X

അടി, തിരിച്ചടി

 

കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം സംഭവ ബഹുലം. ദക്ഷിണാഫ്രിക്കയെ 286 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലാണ്. ചേതേശ്വര്‍ പുജാരയും (5) റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മയുമാണ് ക്രീസില്‍.
പേസ് ബൗളര്‍മാര്‍ക്കു വേണ്ടി ഒരുക്കിയ ന്യൂലാന്റ്‌സിലെ പിച്ചില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് പേസ് ബൗളര്‍മാരുമായി പ്ലെയിങ് ഇലവനെ ഒരുക്കിയ ആതിഥേയരുടെ മുന്‍നിര തകര്‍ത്ത് ഭുവനേശ്വര്‍ കുമാര്‍ വന്‍ ഭീഷണി ഉയര്‍ത്തി. മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഡീന്‍ എല്‍ഗറെ (0) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച ഭുവി തന്റെ അടുത്ത രണ്ട് ഓവറുകളിലായി എയ്ഡന്‍ മാര്‍ക്രം (5), ഹാഷിം അംല (3) എന്നിവരെ കൂടി പുറത്താക്കിയാണ് ഇന്ത്യക്ക് സ്വപ്‌ന തുല്യമായ തുടക്കം നല്‍കിയത്.
എന്നാല്‍ പരിചയ സമ്പന്നരായ എ.ബി ഡിവില്ലിയേഴ്‌സും (65), ഫാഫ് ഡുപ്ലസ്സിയും (62) തുടക്കത്തിലെ ഉലച്ചിലില്‍ നിന്ന് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്‌കോര്‍ 126-ലെത്തിയ ശേഷമാണ് അടുത്ത വിക്കറ്റ് ഡിവില്ലിയേഴ്‌സിന്റെ രൂപത്തില്‍ വീഴുന്നത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജസ്പ്രിത് ബുംറയാണ് വഴിത്തിരിവുണ്ടാക്കിയത്. പിന്നെ ഡുപ്ലസ്സിയെ മടക്കി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് പ്രതീക്ഷ പകര്‍ന്നെങ്കിലും ക്വിന്റണ്‍ ഡികോക്ക് (43), വെര്‍നന്‍ ഫിലാന്റര്‍ (23), കേശവ് മഹാരാജ് (35), കഗിസോ റബാഡ (26), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (16 നോട്ടൗട്ട്) എന്നിവരുടെ അവസരോചിത ബാറ്റിങ് വാലറ്റത്ത് ആതിഥേയര്‍ക്ക് കരുത്തായി.
ഭുവനേശ്വര്‍ കുമാര്‍ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞപ്പോള്‍ മുഹമ്മദ് ഷമിക്ക് താളം കണ്ടെത്താന്‍ കഴിയാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന രണ്ട് വിക്കറ്റുകള്‍ രവിചന്ദ്രന്‍ അശ്വിന്‍ നേടി. ഭുവി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി, ഹര്‍ദിക് പാണ്ഡ്യ, ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
മറുപടി ബാറ്റിങില്‍ അഞ്ചാം ഓവറില്‍ ഇന്ത്യയുടെ വിക്കറ്റ് വീഴ്ചക്ക് തുടക്കമായി. തുടക്കം മുതല്‍ ആത്മവിശ്വാസമില്ലാതെ കാണപ്പെട്ട മുരളി വിജയ് (1) ഫിലാന്ററുടെ പന്തില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. നെഞ്ചുയരത്തില്‍ വന്ന പന്തില്‍ വിജയ് ബാറ്റ് വെച്ചപ്പോള്‍ ഗള്ളിയില്‍ എല്‍ഗര്‍ പന്ത് കൈക്കലാക്കി. തൊട്ടടുത്ത ഓവറില്‍ ധവാനും (16) മടങ്ങി. ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമം ബൗളറുടെ കൈയില്‍ തന്നെ അവസാനിച്ചു. ആദ്യ ബൗളിങ് ചെയ്ഞ്ചായി വന്ന മോണി മാര്‍ക്കലിന് ആദ്യ പന്തില്‍ തന്നെ വിരാട് കോലി (1) വിക്കറ്റ് സമ്മാനിച്ചതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ലീവ് ചെയ്യാമായിരുന്ന ഷോര്‍ട്ട് പന്ത് പ്രഹരിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ നായകന്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടി നല്‍കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ പേസ് അറ്റാക്കിനെ അതിജീവിക്കുക എന്നതാവും ഇന്ത്യക്ക് ഇന്ന് പ്രധാന വെല്ലുവിൡ ഇന്നലെ ഡിവില്ലിയേഴ്‌സ് കളിച്ചതു പോലൊരു ഇന്നിങ്‌സ് മധ്യനിരയില്‍ ആരെങ്കിലും കളിച്ചാല്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് മത്സരത്തില്‍ എന്തെങ്കിലും പ്രതീക്ഷ വെക്കാന്‍ കഴിയുകയുള്ളൂ.

chandrika: