തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവായി എത്തുന്നത് വിവാദ വയര്‍ലെസ് ആക്രോശത്തിന്റെ ഉടമയും മുന്‍ സംസ്ഥാന പോലീസ് നേതാവുമായ രമണ്‍ ശ്രീവാസ്തവയാണ്. സുപ്രധാന വിഷയങ്ങളില്‍ പോലും സംസ്ഥാന പോലീസിന്റെ നടപടികള്‍ വിവാദമായതിനെ തുടര്‍ന്നാണ് രമണ്‍ ശ്രീവാസ്തവയെ പോലീസിന്റെ ഉപദേഷ്ടാവായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ കാല്‍ നൂറ്റാണ്ട് മുമ്പ് പോലീസ് വെടിയേറ്റു മരിച്ച സിറാജുന്നീസയെ ഓര്‍ക്കേണ്ടി വരികയാണ്. അന്ന് സിറാജുന്നീസയുടെ മരണത്തിന് കാരണമായത് ശ്രീവാസ്തവയുടെ വിവാദമായ വയര്‍ലെസ് ആക്രോശമായിരുന്നു.
1991 ഡിസംബര്‍ 15-നായിരുന്നു സിറാജുന്നീസ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. പാലക്കാടിന്റെ ചുമതലയുള്ള ഐ.ജിയായിരുന്നു ശ്രീവാസ്തവ അന്ന്. മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകതായാത്രയെ അനുകൂലിച്ച് കേരളത്തില്‍ സംഘ്പരിവാര്‍ നടത്തിയ ഉപയാത്രയാണ് പാലക്കാട് വെടിവെപ്പിലേക്കെത്തിച്ചത്. ഡിസംബര്‍ 13ന് നടത്തിയ യാത്രയില്‍ ചെറിയ സംഘര്‍ഷമുണ്ടായി. ഡിസംബര്‍ 15ന് സ്ഥലത്തെത്തിയ അന്നത്തെ ഷൊര്‍ണ്ണൂര്‍ എ.എസ്.പി സന്ധ്യ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥലത്തേക്ക് എത്തുന്നതിന് മുമ്പുതന്നെ ആളുകള്‍ പിരിഞ്ഞുപോന്നിരുന്നുവെങ്കിലും രമണ്‍ ശ്രീവാസ്തവ വെടിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. ആ വയര്‍ലെസ് സന്ദേശം ഇങ്ങനെയായിരുന്നു-‘ഐ വാണ്ട് ടു സീ മുസ്‌ലിം ഡെഡ് ബോഡീസ്’. കളക്ടറുടെ ചേംബറില്‍ നിന്ന് ആ സന്ദേശം ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു. അന്ന് മന്ത്രിയായിരുന്ന ടി.എം ജേക്കബ്ബും വയര്‍ലെസ് സന്ദേശം കേട്ടിരുന്നതായി പുറത്തുവന്നിരുന്നു.
സ്ഥലത്ത് ആളുകളില്ലെന്ന് അറിയിച്ചെങ്കിലും വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളെ വെടിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ശ്രീവാസ്തവയെന്നാണ് പുറത്തുവന്നിരുന്നത്. വെടിയേറ്റ സിറാജുന്നീസ മരിച്ചുവീണു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച വീട്ടുകാര്‍ക്കും പോലീസിന്റെ മര്‍ദ്ദനമേറ്റു. പിന്നീട് സ്ഥലത്തെത്തിയ തീവ്രവാദിയാക്കി സിറാജുന്നീസക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസുമായി സുപ്രീംകോടതി വരെ കൊളക്കാടന്‍ മൂസഹാജി പോയെങ്കിലും കാര്യമുണ്ടായില്ല. കേസില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല.
കരുണാകരന്റെ പിന്‍ബലത്തോടെയാണ് ശ്രീവാസ്തവ രക്ഷപ്പെട്ടതെന്നും ആരോപണമുണ്ടായിരുന്നു. അന്ന് പ്രതിപക്ഷത്തിരുന്ന ഇടതുമുന്നണി ശ്രീവാസ്തക്കെതിരേയും കരുണാകരനെതിരേയും ആഞ്ഞടിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം രമണ്‍ ശ്രീവാസ്തവ തന്നെയാണ് ഇടതുസര്‍ക്കാരിന്റെ പോലീസ് ഉപദേഷ്ടാവായി എത്തുന്നതെന്നതാണ് ഞെട്ടിപ്പിക്കുന്നത്.