ഒരു മത്സരത്തിന് ബി.സി.സി.ഐക്ക് വരുമാനം 54.5 കോടി രൂപ
ഓരോ പന്തിനും ലഭിക്കുന്ന വരുമാനം 23.3 ലക്ഷം രൂപ
ആഗോള സംപ്രേഷണാവകാശം 16347.5 കോടി രൂപയ്ക്ക് സ്റ്റാര്‍ ഇന്ത്യക്ക്
മുംബൈ: ലോകത്തെ അതിസമ്പന്നമായ കായിക ടൂര്‍ണമെന്റെ പട്ടികയിലേക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗും. ഒരു ഐ.പി.എല്‍ മത്സരം കൊണ്ട് ഏകദേശം 54.5 കോടി രൂപയാണ് ബി.സി.സി.ഐക്ക് ലഭിക്കുന്ന വരുമാനം. എറിയുന്ന ഓരോ പന്തിനും 23.3 ലക്ഷം രൂപയെന്ന തോതിലാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ വരുമാനം. ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരത്തില്‍നിന്നു പോലും 43 കോടി രൂപ ലഭിക്കുന്ന വേളയിലാണ് ഐ.പി.എല്ലിന് പത്തുകോടി കൂടി കൂടുതല്‍ വരുമാനമായിക്കിട്ടുന്നത്.
2022 വരെയുള്ള അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഐ.പി.എല്ലിന്റെ ആഗോള സംപ്രേഷണാവകാശം 16347.5 കോടി രൂപയ്ക്ക് സ്റ്റാര്‍ സ്്‌പോര്‍ട്‌സ് സ്വന്തമാക്കിയതോടെയാണ് ബി.സി.സി.ഐയുടെ വരുമാനത്തില്‍ കുത്തനെ വര്‍ധനവുണ്ടായത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഒരു മത്സരത്തിന് 84 കോടി രൂപ), എന്‍.ബി.എ (ഒരു മത്സരത്തിന് 18 കോടി രൂപ), ദ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗ് (ഓരോ കളിക്കും 150 കോടി രൂപ) എന്നിവയാണ് ഐ.പി.എല്ലിനു മുകളില്‍ നില്‍ക്കുന്ന അതിസമ്പന്ന കായിക ടൂര്‍ണമെന്റുകള്‍.
2009ല്‍ ഒമ്പതു വര്‍ഷത്തേക്ക് 10436 കോടി രൂപയ്ക്കാണ് ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം സോണി സ്വന്തമാക്കിയിരുന്നത്. വര്‍ഷം പ്രതി 1160 കോടി രൂപയാണ് ഇതുവഴി ബി.സി.സി.ഐക്ക് ലഭിച്ചിരുന്നത്. എന്നാല്‍ നിലവിലെ കരാറില്‍ മുന്‍കരാറിനേക്കാള്‍ 182 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. സോണിയുടെ കരാറിനേക്കാള്‍ ഏകദേശം മൂന്ന് മടങ്ങ് വര്‍ധനയാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്.
2008-17ലെ കരാര്‍ നേടിയ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് 8200 കോടി രൂപയ്ക്കാണ് ടെലിവിഷന്‍ റൈറ്റ് സ്വന്തമാക്കിയിരുന്നത്. 2015-17ലെ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയ ഹോട്സ്റ്റാര്‍ 303 കോടിയാണ് മുടക്കിയിരുന്നത്.
കരാര്‍ തുകയിലെ വര്‍ധനവ് പരസ്യനിരക്കിലും പ്രതിഫലിക്കും. 10 സെക്കന്‍ഡ് പരസ്യത്തിന് 10-15 ലക്ഷം രൂപ ഇനി മുടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ടെലിവിഷന്‍, ഇന്ത്യ ഡിജിറ്റല്‍, യു.എസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, മറ്റു ലോകരാഷ്ട്രങ്ങള്‍ എന്നിങ്ങനെ ഏഴ് വിഭാഗത്തിലേക്കാണ് ബിഡ് നടന്നത്. സോണി പിക്‌ചേഴ്്‌സ്, ഡിസ്‌കവറി, സ്‌കൈ, ബ്രിട്ടീഷ് ടെലകോം, ഇ.എസ്.പി.എന്‍ ഡിജിറ്റല്‍ മീഡിയ തുടങ്ങിയ 24 കമ്പനികള്‍ ഐ.പി.എല്‍ ലേലത്തിനുണ്ടായിരുന്നു. ഐ.പി.എല്ലിന്റെ ആഗോള ഡിജിറ്റള്‍ അവകാശം മൂന്നു വര്‍ഷത്തേക്ക് 302.2 കോടി രൂപയ്ക്ക് നോവി ഡിജിറ്റലിന് നേരത്തെ കൈമാറിയിരുന്നു.