പാരീസ്:വൈരാഗ്യം മറക്കാന്‍ ദീദിയര്‍ ദെഷാംപ്‌സ് ഒരുക്കമല്ല. കരീം ബെന്‍സേമയോട് കരുണ കാണിക്കാതെ അദ്ദേഹം ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍സേമ മാത്രമല്ല അലക്‌സാണ്ടര്‍ ലെകസാറ്റെ, ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ക്കും ടീമിലിടമില്ല. കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗിനിടെ പരുക്കേറ്റ മാര്‍സലി താരം ഡിമിത്രി പായറ്റും പുറത്തായപ്പോള്‍ കൈലിയന്‍ മാപ്പെ ഉള്‍പ്പെടെ യുവതാരങ്ങള്‍ക്ക് ദെഷാംപ്‌സ് അവസരം നല്‍കിയിട്ടുണ്ട്. സാധ്യതാ ടീമിനെ പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചതിനാല്‍ അവസാന 23 അംഗ ടീമിനെ തന്നെയാണ് കോച്ച് പ്രഖ്യാപിച്ചത്. അതിനാല്‍ ഇനി ബെന്‍സേമക്ക് ഒരു സാധ്യതയുമില്ല.ലോക ഫുട്‌ബോളിലെ മികച്ച മുന്‍നിരക്കാരില്‍ ഒരാളായ ബെന്‍സേമയും ദെഷാംപ്‌സും തമ്മില്‍ നല്ല ബന്ധമല്ല. സെക്‌സ് ടേപ്പ് വിവാദവുമായി ബന്ധപ്പെട്ട് കരീം ടീമിന് പുറത്തായിട്ട് രണ്ട് വര്‍ഷത്തോളമായി. റയല്‍ മാഡ്രിഡ് എന്ന ലോകോത്തര ക്ലബിന്റെ മുന്‍നിരയിലെ സ്ഥിരം നാമമായ കരീമിനായി സൈനുദ്ദീന്‍ സിദാന്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ രംഗത്തുണ്ടായിരുന്നു. പക്ഷേ ദെഷാംപ്‌സ് തന്റെ നിലപാടില്‍ തന്നെ ഉറച്ച് നിന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളായ ആന്റണി മാര്‍ഷ്യല്‍, അലക്‌സാണ്ടര്‍ ലകസാറ്റെ എന്നിവരെ പക്ഷേ റിസര്‍വ് സംഘത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്‌ലറ്റികോ മാഡ്രിഡ് സൂപ്പര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാന്‍, ചെല്‍സിയയുടെ സ്‌ട്രൈക്കര്‍ ഒലിവര്‍ ജെറാര്‍ഡ്, ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ മുന്‍നിരക്കാരന്‍ കൈലിയന്‍ മാപ്പെ, ബാര്‍സിലോണയുടെ മുന്‍നിരക്കാരന്‍ ഉസ്മാന്‍ ഡെബാലെ, നബീല്‍ ഫക്കീര്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. ടീമിന്റെ മുന്‍നിരയിലേക്കായിരുന്നു കാര്യമായ മല്‍സരങ്ങള്‍. ഗ്രീസ്മാന്‍ അപാര ഫോമില്‍ കളിക്കുന്ന താരമായതിനാല്‍ അദ്ദേഹത്തിന് സ്ഥാനം ഉറപ്പായിരുന്നു. ജെറാര്‍ഡിന് അനുകൂലഘടകം അദ്ദേഹത്തിന്റെ ഉയരമായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന മാര്‍ഷ്യലിന് പ്രതികൂലമായത് സമീപകാലത്തെ ഫോം ഔട്ടാണ്. എന്നാല്‍ ആഴ്‌സനല്‍ നിരയില്‍ മുന്‍നിരക്കാരനെന്ന നിലയില്‍ വിശ്വാസ്യത തെളിയിച്ച ലകസാറ്റെയെ ടീമിലെടുക്കുമെന്നാണ് കരുതപ്പെട്ടത്. പിന്‍നിരയിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ മെന്‍ഡിയെ ഉള്‍പ്പെടുത്തിയതും അപ്രതീക്ഷിതമായിട്ടായിരുന്നു. കാല്‍മുട്ടിലെ പരുക്ക് കാരണം സീസണിലെ മിക്ക അവസരങ്ങളിലും പുറത്തിരുന്ന താരമാണ് മെന്‍ഡി. ചെല്‍സിയുടെ നഗാലെ കോന്‍ഡെ, ടോട്ടനത്തിന്റെ ഹ്യൂഗോ ലോറിസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബ എന്നിവരെല്ലം പ്രതീക്ഷിക്കപ്പെട്ട പേരുകളാണ്.
ഡിമിത്രി പായറ്റാണ് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖന്‍. മാര്‍സലിയുടെ താരമായ പായറ്റ് കഴിഞ്ഞ ദിവസം യൂറോപ്പ ലീഗ് ഫൈനല്‍ കളിക്കുകയും പകുതി സമയത്ത് പരുക്കുമായി കരഞ്ഞ് കൊണ്ട് പുറത്ത് പോവുകയും ചെയ്തിരുന്നു. പരുക്കിന്റെ ആഴം വ്യക്തമല്ലെങ്കിലും പായറ്റിന്റെ കാര്യത്തില്‍ ദെഷാംപ്‌സ് പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. ടീം ഇതാണ്: ഗോള്‍ക്കീപ്പര്‍മാര്‍-അരിയോള,ലോറിസ്, മന്‍ഡാന. ഡിഫന്‍ഡര്‍മാര്‍-ഹെര്‍ണാണ്ടസ്, കിംപെംമ്പെ, മെന്‍ഡി,പാവ്‌റാദ്, റാമി, സിദ്ദിബെ, ഉമിത്തി, വരാനെ. മധ്യനിര-നക്കാലെ കാന്‍ഡെ, മറ്റൊഡി, നസോന്‍സി, പോഗ്ബ, ടോളിസോ. മുന്‍നിര-ഉസ്മാന്‍ ഡെബാലെ, ഫക്കീര്‍, ഒലിവര്‍ ജെറാര്‍ഡ്, അന്റോണിയോ ഗ്രീസ്മാന്‍, ലെമാര്‍,കൈലിയന്‍ മാപ്പെ, ഫ്‌ളോറിയാന്‍ തൗവിന്‍.