മുംബൈ: പത്താം എഡിഷന്‍ ഐ.പി.എല്ലിലെ ഫൈനല്‍ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫൈയറില്‍ ഒന്നാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് കളി. വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്ന ടീമിന് നാളെ നടക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലെ വിജയികളുമായി മത്സരിക്കാനുള്ള അവസരം ലഭിക്കും.
റെഗുലര്‍ സീസണ്‍ ഘട്ടത്തില്‍ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വീതം വിജയങ്ങളുമായാണ് ഹൈദരാബാദും ചെന്നൈയും ക്വാളിഫൈയറിന് യോഗ്യത നേടിയത്. മികച്ച റണ്‍റേറ്റോടെ കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍, സീസണില്‍ രണ്ടുതവണ പരസ്പരം മത്സരിച്ചപ്പോഴും ജയം ചെന്നൈക്കൊപ്പമായിരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തെ ആകര്‍ഷകമാക്കുന്നത്. ഏപ്രില്‍ 22-ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ നാലു റണ്‍സിന് ജയിച്ച ചെന്നൈ, പൂനെയില്‍ എട്ടുവിക്കറ്റിനും ജയംകണ്ടു.
അവസാനം കളിച്ച മൂന്നു മത്സരങ്ങളിലും തോറ്റെങ്കിലും ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നതില്‍ വിജയിച്ച ഹൈദരാബാദിന്, ചെന്നൈയോട് പകവീട്ടാനും വിജയവഴിയില്‍ തിരിച്ചെത്താനുമുള്ള സുവര്‍ണാവസരമാണ് ഇന്ന്. ബൗളിങിലെ വൈവിധ്യമാണ് ടോം മൂഡി പരിശീലിപ്പിക്കുന്ന സംഘത്തിന്റെ പ്രധാന കരുത്ത്. റാഷിദ് ഖാന്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവരടങ്ങുന്ന സ്പിന്‍നിരയും ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി തുടങ്ങിവരുടെ പേസ് നിരയും ഏത് ടോട്ടലും പ്രതിരോധിക്കാന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന് ഈ സീസണില്‍ തെളിയിച്ചു കഴിഞ്ഞു. വില്യംസണ്‍, ശിഖര്‍ ധവാന്‍, യൂസുഫ് പഠാന്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, മുഹമ്മദ് നബി തുടങ്ങിയവര്‍ അടങ്ങുന്ന ബാറ്റിങ് നിരയും മോശമല്ല. എന്നാല്‍, കഴിഞ്ഞ മത്സരങ്ങളിലെ ഫോം വിലയിരുത്തി അന്തിമ ഇവലനെ തെരഞ്ഞെടുക്കുക എന്നതാവും വില്യംസണിന്റെ മുന്നിലെ വലിയ വെല്ലുവിളി. 661 റണ്‍സുമായി വില്യംസണ്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. മലയാളി താരം സച്ചിന്‍ ബേബിക്ക് ഇന്നും അവസരം ലഭിക്കാനിടയില്ല.
ഒരിടവേളക്കു ശേഷം ഐ.പി.എല്ലില്‍ തിരിച്ചെത്തിയ ചെന്നൈ കളിയുടെ എല്ലാ മേഖലയിലും മികച്ച പ്രകടനം നടത്തിയാണ് ക്വാളിഫൈയറില്‍ എത്തിയത്. റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുള്ള അമ്പാട്ടി റായുഡു, മികച്ച ഫോമിലുള്ള എം.എസ് ധോണി, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന തുടങ്ങിയവര്‍ ബാറ്റിങ് ഭദ്രമാക്കുമ്പോള്‍ ലുങ്കി എന്‍ഗിഡി, ശ്രാദുല്‍ ഠാക്കൂര്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍ എന്നിവരടങ്ങുന്ന പേസ് ബാറ്ററി അതിശക്തമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റെടുത്ത എന്‍ഗിഡിയെ തന്നെയാവും ഹൈദരാബാദിന് ഇന്ന് കാര്യമായി പേടിക്കേണ്ടി വരിക. ഡെത്ത് ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിയുന്ന ഡ്വെയ്ന്‍ ബ്രാവോ ബാറ്റിങ്ങിലും ചെന്നൈയുടെ കരുത്താണ്. ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, ഇംറാന്‍ താഹിര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്പിന്‍നിരയും കരുത്തര്‍. മലയാളി താരം മുഹമ്മദ് ആസിഫിനെ ധോണി ഇന്ന് കളിപ്പിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല.
തന്ത്രശാലികളായ രണ്ട് ക്യാപ്ടന്മാര്‍ തമ്മിലുള്ള മത്സരം എന്നതും ഇന്നത്തെ കളിയെ ശ്രദ്ധേയമാക്കും. ബൗളര്‍മാരെ വിദഗ്ധമായി ഉപയോഗിക്കുക എന്നതില്‍ വില്യംസണ്‍ ധോണിയെ പിന്നിലാക്കുമെങ്കില്‍ കളിയുടെ മൊത്തത്തിലുള്ള നിയന്ത്രണത്തില്‍ ധോണിക്കാണ് മേല്‍ക്കൈ. ബാറ്റിങില്‍ തന്നെ എഴുതിത്തള്ളാനായിട്ടില്ലെന്ന് സീസണില്‍ പലതവണ ധോണി തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
വാംഖഡെയിലെ പിച്ചില്‍ ബൗണ്‍സ് പ്രതീക്ഷിക്കുന്നതിനാല്‍ പേസര്‍മാര്‍ ആയിരിക്കും കളിയുടെ ഗതിനിര്‍ണയിക്കുക. ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുത്തേക്കും. 175-നു മുകൡലുള്ള സ്‌കോര്‍ സുരക്ഷിതമാവുമെന്നാണ് കരുതുന്നത്. ആദ്യ പത്ത് ഓവറില്‍ വിക്കറ്റ് സൂക്ഷിക്കുകയും അവസാന ഘട്ടങ്ങളില്‍ ആഞ്ഞടിക്കുകയും ചെയ്യുന്ന ടീമിനാണ് വിജയസാധ്യത.