X

പരക്കുന്നത് വിഷവായുവാണ്-പുത്തൂര്‍ റഹ്മാന്‍

മുസ്‌ലിംകളെ കുറ്റക്കാരും ശത്രുക്കളുമാക്കിയുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ നമ്മുടെ ജനാധിപത്യത്തില്‍ ലാഭമുണ്ടാക്കാനാവുമെന്നത് അധികാരക്കൊതിയന്മാരെ മുഴുവന്‍ ആ വഴിക്കു സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ വളഞ്ഞ വഴിയിലൂടെ തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ ബി.ജെ.പിക്കും സംഘ്പരിവാറിനും കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ നിരക്ഷരരും രാഷ്ട്രീയ ബോധമോ ധാരണയോ ഇല്ലാത്തവരുമായ സാധാരണ മനുഷ്യരെ രണ്ടു ചേരിയാക്കി മാത്രമല്ല, അഭ്യസ്ഥവിദ്യരും സാങ്കേതിവിദഗ്ധരുമായവരെ പോലും മുസ്‌ലിംകളോടുള്ള വെറുപ്പിന്റെ പേരില്‍ തങ്ങളുടെ വരുധിയിലാക്കാനാവുമെന്നുള്ള ബോധ്യം ഇപ്പോള്‍ സംഘ്പരിവാറിനുണ്ട്. അതിനുള്ള വിവിധങ്ങളായ വെറുപ്പുല്‍പാദനങ്ങളും പ്രചാരണങ്ങളും നാള്‍ക്കുനാള്‍ രാജ്യത്ത് നടക്കുന്നു. രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നവര്‍ വരെ ഈ വെറുപ്പുല്‍പാദന പ്രക്രിയയില്‍ പങ്കാളിയായിക്കൊണ്ടിരിക്കുന്നു. അപ്പോഴെല്ലാം നമ്മുടെ ആശ്വാസം കേരളം ഫാഷിസത്തിന്റെയും അപരവിദ്വേഷത്തിന്റെയും ഈ കുരുക്കില്‍ കുടുങ്ങില്ലെന്നതായിരുന്നു.

എന്നാലിപ്പോള്‍ അതുമൊരു പാഴ്കിനാവായി മാറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം നമ്മെ അലട്ടിത്തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയ വിജയവും അധികാരവും നിലനിര്‍ത്താന്‍ ബി.ജെ.പി കഠിനവും കുല്‍സിതവുമായ മാര്‍ഗങ്ങള്‍ അവലംബിക്കും എന്നതുറപ്പാണ്. വെറുപ്പിന്റെ കണ്ണടയിലൂടെ കാര്യങ്ങള്‍ കണ്ടുതുടങ്ങിയ ഇന്ത്യയിലെ സംഘ്പരിവാര്‍ സഹയാത്രികര്‍ക്കു വേണ്ടത് മുസ്ലിംകളോടുള്ള പ്രതികാരത്തിന്റെ വരും കാലങ്ങളായിരിക്കും. നൂറ്റാണ്ടുകള്‍ക്കു മുമ്പു മണ്‍മറഞ്ഞ മുഗള്‍ ചക്രവര്‍ത്തിമാരെ ഇന്ത്യയെ അക്രമിച്ച മുസ്‌ലിം ശത്രുവായി ചിത്രീകരിക്കുന്നതും മിതവാദി രാഷ്ട്രീയക്കാരെ പിന്തള്ളി യോഗിയെ പോലുള്ളവരെ വാഴിക്കുന്നതും അതിനു തന്നെയാണ്. വെറുപ്പും വിദ്വേഷവും ഇന്ത്യയില്‍ ഇപ്പോള്‍ ഒരു രഹസ്യ അജണ്ടയല്ല, എന്നാല്‍ കേരളവും ആ പടുകുഴിയിലേക്കു വീണിരിക്കുന്നുവെന്നതാണ് ഏറെ നിരാശാജനകം.

മുസ്‌ലിംകളോടുള്ള വിരോധവും വെറുപ്പും രാഷ്ട്രീയഭിക്ഷാംദേഹികള്‍ ജനപിന്തുണ നഷ്ടപ്പെടുമ്പോള്‍ പുറത്തെടുക്കുന്ന രാഷ്ട്രീയകാപട്യവും സൃഗാലബുദ്ധിയുമാണിന്ന.് നാലാളുടെ പിന്തുണയില്ലാത്തവനും മാധ്യമശ്രദ്ധനേടാനും ആളെക്കൂട്ടാനും ഈ അപരവിദ്വേഷം ഒരു വജ്രായുധം കണക്കേ ഉപയോഗപ്പെടുമെന്നതിന്റെ അപകടം കേരളത്തിനു പുറത്തു വേണ്ടത്ര കണ്ടതാണ്.

അതേ ദുഷ്ടബുദ്ധി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലും പ്രയോഗിക്കപ്പെടുന്നതിന്റെ കെട്ടുകാഴ്ചയാണ് പി.സി ജോര്‍ജിന്റെ തിരുവനന്തപുരം പ്രസംഗം. പ്രബുദ്ധരെന്നവകാശപ്പെടുന്ന നാം കേരളീയരുടെ സാംസ്‌കാരികമായ ദുഷിപ്പിന്റെ ഉദാഹരണമാണ് അവസരവാദിയായ പ്രസ്തുത രാഷ്ട്രീയക്കാരന്‍. അദ്ദേഹം കേരളം വന്നുപെട്ട വെറുപ്പിന്റെ ചളിക്കുണ്ടില്‍ നിന്നും ലാഭമുണ്ടാക്കാന്‍ കഴിയുമെന്നുകണ്ടു തന്നയാണ് അത്തരത്തിലുള്ള അസത്യ പ്രസ്താവനകള്‍ നടത്തിയത്. കേരളസമൂഹത്തില്‍ ഒരുപറ്റം അതെല്ലാം വിശ്വസിക്കാനും പ്രസ്തുത വിദ്വേഷം ആഘോഷിക്കാനും ഇന്നുണ്ട് എന്നറിഞ്ഞുതന്നെയാണ് പി.സി ജോര്‍ജ് വലവീശിയത്. ഇതൊരു പകര്‍ച്ചവ്യാധിയായ വൈറസാണ്. തുടക്കത്തിലേ പ്രതിരോധിച്ചില്ലെങ്കില്‍ സമൂഹത്തില്‍ പകരുമത്. വെറുപ്പിന്റെ മഹാമാരിയാണിത്. ഈ മഹാമാരിയെ പ്രതിരോധിക്കണം. അല്ലെങ്കില്‍ നൂറ്റാണ്ടുകളായി നമ്മുടെ പൂര്‍വികര്‍ വളര്‍ത്തിയെടുത്ത സാഹോദര്യവും മൈത്രിയും ഒറ്റയടിക്കു തകര്‍ന്നുവീഴും. നമ്മുടെ സംസ്‌ക്കാരം വെറുപ്പിലേക്കും ഹിംസയിലേക്കും വഴിമാറും. മുമ്പുണ്ടായിരുന്ന ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്നത് എത്രകണ്ട് സത്യമാണോ, അതുപോലെ മുമ്പുണ്ടായിരുന്ന കേരളമല്ല ഇപ്പോഴത്തേത് എന്നതും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. വെറുപ്പിന്റെയും അറപ്പില്ലായ്മയുടെയും പുതിയ സംസ്‌ക്കാരം ഇവിടെ വളര്‍ന്നിരിക്കുന്നു, വളര്‍ത്തുക സാധ്യമായിരിക്കുന്നു. ഇത് അപകടകരമായ ഒരു മാറ്റമാണ്. തിരിച്ചുകയറാനാകാത്ത വിധം കേരളവും അപരവിദ്വേഷത്തിന്റെ ചെളിക്കുണ്ടിലേക്ക് ആപതിച്ചുകൊണ്ടിരിക്കുകയാണ്. ഈ അപകടം തിരിച്ചറിയുന്നവര്‍ രംഗത്തുവന്നത് ആശാവഹമാണ്. എല്ലാം മതനേതാക്കളും ജനാധിപത്യ ചേരിയിലെ എല്ലാം രാഷ്ട്രീയനേതാക്കളും കൂടുതല്‍ ഉണരേണ്ടിയിരിക്കുന്നു.

മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത ഗുജറാത്ത് മോഡലും ജനാധിപത്യത്തെ കശാപ്പു ചെയ്ത യു.പി മോഡലുമാണ് സംഘ്പരിവാരത്തെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാക്കിയത്. ഹിന്ദുത്വ ഫാഷിസത്തിന്റെ ഇരകള്‍ മുസ്‌ലിംകള്‍ മാത്രമാകില്ല. ദളിതുകളും ഇതര പിന്നോക്ക സമുദായങ്ങളും തങ്ങളുടെ ഇംഗിതത്തിനൊത്ത് അനുസരണയോടെ വര്‍ത്തിക്കുന്ന ഇന്ത്യയാണു ലക്ഷ്യം. എതിര്‍ ശബ്ദങ്ങളെ അപ്പപ്പോള്‍ വകവരുത്തും. മസ്ജിദ്മന്ദിര്‍ തര്‍ക്കങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുന്നതിന്റെ അലയൊലികള്‍ കേട്ടുതുടങ്ങി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പശുസംരക്ഷണ പോരാളികളുടെ സൈ്വര്യ വിഹാരമായിരുന്നു മുമ്പ്. ഇപ്പോഴത് എപ്പോഴും സംഘടിപ്പിക്കപ്പെടുന്ന കലാപങ്ങളായിരിക്കുന്നു. ആദ്യം കലാപവും പിന്നീട് ഉന്മൂലനവും നടത്തുന്ന ബുള്‍ഡോസര്‍ ബാബമാരുടെ അജണ്ട നടപ്പാവുന്ന വിധം രാജ്യത്തെ അധികാരപ്രയോഗം ഏകപക്ഷീയമായ ബലപ്രയോഗമായിരിക്കുന്നു. ഒരു വശത്തു വെറുപ്പും മറുവശത്ത് ഭയവും വേണ്ടത്ര ഉല്‍പാദിപ്പിച്ചാവും മുന്നോട്ടു പോവുക. വേഗം വ്രണപ്പെടുന്ന വികാരങ്ങളിലാവും ആദ്യം കൈവെക്കുക. കൂടുതല്‍ കൂടുതല്‍ മസ്ജിദ്മന്ദിര്‍ തര്‍ക്കങ്ങള്‍ അതിനുള്ള ഏറ്റവും നല്ല ഇനമായി തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുമുണ്ട്. ദൈവത്തെയല്ല, പിശാചുക്കളെ പ്രീതിപ്പെടുത്താനുള്ള പൂജകളാണ് ഫാഷിസത്തിന്റെ പൂജാരിമാര്‍ ചെയ്തു കൊണ്ടിരുന്നത്. സ്‌നേഹമല്ല വെറുപ്പാവും ഇനി രാഷ്ട്രീയ തീരുമാനങ്ങളെടുക്കുക. കേരളവും ഈ വഴിയിലൂടെയുള്ള സഞ്ചാരം ആരംഭിച്ചു കഴിഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട പ്രചാരണങ്ങളും പ്രഹസനങ്ങളുമാണ് അരങ്ങേറുന്നത്. വെറുപ്പാണ് ഏറ്റവും മാരകമായ രോഗാണു. വെറുപ്പ് മനസ്സില്‍ പ്രവേശിക്കുന്നതോടെ ഇര അതുവരെ ഉണ്ടായിരുന്ന ആളല്ലാതാവുന്നു. അയാളില്‍ നിന്നത് പെറ്റു പെരുകുന്ന വൈറസു കണക്കേ ചുറ്റുവട്ടങ്ങളിലേക്കു വ്യാപിക്കുന്നു. പെട്ടന്ന് സമൂഹ ശരീരത്തെ തന്നെ വെറുപ്പിന്റെ രോഗാണു കീഴടക്കുന്നു.

വൈറസുകളേക്കാള്‍ വേഗത്തില്‍ അതു കണ്ണുകളെ അന്ധമാക്കുകയും കേള്‍വിയെ ബധിരമാക്കുകയും പകയുടെ താവളമായി ഇരയുടെ ബോധത്തെ മാറ്റുകയും ചെയ്യുന്നു. ഇപ്പോഴത്തെ ഇന്ത്യനവസ്ഥയുടെ മൂലകാരണം ഈ വെറുപ്പിന്റെ രോഗബാധയാണെന്നതില്‍ സംശയമില്ല. വെറുപ്പിന്റെ ഈ രോഗ പ്രസരണത്തെ പ്രതിരോധിക്കാന്‍ കേരളീയര്‍ എന്തുചെയ്യുമെന്നതാണ് പ്രധാനം. സംഘപരിവാര്‍ ആ പേര് സൂചിപ്പിക്കുന്നതുപോലെ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുടെ ഒരു കുടുംബമാണ്. ആ കുടുംബത്തിന്റെ കാരണവരായി ആര്‍.എസ്.എസും. പ്രത്യക്ഷത്തില്‍ ഭിന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നു തോന്നിച്ചു കൊണ്ട്, ഈ സംഘടനകളെല്ലാം ഒരേ താളത്തില്‍ നീങ്ങുന്ന ലക്ഷ്യം രാജ്യത്തെ വെറുപ്പിന്റെ ശവപ്പറമ്പാക്കുക എന്നതാണ്.

Chandrika Web: