X

തലപ്പാവ് സ്റ്റേഡിയത്തില്‍ വിരിഞ്ഞ വസന്തം

അശ്‌റഫ് തൂണേരി

കടും ചുവപ്പില്‍ നടുവിലൊരു തിളങ്ങുന്ന പച്ച നക്ഷത്രം. ഖത്തറില്‍ പാറിത്തുടങ്ങിയ ആ വിജയപതാക ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളേയും അറബ് ലോകത്തേയും മാനംമുട്ടേ ആഹ്ലാദ പുളകിതരാക്കി. ഫിഫ ലോകകപ്പിലെ പുതുചരിത്രമെഴുതിയ രാത്രിയാണ് 2022 ഡിസംബര്‍ 10ന് കടന്നുപോയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുഖം മറച്ച്, തലതാഴ്ത്തി, നിറകണ്ണുകളോടെ ദോഹയിലെ തുമാമ സ്റ്റേഡിയത്തിലെ മൈതാനം വിട്ടിറങ്ങുന്ന കാഴ്ച ഏറെ ദു:ഖകരമായിരുന്നു. പക്ഷേ മറുവശത്ത് ആഹ്ലാദത്തിന്റെ നെറുകെയില്‍ തലയുയര്‍ത്തിയൊരാള്‍ തലപ്പാവ് സ്റ്റേഡിയം വലംവെക്കുന്നുണ്ടായിരുന്നു. യൂസുഫ് അല്‍നസീരി. മൊറോക്കോയുടെ പത്തൊമ്പതാം നമ്പര്‍ താരം. തന്റെ തലയാണല്ലോ ഗോള്‍മുഖത്തേക്ക് പന്തെറിഞ്ഞതെന്ന് സ്‌പെയിനില്‍ ക്ലബ്ബ് ഫുട്‌ബോളുകളുടെ ആവേശമായി മാറിയ ഈ ഇരുപത്തിയഞ്ചുകാരന്‍ അഭിമാനംകൊണ്ടു. അപ്പുറത്തപ്പോഴും അഞ്ചാം ലോകകപ്പിലും ലക്ഷ്യം കാണാത്ത തന്റെ തലവിധിയോര്‍ത്ത് ക്രിസ്റ്റ്യാനോയും.

ഖത്തറിലെ ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷനില്‍ യൂസുഫിന്റെ ഗോളും യാസീന്‍ ബോനോയുടെ ഗോള്‍വലയും അവസാന നാലില്‍ ഇടം നേടി ആഫ്രിക്കന്‍ ചരിത്രമായ മൊറോക്കോ മാന്ത്രികതയെ മാധ്യമങ്ങളൊന്നടങ്കം നമിക്കുന്നു. ആഫ്രിക്കയും അറബ് ലോകവും അറ്റ്‌ലസ് സിംഹക്കുട്ടികളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുന്നു. കാനഡയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനല്‍ വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട് ഇങ്ങിനായായിരുന്നു; മൊറോക്കന്‍ മാന്ത്രികത, മേഘങ്ങളെ ചുംബിച്ച ഗോള്‍… ഇത്തരം പലതരം ഹെഡ്‌ലൈനുകളിലും വിശേഷണങ്ങളിലും മൊറോക്കോ ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ദോഹയിലേയും കാസാബ്ലാങ്കയിലേയും തെരുവ് ഉറങ്ങിയില്ല. മൊറോക്കന്‍ കളിക്കാരില്‍ ഭൂരിഭാഗവുമെത്തിയത് കാസാബ്ലാങ്കയില്‍ നിന്നാണ്.

കാറുകള്‍ തെരുവില്‍ നിറഞ്ഞു. നൃത്തം ചെയ്തും പാട്ടുപാടിയും രംഗം കൊഴുത്തു. വീടുകളില്‍നിന്ന് പതാക വീശി ആഹ്ലാദമന്ത്രം ഉരുവിട്ടു. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്കെതിരെ വിജയിച്ചത് ഇപ്പോഴും കാസാബ്ലാങ്കയില്‍ നിന്നുള്ളവര്‍ക്ക് അവിശ്വസനീമായി തോന്നുന്നുവെന്നാണ് അല്‍ജസീറയുടെ പ്രതിനിധി നിക്കോളാസ് ഹക്ക് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം പങ്കാളികളാവുന്ന ആഘോഷമാണ് മൊറൊക്കോയില്‍ നടക്കുന്നത്. ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞ് രാജാവ് മുഹമ്മദ് ആറാമന്‍ ആഘോഷത്തില്‍ പങ്കെടുത്തതും നിക്കോളാസ് എടുത്തുകാട്ടി.

അബിജാന്‍ മുതല്‍ റിയാദ് വരെ

ഖത്തറില്‍ ലോകകപ്പെത്തിയപ്പോള്‍ അത് അറബ് ലോകത്തെ ആദ്യ ലോകകപ്പായി ചരിത്രം കുറിച്ചിരുന്നു. ഇപ്പോഴാകട്ടെ ആഫ്രിക്കയില്‍ നിന്നുള്ള ഒരു രാജ്യം ആദ്യമായി സെമിഫൈനലില്‍ പ്രവേശിച്ച് മറ്റൊരു ചരിത്രം കൂടി ചേര്‍ക്കുന്നു. ഒരു അറബ് അല്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യം അവസാന നാലില്‍ എത്തുക എന്നത് 92 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തേത്. ഐവറികോസ്റ്റിലെ അബിജാന്‍ മുതല്‍ സഊദി അറേബ്യയിലെ റിയാദ് വരെ ആഫ്രിക്കയും അറബ് ലോകവും ഈ ചരിത്രവിജയം കൊണ്ടാടിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ യൂണിയന്‍ പ്രസിഡന്റ് മാക്കിസാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങിനെ; ‘ചരിത്രം. അതിശയകരം. ബ്രാവോ മൊറോക്കോ, അറ്റ്‌ലസ് സിംഹങ്ങള്‍ ലോകകപ്പിന്റെ സെമിഫൈനലിലെത്തിയിരിക്കുന്നു.’ ലിബിയ, ഇറാഖ്, ഫലസ്തീന്‍, ബഹ്‌റൈന്‍, യു.എ.ഇ രാഷ്ട്ര നേതാക്കളും മൊറോക്കോയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. ‘വെല്‍ഡണ്‍ മൊറോക്കോ. കരുത്തുകാട്ടി..’ എന്നായിരുന്നു ഐവറികോസ്റ്റിലെ പ്രശസ്ത സോക്കര്‍ താരമായ ദിദിയര്‍ ദ്രോഗ്ബായുടെ പ്രതികരണം. കാമറൂണിലും ലിബിയയിലുമെല്ലാം വിജയഭേരി സജീവമായി.

ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ആഹ്ലാദത്തിമര്‍പ്പിലായി. അതിനിടെ മൊറോക്കോയുടെ വിവിധ പ്രദേശങ്ങളിലേക്ക് ആഘോഷത്തിനായി അറബ് ലോകത്ത് നിന്നും ആളുകള്‍ പോകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞദിവസം കുടുംബങ്ങള്‍ സഊദി അറേബ്യയില്‍നിന്നും ഖത്തറില്‍നിന്നും മൊറോക്കോയിലെത്താനും മൊറോക്കക്കാര്‍ക്കിടയില്‍നിന്ന് തന്നെ ഈ സന്തോഷ നിമിഷം അനുഭവിക്കാനും തീരുമാനിച്ചത് തന്നോട് പറഞ്ഞുവെന്ന് മൊറോക്കോ വേള്‍ഡ് ന്യൂസ് പ്രതിനിധി വെളിപ്പെടുത്തി. തങ്ങളിപ്പോഴും സ്വപ്‌നം കാണുന്നുവെന്നും ലോകകപ്പ് നേടുന്നതിന് രണ്ട് വിജയങ്ങള്‍ മാത്രം അകലെയാണെന്നും അദ്ദേഹം ആവേശഭരിതനായി. അറബ് ലോകത്തിന്റെ പ്രതീകാത്മക വിജയം എന്ന നിലയില്‍ ഇതിനെ കാണുന്നവരുമുണ്ട്. സൂഖ് വാഖിഫില്‍നിന്ന് അല്‍ജസീറയുമായി സംസാരിക്കവെ ബഹ്‌റൈന്‍ പൗരനായ ഹുസൈന്‍ പറഞ്ഞത് ഈ ഫലത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നാണ്. ഒരു അറബി രാജ്യത്ത് ലോകകപ്പ് നടന്നപ്പോള്‍ ഒരു അറബിക് ടീം സെമിഫൈനലില്‍ എത്തുന്നു. വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാഖിലെ ബഗ്ദാദില്‍ ആഘോഷത്തില്‍ പങ്കെടുത്തവര്‍ ഇത് തങ്ങളുടെ വിജയമാണെന്നായിരുന്നു പ്രഖ്യാപിച്ചത്. മത്സരം ഇറാഖ് വിജയിച്ചതുപോലെയാണെന്ന അഭിപ്രായമാണവര്‍ക്ക്.

ഗസ്സ മുനമ്പിലെ ആഘോഷം,
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം

ഫലസ്തീനിലെ ഗസ്സ മുനമ്പിലും മൊറോക്കന്‍ വിജയം വന്‍ ആഘോഷമായി മാറി. തീരദേശത്തുള്ള ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഹാളില്‍ ആയിരക്കണക്കിന് ആളുകളാണ് ഒത്തുചേര്‍ന്ന് മൊറോക്കോയ്ക്ക് അഭിവാദ്യം നേര്‍ന്നത്. എല്ലാ അറബ് രാഷ്ട്രങ്ങളുടെയും വിജയമെന്നായിരുന്നു തടിച്ചുകൂടിയവര്‍ വിളിച്ചുപറഞ്ഞത്. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചും കൈകൊട്ടിപ്പാടിയും ഡ്രം അടിച്ചുമാണ് ഗസ്സയിലും പരിസരത്തും ആഘോഷം സജീവമായത്.

സ്‌പെയിനുമായി നേടിയ വിജയത്തിന് ശേഷം ഖത്തറിലെ മൈതാനത്ത് ഫലസ്തീന്‍ പതാകയുമായി മൊറോക്കന്‍ ടീമംഗങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. മാത്രമല്ല വിജയാരവങ്ങളില്‍ ഏറ്റവും മുഴങ്ങിക്കേട്ട പാട്ട് മുഴുവന്‍ ഫലസ്തീന്‍ പോരാട്ടത്തിന് ഒപ്പം ചേരുന്നതുമായി. മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ അബ്ദുല്‍ഹാമിദ് സാബിരി ‘ശബ്ദമില്ലാത്ത ആളുകള്‍ക്ക്’ എന്ന അടിക്കുറിപ്പോടെ ഫലസ്തീന്‍ പതാകയ്ക്ക് പിന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന ചിത്രവുമായി ഇന്‍സ്റ്റാഗ്രാമില്‍ വരികള്‍ പോസ്റ്റ് ചെയ്തു. ഇസ്രാഈലുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേയുള്ള പ്രതീകാത്മക സമരം കൂടിയായി ഇതിനെ കാണുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്.

സാധാരണ മൊറോക്കക്കാര്‍ക്കിടയില്‍ ജനപ്രീതിയില്ലാത്ത തീരുമാനമാണ് സര്‍ക്കാര്‍ എടുക്കുന്നതെന്ന അഭിപ്രായം ശക്തമാണ്. മേഖലയിലെ മറ്റ് ചില രാജ്യങ്ങള്‍ എടുത്ത തീരുമാനത്തിനെതിരെ ഇപ്പോഴും കടുത്ത പ്രതിഷേധമുണ്ട്. 2020 ഒക്ടോബറില്‍ മൊറോക്കോ ഇസ്രാഈലിന് നയതന്ത്ര അംഗീകാരം നല്‍കുന്നതിന്റെ ഏകദേശം രണ്ട് മാസം മുമ്പ്, അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ് ജനങ്ങള്‍ക്കിടയില്‍ ഒരു വോട്ടെടുപ്പ് നടത്തുകയുണ്ടായെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. മൊറോക്കക്കാരില്‍ 88 ശതമാനം പേരും ഈ തീരുമാനത്തിന് എതിരായിരുന്നുവെന്നാണ് വോട്ടെടുപ്പ് ഫലം. ഇസ്രാഈലുമായി അടുക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഖത്തര്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ് മൊറോക്കക്കാരെയും ഫലസ്തീനികളെയും കൂടുതല്‍ അടുപ്പിച്ചത്. അതിനിടെ ഫലസ്തീന്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ മുന അല്‍കുര്‍ദ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മൊറോക്കന്‍ പതാകയുമായാണ് എത്തിയിരുന്നത്. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിലും മൊറോക്കന്‍ ആരാധകര്‍ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും മൊറോക്കന്‍, ഫലസ്തീന്‍ പതാകകള്‍ ഒരുമിച്ച് സ്റ്റേഡിയത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

Test User: