X
    Categories: MoreViews

ആഷസ് പരമ്പരയില്‍ ഓസീസ് ആധിപത്യം 

അഡലെയ്ഡ്: ആദ്യ മണിക്കൂറായിരുന്നു പ്രധാനം. ഓവലിലെ മൂടിയിട്ട പിച്ച്. തണുത്ത സാഹചര്യം. ആ മണിക്കൂറിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ബൗളര്‍മാര്‍-വിശിഷ്യാ ഫാസറ്റ് ബൗളര്‍മാര്‍. ഈര്‍പ്പമുള്ള പിച്ചിനെ പ്രയോജനപ്പെടുത്തി പന്തിനെ ഇരുവശങ്ങളിലേക്കും മോഹിപ്പിച്ച് നല്‍കാം. ബാറ്റ്‌സ്മാന്മാര്‍ക്ക് ഈ മണിക്കൂര്‍ ഇടനെഞ്ചിലെ തീയാണ്… കണക്ക് കൂട്ടല്‍ ഒന്ന് പിഴച്ചാല്‍ പിറകില്‍ വിക്കറ്റ് കീപ്പര്‍, സ്ലിപ്പില്‍ നാലും അഞ്ചും പേര്‍, പോയന്റിലും ഗള്ളിയിലുമെല്ലാം അതീവ ജാഗ്രതയോടെ പന്തിനെ പിടികൂടാന്‍ ഫീല്‍ഡര്‍മാര്‍. നായകന്മാര്‍ക്കും സമ്മര്‍ദ്ദ മുഹൂര്‍ത്തമാണ് ഈ മണിക്കൂര്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ അവസാന ദിവസമായ ഇന്നലെ ഈ മണിക്കൂര്‍ അതിജയിക്കുക എന്ന വലിയ വെല്ലുവിളിക്ക് മുന്നിലായിരുന്നു ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താവട്ടെ തന്റെ രണ്ട് അതിവേഗ പേസര്‍മാരോട് ആ്ദ്യ മണിക്കൂറിന്റെ ഗൗരവവാവസ്ഥ പറഞ്ഞ് കൊടുത്തു. ഓവലില്‍ നിറയെ കാണികള്‍. സമ്മര്‍ദ്ദം അതിന്റെ പാരമ്യതയില്‍.

രണ്ട് കൂട്ടര്‍ക്കും തുല്യ സാധ്യത- അഥവാ 50-50 സാധ്യത. ഇംഗ്ലണ്ടിന് ജയിക്കാന്‍ 178 റണ്‍സ് വേണം. ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് പേര്‍ ബാറ്റിംഗിനുണ്ട്. ഓസ്‌ട്രേലിയക്ക് സ്വന്തം മൈതാനത്ത് പരാജയം ഒഴിവാക്കാന്‍ ഈ ആറ് പേരെ 178 റണ്‍സിനുള്ളില്‍ പുറത്താക്കണം. അമ്പയര്‍മാരായ അലീം ദറും ക്രിസ് ഗാഫനെയും മൈതാനത്ത് എത്തി. നിര്‍ണായകമായ അഞ്ചാം ദിവസം തുടങ്ങാന്‍ അവര്‍ സിഗ്നല്‍ നല്‍കി. ബൗളിംഗ് എന്‍ഡില്‍ ഓസ്‌ട്രേലിയയുടെ ഉയരക്കാരനായ സീമര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ക്രീസില്‍ ജോ റൂട്ടും നൈറ്റ് വാച്ച്മാന്‍ വോഗ്‌സും.

മോഹിപ്പിക്കുന്ന പന്തുകളായിരുന്നു സ്റ്റാര്‍ച്ചിന്റെ വക. ഹേസില്‍ വുഡിനായിരുന്നു രണ്ടാം ഓവര്‍. സ്മിത്ത് എല്ലാ ഫീല്‍ഡര്‍മാരെയും ക്ലോസ് ഇന്‍ സര്‍ക്കിളിലേക്ക് വിളിച്ചു. ബാറ്റിംഗില്‍ വിലാസമില്ലാത്ത വാലറ്റക്കാരെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഹേസില്‍വുഡിന്റെ സ്വിംഗിഗ് ഡെലിവറിയില്‍ വോഗ്‌സ് ബാറ്റ് വെച്ചില്ല. പക്ഷേ പന്ത് ബാറ്റിന്റെ നെറുകയില്‍ മുത്തം വെച്ചത് പോലെ ഒരു ശബ്ദം. ഓസീസ് ഫീല്‍ഡര്‍മാര്‍ അപ്പീല്‍ ചെയ്തു. അമ്പയര്‍ അലീം ദര്‍ സംശയത്തോടെ നിന്നു. ഒടുവില്‍ അദ്ദേഹം വിരലുയര്‍ത്തി. സ്‌നിക്കോ മീറ്ററിലും കാര്യം റെഡി-ബാറ്റിലുരസിയിരിക്കുന്നു പന്ത് -പെയിനെക്ക് ക്യാച്ച്. ഓസ്ട്രേലിയന്‍ താരങ്ങള്‍ ആഘോഷത്തില്‍. ഇംഗ്ലീഷ് ക്യാമ്പില്‍ മ്ലാനത. ഗ്യാലറിയില്‍ ആരവങ്ങള്‍. വോഗ്‌സ് പുത്താവുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡ് ഇപ്രകാരം-അഞ്ച് വിക്കറ്റിന് 176. വീണ്ടും ഹേസില്‍വുഡ്. അടുത്ത ഓവര്‍. ഞെട്ടിക്കുന്ന പന്തുകള്‍. ജോ റൂട്ടിന് പ്രതിരോധത്തിനപ്പുറത്തേക്ക് കടക്കാനാവുന്നില്ല. അധികം താമസിയാതെ ഓസ്‌ട്രേലിയക്കാര്‍ മോഹിച്ച, ഇംഗ്ലീഷുകാര്‍ പ്രതീക്ഷയര്‍പ്പിച്ച നായകന്റെ പ്രതിരോധം അതാ പാളി-പെയിനെക്ക് തന്നെ ക്യാച്ച്. 123 പന്തുകള്‍ സംയമനത്തോടെ നേരിട്ട് 185 മിനുട്ട് ക്ഷമയോടെ ക്രീസില്‍ നിന്ന് നായകന്‍ തല താഴ്ത്തി മടങ്ങുമ്പോള്‍ ചിത്രം വ്യക്തമായിരുന്നു-ജയം ഓസീസ് പാതയില്‍.

അല്‍ഭുതങ്ങളായിരുന്നു പിന്നെ ഇംഗ്ലണ്ടിന് ആവശ്യം. ബാറ്റിംഗ് വിലാസമുള്ള മോയിന്‍ അലിയില്‍ ചിലരെല്ലാം പ്രതീക്ഷയര്‍പ്പിച്ചു. പക്ഷേ പരമ്പരയിലുടനീളം ഗംഭീര പ്രകടനം നടത്തുന്ന സ്പിന്നര്‍ നതാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കേവലം രണ്ട് റണ്ണുമായി അലിയും നടന്നകന്നതോടെ ഇംഗ്ലീഷ് കാണികള്‍ ഗ്യാലറി വിടാന്‍ തുടങ്ങി. ആദ്യ ഒരു മണിക്കൂറില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് വീണത്. ബെയര്‍‌സ്റ്റോ പക്ഷേ തകര്‍പ്പന്‍ ഷോട്ടുകളുമായി പരാജയം വൈകിപ്പിച്ചു. അഞ്ച് ബൗണ്ടറികളുമായി 57 പന്തില്‍ 36 റണ്‍സ് നേടി യുവതാരം. പക്ഷേ വാലറ്റത്തിനെ വിറപ്പിക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസ് ധാരാളമായിരുന്നു. ഒടുവില്‍ 84.2 ഓവറില്‍ 233 റണ്‍സിന് ഇംഗ്ലീഷ് ചെറുത്തുനില്‍പ്പ് അവസാനിച്ചു. 51 റണ്‍സ് മാത്രമാണ് ഇന്നലെ ടീമിന് നേടാനായത്. 19.2 ഓവര്‍ പന്തെറിഞ്ഞ സ്റ്റാര്‍ക്ക് 88 റണ്‍സിന് അഞ്ച് വിക്കറ്റ് നേടി ഇംഗ്ലീഷ് പതനം ഉറപ്പാക്കിയപ്പോള്‍ ഹേസില്‍വുഡ് രണ്ട് വിക്കറ്റ് നേടിയത് 49 റണ്‍സിന്. ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ പുറത്താവാതെ 126 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് കളിയിലെ കേമന്‍. പരമ്പരയില്‍ ഇതോടെ ഓസീസ് വ്യക്തമായ 2-0 ലീഡ് നേടി. അടുത്ത മല്‍സരം പെര്‍ത്തിലാണ്. അതിന് മുമ്പ് രണ്ട് ദിവസത്തെ പരിശീലന മല്‍സരം ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.

chandrika: