ഗസ്സ: ഇസ്രാഈല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ആയിരത്തിലേറെ ഫലസ്തീനികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം വിദഗ്ധ ചികിത്സ കിട്ടാതെ അഞ്ച് നവജാത ശിശുക്കള്‍ മരിച്ചതായി ഫലസ്തീന്‍ സംഘടനകളുടെ കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ അഹ്മദ് അല്‍ കുര്‍ദ് പറയുന്നു. 12 വര്‍ഷമായി ഇസ്രാഈലിന്റെ ഉപരോധത്തില്‍ ഗസ്സ വീര്‍പ്പുമുട്ടുകയാണ്.
ഇക്കാലയലളവില്‍ ചികിത്സ കിട്ടാതെയും മറ്റും ആയിരത്തിലേറെ പേര്‍ മരിച്ചിട്ടുണ്ട്. ഉപരോധത്തെ തുടര്‍ന്നുള്ള കുടിവെള്ള, വൈദ്യുതി ക്ഷാമം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുപോലും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. വൈദ്യുതി ലഭ്യതയിലെ പ്രശ്‌നങ്ങള്‍ കാരണം മാത്രം നൂറോളം പേര്‍ മരിച്ചു.
വൈദ്യുതിക്ക് പകരം മെഴുകുതിരിയും വിറകും ജനറേറ്ററുകളും ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് തീപിടിച്ചു. കൃഷിസ്ഥലത്തും മത്സ്യബന്ധനത്തിനിടെയും ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ന്നും 350ഓളം പേര്‍ മരിച്ചു. കഴി്യൂഞ്ഞ ദിവസം ഇസ്രാഈല്‍ സേന മത്സ്യബന്ധന ബോട്ടിനുനേരെ വെടിവെച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗസ്സ തുറമുഖത്തേക്ക് മടങ്ങുമ്പോഴാണ് ബോട്ടിനുനേരെ വെടിവെപ്പുണ്ടായത്.
ഇസ്മാഈല്‍ അബൂ റിയാല എന്ന പതിനെട്ടുകാരനാണ് മരിച്ചതെന്ന് ഫലസ്തീന്‍ വക്താവ് നിസാര്‍ അയ്യാഷ് പറഞ്ഞു. ഫലസ്തീന്‍ മത്സ്യബന്ധന ജീവനക്കാര്‍ക്കുനേരെ ഇസ്രാഈല്‍ ആക്രമണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണന്ന് ഫലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
ഓസ്ലോ കരാര്‍ പ്രകാരം ഗസ്സയുടെ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ വരെ മത്സബന്ധനം നടത്താന്‍ ഫലസ്തീനികള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ ഇസ്രാഈല്‍ ഇത് ആറ് നോട്ടിക്കല്‍ മൈല്‍ ചുരുക്കിയിരിക്കുകയാണ്.
അതിനകത്ത് മത്സ്യബന്ധനം നടത്തിയാല്‍ പോലും ഇസ്രാഈല്‍ സൈനികര്‍ വെടിവെക്കുകയാണെന്ന് ഹമാസ് ആരോപിച്ചു.