നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചതോടെ അന്ധേരിയിലെ വസതിയിലേക്ക് ആരാധകപ്രവാഹം. ഇന്നലെ രാത്രി 9.30 ഓടെ കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേകവിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബായില്‍നിന്ന് മൃതദേഹമെത്തിക്കുന്നതായി അറിഞ്ഞതോടെ ആയിരങ്ങളാണ് ലോഖണ്ഡ്‌വാലയിലെ വീട്ടിലേക്ക് എത്തിയത്. പ്രിയനായികയെ ഒരുനോക്കു കാണുന്നതിനായിരുന്നു ഇത്. എന്നാല്‍ ഇന്നലെ ആരെയും ശ്രീദേവിയുടെ മൃതദേഹം കാണാന്‍ അനുവദിച്ചില്ല.
ഇന്നു രാവിലെ 9.30 മുതല്‍ 12.30 വരെ ലോഖണ്ഡ്‌വാല ഗ്രീന്‍ ഏക്കേഴ്‌സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ് അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ഇവിടെ അനുശോചന സമ്മേളനവും നടത്തും. രണ്ടോടെ വിലാപയാത്ര ആരംഭിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് 3.30നു ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും.
ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം എത്തിക്കുന്നതു പ്രമാണിച്ച് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദുബായിലുണ്ടായിരുന്ന ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരുള്‍പ്പെടെ പത്തുപേര്‍ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു.