X

ഫിഫ ബെസ്റ്റ് പ്ലെയര്‍: അന്തിമ പട്ടികയില്‍ ക്രിസ്റ്റ്യാനോ, മെസ്സി, നെയ്മര്‍

സൂറിച്ച്: 2017-ലെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ക്രിസ്റ്റിയാനോ റെണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവര്‍. ഫ്രഞ്ച് മാഗസിന്‍ എല്‍ എക്വിപെ നല്‍കുന്ന ‘ബാളന്‍ ഡിഓര്‍’ പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഫിഫ പിന്മാറിയതിനു ശേഷമുള്ള രണ്ടാമത്തെ പുരസ്‌കാരമാണ് ഈ വര്‍ഷത്തേത്. 2016-ലെ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയിരുന്നു.

കഫു, ലണ്ടന്‍ ഡൊണോവന്‍, എന്‍സോ ഫ്രാന്‍സിസ്‌കോളി, ഡീഗോ മറഡോണ, കാര്‍ലോസ് വാള്‍ഡറമ, എഡ്വിന്‍ വാന്‍ഡര്‍സാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മികച്ച കളിക്കാരനെ തെരഞ്ഞെടുക്കുക. വ്യക്തിഗത പ്രകടനത്തില്‍ ലയണല്‍ മെസ്സിക്കാണ് മുന്‍തൂക്കമെങ്കിലും, 2016-17 സീസണ്‍ ലാലിഗയും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയ റയല്‍ ടീമിലെ പ്രധാന താരമാണെന്നത് ഇത്തവണയും ക്രിസ്റ്റിയാനോ പുരസ്‌കാരം നേടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഒക്ടോബര്‍ 23-ന് ലണ്ടനില്‍ വെച്ചാണ് ജേതാവിനെ പ്രഖ്യാപിക്കുക.
ഗ്യാന്‍ലുയ്ജി ബുഫണ്‍, പൗളോ ഡിബാല, ആന്റോയിന്‍ ഗ്രീസ്മന്‍, ഹാരി കെയ്ന്‍, സെര്‍ജിയോ റാമോസ്, അലക്‌സി സാഞ്ചസ് എന്നിവരടക്കം 24 പേരടങ്ങുന്ന പട്ടികയില്‍ നിന്നാണ് മൂന്നംഗ ചുരുക്ക പട്ടിക തയാറാക്കിയത്.

റയല്‍ മാഡ്രിഡിനൊപ്പം രണ്ട് മേജര്‍ ട്രോഫികള്‍ നേടാനായതും ചാമ്പ്യന്‍സ് ലീഗില്‍ ടോപ് സ്‌കോററായി ടീമിനെ കിരീടത്തിലേക്ക് നയിച്ചതുമാണ് ക്രിസ്റ്റ്യാനോയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ 12 ഗോളുമായി ടോപ് സ്‌കോററായ പോര്‍ച്ചുഗീസ് താരം ആറ് ഗോളിന് വഴിയൊരുക്കുയും ചെയ്തു. ടൂര്‍ണമെന്റിന്റെ നിര്‍ണായകമായ നോക്കൗട്ട് ഘട്ടങ്ങളിലായിരുന്നു ക്രിസ്റ്റിയാനോയുടെ മിന്നും പ്രകടനം.

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ തന്നെ ബാര്‍സലോണ പുറത്തായെങ്കിലും 11 ഗോളുമായി ലയണല്‍ മെസ്സി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. ലാലിഗയില്‍ ആയിരുന്നു അര്‍ജന്റീനാ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. 37 ഗോളുമായി ടോപ് സ്‌കോററായ താരം ഒമ്പത് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ക്രിസ്റ്റിയാനോ 25 ഗോളുമായി ലാലിഗയില്‍ മൂന്നാം സ്ഥാനത്തായിരുന്നു.

ലോക ഫുട്‌ബോളിലെ മൂല്യമേറിയ താരമായ നെയ്മര്‍ 2016-17 സീസണില്‍ ലാലിഗയില്‍ 13 ഗോള്‍ നേടുകയും 11 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ (എട്ട്) ഗോളിന് വഴിയൊരുക്കിയതും ബ്രസീല്‍ താരം തന്നെ.

chandrika: