ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ ആസ്ഥാന നഗരം ഇന്നലെ ഓണാഘോഷത്തിലായിരുന്നു…. തട്ടുതകര്‍പ്പന്‍ ആഘോഷത്തിന് നാട്ടുകാര്‍ക്ക് അവസരം നല്‍കിയത് ലോകകപ്പ് യോഗ്യതാ റൗണ്ട് കളിച്ച ബെല്‍ജിയന്‍ സൂപ്പര്‍ ഫുട്‌ബോള്‍ സംഘം. ശക്തരായ ഗ്രീസിനെ 2-1ന് വീഴ്ത്തിയത് വഴി അവര്‍ യൂറോപ്പില്‍ നിന്നും ഇത്തവണ റഷ്യന്‍ ടിക്കറ്റ് നേടുന്ന ആദ്യ സംഘമായി മാറി. സൂപ്പര്‍ താരം റുമേലു ലുക്കാക്കുവിന്റെ ഗോളില്‍ അവര്‍ ശക്തരായ ഗ്രീസിനെ വീഴ്ത്തി. അതേ സമയം ഗ്രൂപ്പ് എയില്‍ ശക്തരായ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ തലിച്ച് ദുര്‍ബലരായ ലക്‌സംബര്‍ഗ്ഗ് വാര്‍ത്തകളില്‍ സ്ഥാനം നേടി. ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ് എളുപ്പ വിജയമാണ് പ്രതീക്ഷിച്ചതെങ്കില്‍ അവരെ തളച്ചിടുന്ന പ്രകടനമാണ് ലക്‌സംബര്‍ഗ്ഗ് നടത്തിത്. സ്വന്തം മൈതാനത്ത് നടന്ന മല്‍സരത്തില്‍ ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. പക്ഷേ ഗോളടിക്കാന്‍ ഫ്രഞ്ച് സൂപ്പര്‍ സംഘം മറന്നു. അന്റോണിയോ ഗ്രീസ്മാന്‍, കൈലിയന്‍ മാപ്പെ, പോള്‍ പോഗ്ബ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഫ്രഞ്ച് സംഘത്തിലുണ്ടായിരുന്നു. ഇതേ ഗ്രൂപ്പില്‍ ഡച്ചുകാര്‍ കരുത്ത് കാട്ടിയത് ഫ്രാന്‍സിന് ആഘാതവുമായി. കഴിഞ്ഞ മല്‍സരത്തില്‍ പരാജയപ്പെട്ട ഡച്ചുകാര്‍ ഇന്നലെ 3-1ന് ബള്‍ഗേറിയയെ വീഴ്ത്തി. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്വീഡന്‍ നാല് ഗോളിന് ബെലാറൂസിനെ മുക്കി.
ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ജൈത്രയാത്ര തുടരുകയാണ്. ഹാരിസ് സെവറോവിച്ച്, ബെല്‍റിം ഡിമാലി, റെക്കോര്‍ഡോ റോഡ്രിഗസ് എന്നിവരുടെ ഗോളുകളില്‍ സ്വിസുകാര്‍ ലാത്‌വിയയെ എളുപ്പത്തില്‍ കീഴടക്കി. കൃസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗല്‍ ഒരു ഗോളിന് ഹംഗറിയെ കീഴ്‌പ്പെടുത്താന്‍ പ്രയാസപ്പെട്ടു. ബുദാപെസ്റ്റിലെ സ്വന്തം മൈതാനത്ത് ഹംഗറിക്കാര്‍ സുന്ദരമായി കളിച്ചപ്പോള്‍ ആന്ദ്രെ സില്‍വയുടെ ഗോളാണ് പറങ്കികള്‍ക്ക് തുണയായത്. ദുര്‍ബലരുടെ അങ്കത്തില്‍ ഫറോ ഐലന്‍ഡ് ഒരു ഗോളിന് അന്‍ഡോറെയെ വീഴ്ത്തി. ഗ്രൂപ്പില്‍ ഫറോക്കാരുടെ ആദ്യ ജയമാണിത്.
ഗ്രൂപ്പ് എച്ചില്‍ നിന്നാണ് ലുക്കാക്കുപ്പടയുടെ കരുത്ത് കണ്ടത്. കഴിഞ്ഞ മല്‍സരത്തില്‍ ജിബ്രാള്‍ട്ടറിനെ ഒമ്പത് ഗോളിന് മുക്കിയ ബെല്‍ജിയക്കാര്‍ ഇന്നലെ ഗ്രീസിനെതിരെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ചു. ഒന്നാം പകുതിയില്‍ ഗോള്‍ പിറന്നില്ല. പക്ഷേ രണ്ടാം പകുതിയില്‍ ബെല്‍ജിയന്‍ യാത്ര തടയാന്‍ ഗ്രീസുകാര്‍ക്കായില്ല. ജാന്‍ വെര്‍ടോണസായിരുന്നു ബെല്‍ജിയന്‍ ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. പക്ഷേ സെക്ക ഗ്രീസിന് വേണ്ടി സമനില നേടി. കളിയുടെ അവസാനത്തിലായിരുന്നു ലുക്കാക്കുവിന്റെ സുന്ദരമായ ഗോള്‍.
ഗ്രൂപ്പിലെ മറ്റ് മല്‍സരങ്ങളില്‍ എസ്റ്റോണിയ ഒരു ഗോളിന് സൈപ്രസിനെയും ബോസ്‌നിയ ഹെര്‍സഗോവിന നാല് ഗോളിന് ജിബ്രാള്‍ട്ടറിനെയും വീഴ്ത്തി. ഗ്രൂപ്പ് ഐയില്‍ നടന്ന അങ്കത്തില്‍ ക്രൊയേഷ്യ ഒരു ഗോളിന് കൊസോവോയെ വീഴ്ത്തി.
- 7 years ago
chandrika
Categories:
Video Stories
ലുക്കാക്കു ഷോ, മാപ്പെ ഷോക്ക്
Tags: sports