X

ഇന്ത്യയക്ക് തുടര്‍ച്ചയായ ഏഴാം പരമ്പര വിജയം

കാന്‍പുര്‍: ന്യൂസിലന്‍ഡിനെതിരെ നടന്ന ആവേശകരമായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയക്ക് ആറ് റണ്‍സിന്റെ വിജയം. 338 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ കിവികളെ കൂട്ടിലാക്കിയ ഭുംറയാണ് ഇന്ത്യക്ക് മിന്നുംജയം സമ്മാനിച്ചത്.

മൂന്നാം ഏകദിനത്തില്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെയും നായകന്‍ വിരാട് കൊഹ്!ലിയുടെയും വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ, കിവീസ് ബോളര്‍മാരുടെ ചിറകരിഞ്ഞു നടത്തിയ പടയോട്ടത്തില്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു.

 

കോലിയും രോഹിതുമടങ്ങിയ കൂട്ടുകെട്ട് ഇന്ത്യയുടെ നട്ടെല്ലാവുകയായിരുന്നു. സെഞ്ചുറിയുമായി തിളങ്ങിയ ഇരുവരും രണ്ടാം വിക്കറ്റില്‍ 230 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഏകദിന കരിയറിലെ 15ാം സെഞ്ചുറിയും ന്യുസീലന്‍ഡിനെതിരെ ആദ്യ സെഞ്ചുറിയും നേടിയ രോഹിത് 138 പന്തില്‍ 18 ഫോറും രണ്ടു സിക്‌സുമടക്കം 147 റണ്‍സടിച്ചു. 106 പന്തില്‍ നിന്ന് 113 റണ്‍സെടുത്ത കോലിയുടെ ബാറ്റില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സും പിറന്നു. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കി റെക്കോഡ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏകദിന കരിയറിലെ 32ാം സെഞ്ചുറിയാണിത്. ഈ വര്‍ഷം നേടുന്ന ആറാം സെഞ്ചുറിയും ന്യൂസിലന്‍ഡിനെതിരെ അഞ്ചാമത്തേതും.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിന് തുടക്കത്തില്‍ തന്നെ ഭുമ്രയുടെ പന്തില്‍ മാര്‍ട്ടിന്‍ ഗുപ്തിലിനെ നഷ്ടമായി. ആതിഥേയര്‍ക്കെതിരെ കോളിന്‍ മണ്‍റോയും (62 പന്തില്‍ 75) കെഎസ് വില്യംസന്റെയും കൂട്ടുക്കെട്ട് (84 പന്തില്‍ 64) ന്യൂസിലാന്റിന്റെ ഇന്നിംങ്‌സിന് അടിത്തറ പാകി. ചാഹലിന്റെ പന്തിലാണ് ഇരുവരും പുറത്താകുന്നത്. റോസ് ടെയിലറിന്റെയും ടോം ലതാമിന്റെയും ഇന്നിങ്ങിസ് ന്യൂസിലാന്റിന്റെ വിജയ പ്രതീക്ഷകള്‍ക്ക് കരുത്ത് നല്‍കിയിരുന്നു. എന്നാല്‍ ടെയ്‌ലറെ ഭൂമ്ര എറിഞ്ഞ് വീഴ്ത്തിയതോടെ ന്യൂസിലാന്റ് പ്രതിരോധത്തിലായി. ഇന്ത്യക്ക് വേണ്ടി ഭുംറ മൂന്നു വിക്കറ്റുകള്‍ വീഴ്!ത്തി.

chandrika: