മാഡ്രിഡ്: ലോകകപ്പില്‍ സ്‌പെയിനിനെ പരിശീലിപ്പിക്കുന്ന യൂലന്‍ ലോപെതെഗി അടുത്ത സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡിന്റെ മാനേജരാകും. സൈനദിന്‍ സിദാന്‍ സ്ഥാനമൊഴിഞ്ഞ സ്ഥാനത്തേക്കാണ് യൂറോപ്യന്‍ ചാമ്പ്യന്മാര്‍ 51-കാരനെ നിയമിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ലോകകപ്പ് കഴിഞ്ഞയുടനെ അദ്ദേഹം സാന്റിയാഗോ ബര്‍ണേബുവില്‍ ചുമതലയേല്‍ക്കും.
റയല്‍ മാഡ്രിഡിന്റെ യൂത്ത് ടീമില്‍ ഗോള്‍കീപ്പറായി കളിച്ചിട്ടുള്ള ലോപെതെഗി സീനിയര്‍ ടീമിനു വേണ്ടി ഒരിക്കല്‍ മാത്രമാണ് കളത്തിലിറങ്ങിയത്. അതേസമയം, റയലിന്റെ യൂത്ത് ടീമായ കാസ്റ്റില്ല വണ്ണിനെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2016 യൂറോ കപ്പിനു ശേഷമാണ് അദ്ദേഹം സ്‌പെയിന്‍ പരിശീലകനായത്.
സൈനദിന്‍ സിദാന്‍ അപ്രതീക്ഷിതമായി പടിയിറങ്ങിയതിനു ശേഷം പുതിയ കോച്ചിനുള്ള അന്വേഷണത്തിലായിരുന്നു റയല്‍. ടോട്ടനം ഹോട്‌സ്പര്‍ മൗറിഷ്യോ പൊചെട്ടിനോയുടെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും സ്‌പെയിന്‍കാരനായ ലോപെതെഗിയെ റയല്‍ തെരഞ്ഞെടുക്കുകയായിരുന്നു.