ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ആര്‍സെനലിനെ ഏകപക്ഷിമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍. വിജയത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യത സജീവമാക്കാനും സ്‌പേര്‍സിനായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇംഗ്ലീഷ് താരം ഹാരി കെയ്‌നാണ് സ്‌പേര്‍സിനായി ലക്ഷ്യം കണ്ടത്. ബോക്‌സിനു പുറത്തു നിന്ന് പ്രതിരോധ താരം ബെന്‍ ഡേവിസ് നല്‍കിയ ക്രോസിന് തലവെച്ചാണ് കെയ്ന്‍ പീറ്റര്‍ ചെക്കിന്റെ വല കുലുക്കിയത്.
ലിവര്‍പൂളിനെതിരെ അവസാനം നിമിഷം സമനില നേടിയ ടോട്ടന്‍ഹാം വെംബ്ലിയിലും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്ത്. ഹാരി കെയ്‌നിന്റെ പലമുന്നേറ്റങ്ങളും ആര്‍സെനല്‍ ഗോളി പീറ്റര്‍ ചെക്കിന്റെ മുന്നില്‍ ്അവസാനിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ വാരം എവര്‍ട്ടണിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച ഗണ്ണേഴ്‌സിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. പരുക്കു കാരണം മിഡ്ഫീല്‍ഡര്‍ ആരോണ്‍ റാംസി കളിക്കാത്തതും ഗണ്ണേഴ്‌സിന് തിരിച്ചടിയായി. ഓംബുയാങ്- മിക്കിതാരിയന്‍-ഓസില്‍ സംഖ്യത്തെ മുന്നില്‍ പരീക്ഷിച്ച പരിശീലകന്‍ വെങറുടെ പ്രതീക്ഷക്കൊത്തുയരാന്‍ ഇവര്‍ക്കായില്ല. കളി തീരാന്‍ മിനുറ്റുകള്‍ ശേഷിക്കെ പകരക്കാരനായി ഇറങ്ങിയ ഫ്രഞ്ച് താരം ലക്കസെറ്റ മികച്ചൊരു അവസരം പുറത്തേക്ക് അടിച്ചതും ടീമിന് വിനയായി.
27 മത്സരങ്ങളില്‍ നിന്നായി 52 പോയന്റുള്ള ടോട്ടന്‍ഹാം പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം ഇത്രയും തന്നെ മത്സരങ്ങളില്‍നിന്നായി 45 പോയന്റുള്ള ആര്‍സെനല്‍ ആറാം സ്ഥാനത്താണ്. ലീഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കുക.