X

അവന്റെ പ്രതികാരം ; ലൂയിസ് ആല്‍ബെര്‍ട്ടോ സുവാരസ് ഡയസ്

 

മാഡ്രിഡ്:റിവഞ്ച് എന്നാല്‍ പ്രതികാരം. കാല്‍പ്പന്ത് മൈതാനത്ത് പ്രതികാരത്തിന്റെ കഥകള്‍ എണ്ണിയാല്‍ അവസാനിക്കില്ല. പക്ഷേ ഇത് പുതിയ പ്രതികാരമാണ്. ഈ കഥയിലെ നായകന്‍ ലൂയിസ് ആല്‍ബെര്‍ട്ടോ സുവാരസ് ഡയസ്.
കഥ ആരംഭിക്കുന്നു.

കൊച്ചുനാളില്‍ തന്നെ അവന്റെ ലോകം ഫുട്‌ബോളായിരുന്നു. 2005 ല്‍ പത്തൊമ്പത് വയസുള്ളപ്പോള്‍ മുതല്‍ പ്രൊഫഷണല്‍ ഫുട്‌ബോളിലെത്തി. ഡച്ച് ക്ലബായ ഗോരേനിഗനാണ് അവന് ആദ്യാവസരം നല്‍കിയത്. പിന്നെ സൂപ്പര്‍ ക്ലബ് അയാക്‌സിലെത്തി. അവിടെ നിന്ന് മെഗ് ക്ലബ്് ലിവര്‍പൂളിലേക്ക്. ഗോളുകള്‍ മാത്രമായിരുന്നു അവന്റെ ഭക്ഷണം. 2014 ല്‍ ബാര്‍സിലോണക്കാര്‍ അവന് വലിയ വാഗ്ദാനം നല്‍കി. മെസിയെന്ന തന്റെ ഇഷ്ട താരം കളിക്കുന്ന ക്ലബായതിനാല്‍ അവന്‍ മറ്റൊന്നും ചിന്തിച്ചില്ല. പിന്നെ രണ്ട് പേരും ചേര്‍ന്ന് ഗോളുകള്‍ അടിച്ച് കൂട്ടാന്‍ തുടങ്ങി.

അര്‍ജന്റീനക്കാരന് ഉറുഗ്വേക്കാരന്‍ നിരന്തരം പന്ത് നല്‍കുന്നത് കാല്‍പ്പന്ത് മൈതാനത്തെ സമ്മോഹനമായ കാഴ്ച്ചകളില്‍ ഒന്നായിരുന്നു. ഉറുഗ്വേക്കാരന്‍ കുതിച്ച് കയറുമ്പോള്‍ അര്‍ജന്റീനക്കാരനും അതേ വേഗതയില്‍ പന്ത് നല്‍കും. അങ്ങനെ രണ്ട് പേരും മാറി മാറി പ്രതിയോഗികളുടെ വലയില്‍ മല്‍സര വീര്യത്തോടെ പന്ത് എത്തിക്കാന്‍ തുടങ്ങിയപ്പോള്‍ നുവോ കാമ്പിലേക്ക് കിരീടങ്ങളുടെ പ്രവാഹമായി. അങ്ങനെ നല്ല നാളുകളിലൂടെ സഞ്ചരിക്കവെ 2020 ല്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അവന്റെ ടീം ബയേണ്‍ മ്യൂണിച്ചിനോട് എട്ട് ഗോള്‍ വാങ്ങി തകര്‍ന്നു. അതോടെ വിമര്‍ശകരായ പരദൂഷകര്‍ രംഗത്ത് വന്നു.

സീസണിലെ തോല്‍വിക്ക് കാരണക്കാരില്‍ മുഖ്യന്‍ അവനായി ചിത്രീകരിക്കപ്പെട്ടു. അത്രയും കാലത്തെ സമര്‍പ്പണത്തിന് പുല്ലുവില്ല. പുതിയ കോച്ച് വന്നു-ഹോളണ്ടില്‍ നിന്നും റൊണാള്‍ഡ് കൂമാന്‍. ബാര്‍സിലോണയിലെത്തിയ രണ്ടാം ദിവസം ഡച്ചുകാരന്‍ ഉറുഗ്വേക്കാരനെ സ്വന്തം താമസസ്ഥലത്തേക്ക് വിളിപ്പിച്ചു. ഒരു ദയാദാക്ഷിണ്യവുമില്ലാത മുഖത്ത് നോക്കി പറഞ്ഞു-താന്‍ എന്റെ പ്ലാനില്‍ ഇല്ല. അമ്പരന്നു പോയി ആ യുവത്വം. നീ പോയ്‌ക്കോ എന്നാണ് പുതിയ പരിശീലകന്‍ പറഞ്ഞതെന്ന് പെട്ടെന്ന് വിശ്വസിക്കാന്‍ അവനായില്ല. കരഞ്ഞ് കൊണ്ട് പ്രിയ സുഹൃത്തിനെ വിളിച്ചു.

വേദനയോടെ കാര്യം പറഞ്ഞു. ടീമിന്റെ നായകനായ താന്‍ അറിയാതെ ഇത്തരത്തില്‍ ഒരു നീക്കമോ..? എന്ത് പാതകമാണ് തന്റെ മിത്രം ചെയ്തതെന്ന് അവന്‍ കോച്ചിനോട് ചോദിച്ചു. അപ്പോള്‍ കിട്ടിയ മറുപടി അതിലേറെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

താനൊന്നും അങ്ങനെ സംസാരിക്കേണ്ടെന്നും തന്റെ കാര്യത്തിലും തീരുമാനം വരുന്നുണ്ട് എന്നുമായിരുന്നു നായകന് കിട്ടിയ മറുപടി. പന്തിനെ മാത്രം സ്വപ്‌നം കണ്ട്, ഗോളിനെ മാത്രം ജീവ വായുവാക്കി നടക്കുന്ന ആ നായകന്‍ ഞെട്ടിത്തരിച്ചു. ഉടന്‍ അദ്ദേഹം തന്റെ മാധ്യമ സുഹൃത്തായ സ്പാനിഷുകാരനെ വിളിച്ചു. ചിലത് പറയാനുണ്ടെന്ന് പറഞ്ഞു.

താന്‍ ക്ലബ് വിടുകയാണെന്നും ഇവിടെ കളിക്കാന്‍ ഇനി താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കി. ഇത് വലിയ വാര്‍ത്തയായി മാറി. ആരാധകര്‍ ഞെട്ടി. അവര്‍ ബാനറുകളുമായി പ്രതിഷേധിച്ചു. ക്ലബിന്റെ തലവന്‍ ജോസഫ് ബര്‍തോമ പക്ഷേ നിയമ വഴി തേടി-അങ്ങനെയങ്ങ് പോവാന്‍ പറ്റില്ല എന്ന് അഭിഭാഷകന്‍ വഴി പറഞ്ഞപ്പോള്‍ നായകന്‍ തല താഴ്ത്തി. അപ്പോഴും ആ കൂട്ടുകാരന്റെ കാര്യത്തില്‍ ആരും കണ്ണ് തുറന്നില്ല. അവന്‍ വേദനയോടെ നുവോ കാമ്പില്‍ നിന്നും മാഡ്രിഡ് നഗരത്തിലേക്ക് വന്നു. ബാര്‍സയില്‍ കളിക്കുമ്പോള്‍ അവന് പ്രിയമുള്ളതായിരുന്നില്ല മാഡ്രിഡ് നഗരം. അവിടെയാണല്ലോ റയല്‍ മാഡ്രിഡ് എന്ന മുഖ്യ ശത്രുവുണ്ടായിരുന്നത്. എങ്കിലും മറ്റൊരു അര്‍ജന്റീനക്കാരന്‍-ഡിയാഗോ സിമയോണി വിളിച്ചപ്പോള്‍ അവന്‍ മാഡ്രിഡിലെത്തി.

മനസ് നിറയെ വേദനയായിരുന്നു. എന്തിന് ബാര്‍സക്കാര്‍ തന്നോട് ഇത് ചെയ്തു. അവന് സ്വയം ചോദിച്ചിട്ടും ഉത്തരമില്ല. ആ വേദനയെ കോച്ച് പ്രതികാരമാക്കി വളര്‍ത്തി. നീ മറുപടി നല്‍കേണ്ടത് ഗോളുകളിലൂടെയാണ് കോച്ച് അവനോട് പറഞ്ഞു. അവന്റെ വേദന പ്രതികാരമായി മാറുകയായിരുന്നു. ലാലീഗ സീസണ്‍ തുടങ്ങി. അവന്‍ മൈതാനത്ത് സജീവമായി. പതിവ് പോലെ ഗോള്‍ വേട്ട.

അത്‌ലറ്റികോ മാഡ്രിഡ് എന്ന ടീം ലാലീഗയില്‍ കളിച്ച 38 മല്‍സരങ്ങളില്‍ 32 ലും അവന്‍ പന്ത് തട്ടി. 23 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തു. അവനെ പറഞ്ഞ് വിട്ട ബാര്‍സക്കാര്‍ തോറ്റ് തൊപ്പിയിട്ടപ്പോള്‍, അവനോട് നോ പറഞ്ഞ പരിശീലകന്‍ കൂമാന്‍ തല ഉയര്‍ത്താന്‍ കഴിയാതെ വേദനിച്ചപ്പോള്‍ അവന്‍ ഗോളുകളുമായി തുള്ളിചാടുകയായിരുന്നു. ഇടക്കൊന്ന് പരുക്കേറ്റു. അതോടെ ക്ലബും പിറകോട്ട് പോയി. പക്ഷേ അത്യാവശ്യ മല്‍സരങ്ങളില്‍ അവന്‍ തിരികെയെത്തി.

37-ാം മല്‍സരത്തില്‍ തകര്‍പ്പനൊരു ഗോള്‍. കിരീടം നിശ്ചയിക്കുന്ന 38-ാം മല്‍സരത്തില്‍ അതിലും മികച്ച മറ്റൊരു ഗോള്‍. അങ്ങനെ ഏഴ് വര്‍ഷത്തിന് ശേഷം ക്ലബ് ലാലീഗ കിരീടം സ്വന്തമാക്കിയപ്പോള്‍ അവന്‍ മൈതാനത്ത് ഇരുന്നു-ആകാശത്തേക്ക് കൈകകള്‍ ഉയര്‍ത്തി-ദൈവത്തിന് നന്ദി പറഞ്ഞു. സ്വന്തം മൊബൈലിലെ ഫേസ് ചാറ്റില്‍ കുടുംബത്തെ വിളിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു. ഫോണ്‍ സ്‌ക്രീനില്‍ നോക്കി അവന്‍ പൊട്ടി പൊട്ടിക്കരയുന്നത് ലോകം കണ്ടു.

റൂമില്‍ തിരികെയത്തിയപ്പോള്‍ പ്രതീക്ഷിച്ച ആ ഫോണ്‍ കോള്‍…. ബ്യൂണസ് അയേഴ്‌സില്‍ നിന്നും പ്രിയ കൂട്ടുകാരന്‍. വെല്‍ഡണ്‍ ലൂയി വെല്‍ഡണ്‍ . അവന്‍ വീണ്ടും ആകാശത്തേക്ക് നോക്കി. തന്റെ പ്രതികാരത്തിന് മുമ്പില്‍ ദൈവവും ചിരിക്കുന്നതായി അവന് തോന്നിയോ.?

 

Test User: