X
    Categories: keralaNews

ലോകോത്തര കായിക ഗ്രാമം മലപ്പുറത്ത് ഒരുങ്ങുന്നു

മലപ്പുറം: കാല്‍പ്പന്ത് കളിയുടെ പറുദീസയായ മലപ്പുറത്തിന്റെ പെരുമക്ക് മേനി കൂട്ടാന്‍ ലോകോത്തര നിലവാരമുള്ള കായിക ഗ്രാമം ഒരുങ്ങുന്നു. കൊണ്ടോട്ടിക്കടുത്ത് മോങ്ങത്താണ് അന്താരാഷ്ട്ര നിലവാരത്തില്‍ കളിക്കളം ഒരുങ്ങുന്നത്. ജിസിസി രാജ്യങ്ങളിലും ബെംഗളൂരുവിലും സ്‌പോര്‍ട്‌സ് വില്ലേജുകള്‍ ഒരുക്കി പ്രശസ്തിയാര്‍ജ്ജിച്ച സ്‌പോര്‍ട്‌സ് ലാന്‍ഡ് ഡെവലപ്പേഴ്‌സ്, ലിറ്റില്‍ ഇന്ത്യാ പബ്ലിക് സ്‌കൂളുമായി കൈകോര്‍ത്ത് നടത്തുന്ന ഈ സംരംഭത്തിന് ബിബിഎം സ്പോര്‍ട് യുഎഇ ആണ് നേതൃത്വം കൊടുക്കുന്നത്

ഇത് സംബന്ധിച്ച് ദുബായില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ റോബിന്‍സിങ്, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ്, പി. കെ അന്‍വര്‍ നഹ, സ്‌പോട്‌ലാന്റ് ഡെവലപേഴ്‌സിന്റെയും ബിബിഎം ഗ്രൂപ്പിന്റെയും ഡയറക്ടര്‍മാരായ ഫസലുറഹ്മാന്‍ വയലില്‍, ഷമീര്‍ മുല്ലപ്പുറം, ജമാല്‍ വാഴക്കല്‍, മൊയ്ന്‍ മന്നെത്തോടി തുടങ്ങിയവര്‍ പങ്കെടുത്തു.

അനുകൂലസാഹചര്യങ്ങളുടെ അഭാവത്തില്‍ തങ്ങളുടെ കായിക മികവ് പുറത്തെടുക്കാന്‍ കഴിയാതെ പോവുന്നവര്‍ക്ക് അവസരമൊരുക്കുകയാണ് പുതിയ സംരഭത്തിന്റെ ലക്ഷ്യം. അനേകം കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സഫലമാകുന്നത്. ഇന്ത്യയിലെ എതൊരു മെട്രോ നഗരത്തിലും ലഭ്യമായ കായിക പരിശലന സൗകര്യങ്ങളോടെയും, അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെയും ലെവന്‍സ് ഫുട്ബോള്‍ കോര്‍ട്ട്, ക്രിക്കറ്റ് നെറ്റ്, റണ്ണിംഗ് ആന്റ് സ്‌കേറ്റിംഗ് ട്രാക്ക്, ജെന്റ്‌സ് ആന്റ് ലേഡീസ് ജിം, സ്വിമ്മിംഗ് പൂള്‍, കിഡ്‌സ് പ്ലേ ഏരിയ എന്നിവയാണ് ലഭ്യമാകുന്നത്.

ഇവിടെയെത്തുന്ന കായിക പ്രേമികള്‍ക്കായി ലോകോത്തര നിലവാരത്തില്‍ ഔട്ട്ഡോര്‍ കോര്‍ട്ട്‌സ്, ക്യാന്റീന്‍, വാഷ് റൂംസ്, സ്‌പോര്‍ട്‌സ് ഹാള്‍, പാര്‍ക്കിംഗ് ഏരിയ എന്നിവയും നിര്‍മിക്കും. കൊമേഴ്‌സ്യല്‍ ഷോപ്പിംഗ് കോംപ്ലക്‌സും പദ്ധതിയിലുണ്ട്. രാജ്യത്തിന് അഭിമാനമാവുന്ന മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ മികവ് തെളിയിച്ച പരിശീലകരെയും നിയോഗിക്കും. മലപ്പുറത്തിന്റെ കീര്‍ത്തിയില്‍ ഒരു പൊന്‍ തൂവലാകും ഈ കായിക ഗ്രാമം

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: