X

ഡല്‍ഹിക്ക് സാധ്യതകള്‍ ബാക്കി

 

ന്യൂഡല്‍ഹി: റിഷാഭ് പന്തിനെ പോലെ ഒരു ബാറ്റ്‌സ്മാന്‍, തട്ടുതകര്‍പ്പന്‍ സെഞ്ച്വറി നേടിയിട്ടും ഡല്‍ഹി എങ്ങനെ തോറ്റു….. കോച്ച് റിക്കി പോണ്ടിംഗിന് പോലും വ്യക്തമായ ഉത്തരമില്ല. പന്തിന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയില്‍ സാക്ഷാല്‍ ഭുവനേശ്വര്‍ കുമാര്‍ പോലും ഞെട്ടിയിരുന്നു. ഇന്ത്യയുടെ സീനിയര്‍ സീമര്‍ എറിഞ്ഞ ഹൈദരാബാദിന്റെ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 26 റണ്‍സാണ് യുവ ബാറ്റ്‌സ്മാന്‍ അടിച്ചുകൂട്ടിയത്. യുവതാരത്തിന്റെ അതിവേഗ സെഞ്ച്വറിക്ക് അതേ നാണയത്തില്‍ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ മറുപടി നല്‍കിയപ്പോള്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് കീത് വില്ല്യംസണിന്റെ ടീം ജയിച്ചത്. തോറ്റെങ്കിലും ഡല്‍ഹിക്കാരെ ഇനിയും എഴുതിത്തള്ളാനായിട്ടില്ല. ഇപ്പോഴും അവസാന നാലില്‍ കളിക്കാന്‍ അവര്‍ക്ക് സാധ്യതകള്‍ ബാക്കി നില്‍ക്കുന്നു. മൂന്ന് മല്‍സരങ്ങളാണ് ഇനി ടീമിന് ബാക്കിയുള്ളത്. പ്രതിയോഗികള്‍ കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. ഈ മൂന്ന് മല്‍സരങ്ങളിലും ജയിക്കണം. നിലവില്‍ ആറ് പോയിന്റാണ് ടീമിനുള്ളത്. ഇനിയുള്ള മൂന്ന് മല്‍സരങ്ങളിലും ജയിച്ചാല്‍ 12 പോയിന്റാവും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 18 ലും ചെന്നൈ സൂപ്പര്‍കിംഗ്‌സ് 14 ലും അവസാന നാല് ഏറെക്കുറെ ഉറപ്പാക്കിയവരാണ്. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്ക് ശക്തനായി രംഗത്തുള്ളവര്‍ 12 പോയിന്റുളള കിംഗ്‌സ് ഇലവന്‍ പഞ്ചാബും പത്ത് പോയിന്റ് വീതമുള്ള മുംബൈയും കൊല്‍ക്കത്തയുമാണ്. അവസാന മൂന്ന് മല്‍സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം സണ്‍റൈസേഴ്‌സും ചെന്നൈയും ഇനി ഒരു കളികളിലും തോല്‍ക്കരുതെന്ന പ്രാര്‍ത്ഥനയും ഡല്‍ഹിക്ക് നടത്താം. നിലവില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള അവര്‍ കരത്തോടെ മുന്നോട്ട് പോവണം. മറ്റ് മല്‍സരഫലങ്ങളും ഡല്‍ഹിക്ക് നിര്‍ണായകമാണ്. പക്ഷേ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം അവശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളും ജയിച്ച് മറ്റ് മല്‍സരങ്ങള്‍ക്കായി കാത്തുനില്‍ക്കുക എന്നതാണ്.

chandrika: