X
    Categories: MoreViews

അഗ്നിപരീക്ഷ

 

മോണ്ടിവിഡിയോ: നിലവില്‍ ലോകകപ്പ് റണ്ണര്‍ അപ്പായ അര്‍ജന്റീനയെ ചരിത്രം തുണക്കുമോ എന്ന് നാളെ അറിയാം. 2018ലെ റഷ്യന്‍ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിലെ നിര്‍ണായക പോരാട്ടത്തില്‍ നാളെ അര്‍ജന്റീന ഉറുഗ്വേയെ നേരിടും. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ മാത്രമേ അര്‍ജന്റീനക്ക് ലോകകപ്പിന് യോഗ്യത നേടാനാവൂ. കോപ അമേരിക്ക യോഗ്യത റൗണ്ടില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ലയണല്‍ മെസിയുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ ഉറുഗ്വെക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാനിറങ്ങുന്നുണ്ട്.
അര്‍ജന്റീനയുള്‍്‌പ്പെടെയുള്ള ഗ്രൂപ്പില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമേ നേരിട്ട് യോഗ്യത നേടാനാവൂ. നിലവില്‍ അഞ്ചാം സ്ഥാനത്തായ അര്‍ജന്റീനക്ക് ഇനി നടക്കുന്ന മത്സരങ്ങള്‍ എല്ലാം ജയിക്കാനായില്ലെങ്കില്‍ പുറത്തേക്കുള്ള വഴി തെളിയും. അഞ്ചാം സ്ഥാനത്ത് തന്നെ തുടര്‍ന്നാല്‍ ഓഷ്യാനിയ ജേതാക്കളുമായി പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാന്‍ അവസരം ലഭിക്കും. ബോളീവിയക്കെതിരെ കായിക തര്‍ക്ക പരിഹാര കോടതിയുടെ വിധിയാണ് അര്‍ജന്റീനയുടെ സ്ഥാനം കൂടുതല്‍ സങ്കീര്‍ണമാക്കിയത്. 0-0ന് സമനിലയിലായ ബൊളീവിയ-ചിലി മത്സരത്തില്‍ കളിക്കാന്‍ അര്‍ഹതയില്ലാത്ത താരത്തെ ബൊളീവിയ കളത്തിലിറക്കിയതിന്റെ പേരില്‍ ചിലിയെ 3-0ന് വിജയിയായി ഫിഫ പ്രഖ്യാപിച്ചതോടെ ചിലി അര്‍ജന്റീനയുടെ മുന്നിലെത്തുകയായിരുന്നു. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ഇതിനോടകം തന്നെ യോഗ്യത നേടിയിട്ടുണ്ട്.
24 പോയിന്റുമായി കൊളംബിയ രണ്ടാമതും ഉറുഗ്വേ, ചിലി എന്നീ ടീമുകള്‍ 23 പോയിന്റുമായി മൂന്ന്, നാല് സ്ഥാനങ്ങളിലാണ്. ഓഷ്യാനിയ ജേതാക്കളുമായി പ്ലേ ഓഫ് കളിക്കാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് കോച്ച് സാംപോളിയുടെ ടീമംഗങ്ങള്‍. മെസ്സിക്കൊപ്പം പുതിയ തരംഗം ഡിബാലയും എത്തുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തി കഴിഞ്ഞു. എന്നാല്‍ സുവാരസും കവാനിയുമുള്‍പ്പെടുന്ന എതിരാളികള്‍ക്കെതിരെ കളിക്കുമ്പോള്‍ 14 മത്സരങ്ങളില്‍ ആറു ജയം മാത്രമുള്ള അര്‍ജന്റീനക്ക് ഇത്തിരി അധികം വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. 2015ല്‍ ചിലിയെ കോപ അമേരിക്ക ചാമ്പ്യന്‍മാരാക്കിയ സാംപോളി അര്‍ജന്റീനയുടെ കോച്ചായി എത്തിയ ശേഷം ബ്രസീലിനെതിരെ സൗഹൃദ മത്സരത്തില്‍ 1-0ന് നേടിയ ജയവും ദുര്‍ബലരായ സിംഗപ്പൂരിനെതിരെ നേടിയ 6-0ന്റെ ജയവുമാണ് അര്‍ജന്റീനക്ക് ആശ്വാസം പകരുന്നത്. ഗോണ്‍സാലോ ഹിഗ്വയ്‌നെ ഒഴിവാക്കി പകരം ഇന്റര്‍ മിലാന്‍ താരം മൗറിയോ ഇകാര്‍ഡിയെയാണ് മെസ്സി, ഡിബാല എന്നിവര്‍ക്കൊപ്പം കോച്ച് ഇറക്കുന്നത്. മറ്റു മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള കൊളംബിയ ഇതിനോടകം പുറത്തായ വെനസ്വെലയേയും നാലാം സ്ഥാനക്കാരായ ചിലി-പാരഗ്വേയേയും നേരിടും. അതേ സമയം യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് ഇക്വഡോറിനെതിരായ മത്സരം വെറും പരിശീലന മത്സരം മാത്രമായി ഉപയോഗപ്പെടുത്താനാവും.

chandrika: