ന ഫൈനല്‍. ക്യാപ്റ്റന്റെ വേഷത്തില്‍ മുന്നില്‍ നിന്നു നയിച്ച ശ്രീജേഷ് സെമി ഫൈനലില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയമൊരുക്കുകയായിരുന്നു. മേഖലയിലെ പുത്തന്‍ കരുത്തായ കൊറിയക്കെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4നായിരുന്നു വിജയം. നിശ്ചിത സമയത്ത് 2-2 ആയിരുന്നു സ്‌കോര്‍. മറ്റൊരു പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആതിഥേയരായ മലേഷ്യയെ പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ ഫൈനലിലേക്ക് മുന്നേറിയത്. നിശ്ചിത സമയം 1-1 സ്‌കോറിന് തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. പാകിസ്താന്‍ 2-3ന് ജയിച്ചു കയറുകയും ചെയ്തു. റൗണ്ട് റോബിന്‍ ലീഗ് ഘട്ടത്തില്‍ പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

ലീ ദേ യോള്‍ എടുത്ത കിക്ക് തടഞ്ഞാണ് ശ്രീജേഷ് ഇന്ത്യക്ക് ഫൈനല്‍ പ്രവേശം ഒരുക്കിയത്. മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഫൈനല്‍ കളിക്കുന്നത്. 2011ലെ പ്രഥമ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ ഇന്ത്യ 2012ല്‍ പാകിസ്താനോടു തോറ്റ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
മേഖലയില്‍ റാങ്കിങില്‍ മുന്നിലുള്ള ഇന്ത്യ കൊറിയന്‍ എതിരാളികള്‍ക്കെതിരെ കഠിന വെല്ലുവിളിയാണ് നേരിട്ടത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് സമനില നേടിയ കൊറിയക്കാര്‍ പിന്നീട് ലീഡും നേടി. എന്നാല്‍, സമനില പിടിച്ചുവാങ്ങിയ ഇന്ത്യ ഷൂട്ടൗട്ടിന് കളമൊരുക്കി.

ഫീല്‍ഡ് ഗോളിലൂടെ പതിനഞ്ചാം മിനുട്ടില്‍ തല്‍വീന്ദര്‍ സിങാണ് ഇന്ത്യയെ മുന്നില്‍ കടത്തിയത്. ഓപണ്‍ പ്ലേയിലൂടെ സ്യൂ ഇന്‍ വൂ 21-ാം മിനുട്ടില്‍ കൊറിയക്കാര്‍ക്ക് സമനില നല്‍കി. 53-ാം മിനുട്ടില്‍ യാങ് ജി ഹൂനിലൂടെ കൊറിയമുന്നില്‍ കടന്നതോടെ ഇന്ത്യ ഞെട്ടി. എന്നാല്‍, പെനാല്‍ട്ടി വിദഗ്ധനായ രൂപീന്ദര്‍ പാല്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷക്കെത്തി.

ഷൂട്ടൗട്ടില്‍ കൊറിയക്കു വേണ്ടി നാലാം കിക്കെടുത്ത ബേ ജോങ് സുകിന്റെ കിക്ക് ശ്രീജേഷ് തഞ്ഞിട്ടിരുന്നു. എന്നാല്‍, കൊറിയക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീഡിയോ പരിശോധിച്ച റഫറി സ്റ്റിക് ചെക്കിന് പകരം മറ്റൊരു കിക്ക് നല്‍കാന്‍ തീരുമാനിച്ചു. നിയമവിരുദ്ധമായി സ്റ്റിക് പിടിക്കുന്നതിനാണ് സ്റ്റിക് ചെക് എന്നു പറയുന്നത്. പകരം കിക്കെടുത്ത യാങ് ജി ഹൂന്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.
അതോടെ, അവസാന കിക്ക് നിര്‍ണായകമായി. രാജ്യം ഉറ്റുനോക്കിയ നിമിഷം അവസരത്തിനൊത്തുയര്‍ന്ന ശ്രീജേഷ് ലീക്ക് ഗോള്‍ നിഷേധിച്ച്് വീണ്ടും ഇന്ത്യയുടെ ഹീറോ ആയി.

Web Desk: