സരയാവോ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ അരങ്ങേറിയ ഏറ്റവും വലിയ കൂട്ടക്കുരുതിയെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച സ്രെബ്രനിക്ക വംശഹത്യക്ക് 27 ആണ്ട്. തിരിച്ചറിഞ്ഞ 50 പേരുടെ ശരീരാവശിഷ്ടങ്ങള്‍ കൂടി ദുരന്തത്തിന്റെ ഓര്‍മ ദിനത്തില്‍ ഖബറടക്കി. ബോസ്‌നിയ ഹെര്‍സെഗോവിനയില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ആയിരങ്ങള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. മുസ്‌ലിമാണെന്ന ഏക കാരണത്താല്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് പുരുഷന്മാരുടെയും കുട്ടികളുടെയും ഓര്‍മകള്‍ക്കുമുന്നില്‍ ലോകം ഒരിക്കല്‍ കൂടി കണ്ണീര്‍ വാര്‍ത്തു.
ബോസ്‌നിയന്‍ യുദ്ധകാലത്ത് ബോസ്‌നിയന്‍ സെര്‍ബ് സേന മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം ചരിത്രത്തെ രക്തത്തിലാഴ്ത്തിയ നരമേധമാണ്. യു.എന്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന സ്രെബ്രനിക്ക നഗരം 1995 ജൂലൈ 11ന് ജനറല്‍ റെഡ്‌കോ മ്ലാഡിചിന്റെ നേതൃത്വത്തിലുള്ള സെര്‍ബ് സേന ചോരക്കളമാക്കുകയായിരുന്നു. കൊല്ലപ്പെട്ട മുസ്‌ലിംകളുടെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കൂട്ടക്കുഴിമാടങ്ങളില്‍ തള്ളി. മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് ബന്ധുക്കളുടെ ഡി.എന്‍.എയുമായി തട്ടിച്ചുനോക്കിയാണ് പില്‍ക്കാലത്ത് ഇരകളെ തിരിച്ചറിഞ്ഞത്. ഓരോ വര്‍ഷവും തിരിച്ചറിയപ്പെടുന്ന മൃതദേഹങ്ങള്‍ ദുരന്തത്തിന്റെ വാര്‍ഷിക ദിനമായ ജൂലൈ 11ന് പോടോകാരിയിലെ ശ്മശാനത്തില്‍ ഖബറടക്കിപ്പോരുകയാണ്. 6600 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.