X
    Categories: Sports

ബാര്‍സ തകര്‍ന്നു

 

വലന്‍സിയ: പരാജയമറിയാത്ത സീസണ്‍ എന്ന സ്വപ്‌ന തുല്യമായ നേട്ടത്തിന്റെ വാതില്‍പ്പടിയില്‍ ബാര്‍സലോണ ഇടറി വീണു. ലാലിഗ 2017-18 സീസണില്‍ 36 തുടര്‍ച്ചയായ മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയ കാറ്റലന്‍ ടീം ലെവന്തെയോട് അവരുടെ തട്ടകത്തില്‍ 5-4 ന് പരാജയപ്പെടുകയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ ചാമ്പ്യന്മാരുടെ വലയില്‍ ഇമ്മാനുവല്‍ ബോട്ടങ്ങിന്റെ ഹാട്രിക് കരുത്തിലാണ് ലെവന്തെ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ചത്. ഫിലിപ് കുട്ടിന്യോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ബാര്‍സ പൊരുതിയെങ്കിലും സമനില ഗോള്‍ നേടാന്‍ ഏണസ്റ്റോ വെല്‍വര്‍ദെയുടെ സംഘത്തെ അനുവദിക്കാതെ ആതിഥേയര്‍ പിടിച്ചുനിന്നു.
പതിവു പോലെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാര്‍സ ഗോളിന് തൊട്ടരികിലെത്തിയെങ്കിലും ഒമ്പതാം മിനുട്ടില്‍ ഗോള്‍ വഴങ്ങിയതോടെ ശനിദശ തുടങ്ങി. ബാര്‍സ ഡിഫന്‍സിനെ കാഴ്ചക്കാരാക്കി കുതിച്ചുകയറിയ സ്പാനിഷ് ലൂയിസ് മൊറാലസ് നല്‍കിയ പാസ് ലക്ഷ്യത്തിലെത്തിച്ചാണ് ഇമ്മാനുവല്‍ ബോട്ടങ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 30-ാം മിനുട്ടില്‍ ബോക്‌സില്‍ വെച്ച് ബാര്‍സ കീപ്പര്‍ ആന്ദ്രെ ടെര്‍സ്റ്റെയ്ഗനെയും നെല്‍സണ്‍ സെമഡോയെയും നിസ്സഹായരാക്കി ബോട്ടങ് രണ്ടാം ഗോളും നേടി. എന്നാല്‍ 38-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തുനിന്ന് ലൂയിസ് സുവാരസിന്റെ പാസ് സ്വീകരിച്ച ഫിലിപ് കുട്ടിന്യോ കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ വലകുലുക്കിയതോടെ ബാര്‍സ തിരിച്ചു വരികയാണെന്നു തോന്നിച്ചു. ഇടവേളക്കു പിരിയുമ്പോള്‍ ആതിഥേയര്‍ 2-1ന് മുന്നിലായിരുന്നു. രണ്ടാം പകുതി തുടങ്ങിയത് ലെവന്തെ ലീഡ് വര്‍ധിപ്പിക്കുന്ന കാഴ്ചയുമായാണ്. 46-ാം മിനുട്ടില്‍ അതിവേഗ ആക്രമണം നടത്തിയ അവര്‍ ജോസ് കംപാന്യയുടെ പാസില്‍ നിന്നുള്ള എനിസ് ബര്‍ദിയുടെ ലോങ് റേഞ്ച് ഗോളിലൂടെ ഗോള്‍ വ്യത്യാസം രണ്ടാക്കി ഉയര്‍ത്തി. മൂന്നു മിനുട്ടിനുള്ളില്‍ ബാര്‍സയുടെ പ്രതിരോധപ്പിഴവ് തുറന്നുകാട്ടി ബോട്ടങ് ഹാട്രിക് പൂര്‍ത്തിയാക്കിയതോടെ ബാര്‍സ 4-1ന് പിന്നിലായി. ആന്റോണിയോ ലൂനയുടെ പാസ് ബോക്‌സില്‍ സ്വീകരിച്ച ബോട്ടങ് കൃത്യതയാര്‍ന്ന പ്ലേസിങിലൂടെ ടെര്‍ സ്റ്റെഗനെ മറികടക്കുകയായിരുന്നു. പകച്ചു പോയ ബാര്‍സ തിരിച്ചടിക്കാനുള്ള കോപ്പൊരുക്കുന്നതിനിടെ ഒരിക്കല്‍ക്കൂടി വലകുലുങ്ങി. 56-ാം മിനുട്ടില്‍ റോജര്‍ മാര്‍ട്ടിയുടെ ത്രൂപാസ് ബാര്‍സയുടെ പ്രതിരോധം പിളര്‍ന്നപ്പോള്‍ ക്ലോസ് റേഞ്ചില്‍ നിന്ന് എനിസ് ര്‍ദി വലകുലുക്കുകയായിരുന്നു.56-ാം മിനുട്ടില്‍ 5-1ന് പിന്നിലായിപ്പോയ ബാര്‍സ ശക്തമായ പ്രത്യാക്രമണമാണ് പിന്നീട് നടത്തിയത്. 59-ാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബലെയുടെ ഗോള്‍ശ്രമം ലെവന്തെ ഡിഫന്‍സ് വിഫലമാക്കിയപ്പോള്‍ റീബൗണ്ടില്‍ നിന്ന് കുട്ടിന്യോ ഗോളടിച്ചു. 64-ാം മിനുട്ടില്‍ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സിന്റെ പാസ് സ്വീകരിച്ച് കുട്ടിന്യോ തൊടുത്ത ഷോട്ട് എതിര്‍ടീം താരത്തിന്റെ ശരീരത്തില്‍തട്ടി വഴിമാറി ഗോള്‍കീപ്പറെ കീഴടക്കിയതോടെ കടം രണ്ടു ഗോളായി കുറഞ്ഞു. 71-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കിനിടെ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടതിന് ബാര്‍സക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. കിക്കെടുത്ത ലൂയിസ് സുവാരസ് പിഴവില്ലാതെ ലക്ഷ്യം കണ്ടതോടെ ബാര്‍സ മത്സരത്തില്‍ തിരിച്ചുവരികയാണെന്നു തോന്നിച്ചു.അന്തിമ വിസിലിന് ഇരുപതു മിനുട്ടോളമുണ്ടായിരുന്നെങ്കിലും സമനില ഗോള്‍ നേടാന്‍ ബാര്‍സക്ക് കഴിഞ്ഞില്ല. ഫ്രീകിക്കിനിടെ സുവാരസിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ബാറിനു മുകളിലൂടെ പറന്നപ്പോള്‍ കുട്ടിന്യോയുടെ മറ്റൊരു ലോങ് റേഞ്ചര്‍ വിഫലമായി. മറുവശത്ത് ഗോള്‍മുഖത്തു വെച്ച് ബാര്‍സ പന്ത് നഷ്ടപ്പെടുത്തിയപ്പോള്‍ ലെവന്തെക്ക് സ്‌കോര്‍ 6-4 ആക്കി ഉയര്‍ത്താനുള്ള സുവര്‍ണാവസരം കൈവന്നെങ്കിലും ടെര്‍സ്‌റ്റെഗന്‍ മാത്രം മുന്നില്‍ നില്‍ക്കെ ബോട്ടങ്ങിന് പിഴച്ചു.

chandrika: