കൊല്‍ക്കത്ത: കരുത്തരായ മിസോറമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. പകരക്കാരനായിറങ്ങിയ അഫ്ദല്‍ വി.കെ 54-ാം മിനുട്ടില്‍ നേടിയ ഗോളില്‍ വിജയം നേടിയ കേരളം ബംഗാളിനെയാണ് ഫൈനലില്‍ നേരിടുക. കര്‍ണാടകയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയായിരുന്നു വംഗനാട്ടുകാരുടെ ഫൈനല്‍ പ്രവേശം. അഞ്ചു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കേരളം സന്തോഷ് ട്രോഫി കലാശക്കളിക്കിറങ്ങുന്നത്.
കളിക്കളത്തിലെ പ്രകടന മികവില്‍ മുന്‍തൂക്കം മിസോറമിനായിരുന്നെങ്കിലും അടിസ്ഥാന പാഠങ്ങള്‍ മറക്കാതെ കളിച്ചാണ് സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന കേരള സംഘം വിജയവുമായി കയറിയത്. ഗ്രൂപ്പ് എ മത്സരത്തില്‍ ബംഗാളിനെ മുട്ടുകുത്തിച്ച സംഘത്തില്‍ നാല് മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് പ്ലെയിങ് ഇലവനെ ഒരുക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട കോച്ച് ലോല്‍സങ്‌സുല മാര്‍ ഇല്ലാതെ ഇറങ്ങിയ മിസോറം 4-1-4-1 എന്ന ശൈലി അവലംബിച്ചു.
തുടക്കത്തില്‍ ഇരുടീമുകളും സാഹസിക നീക്കങ്ങള്‍ക്ക് മുതിര്‍ന്നില്ലെങ്കിലും കളി പുരോഗമിച്ചപ്പോള്‍ മിസോറം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. വലതു വിങില്‍ ലാല്‍ബിയാഖുലയുടെ നീക്കങ്ങള്‍ കേരളത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഗോള്‍മുഖത്ത് സെറ്റ്പീസുകള്‍ നേടുന്നതില്‍ മിസോറം വിജയിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ കേരളം പ്രതിരോധം മുറുക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ നാലു ഗോള്‍ നേടിയ ലാല്‍ റൊമാവിയയുടെ 17 വാര അകലെ നിന്നുള്ള ഷോട്ട് വലതുവശത്തേക്ക് മുഴുനീള ഡൈവ് നടത്തിയാണ് മിഥുന്‍ വി തട്ടിയകറ്റിയത്. 33-ാം മിനുട്ടില്‍ റോമാവിയ ഗോളിന് തൊട്ടരികിലെത്തിയെങ്കിലും മിഥുന്റെ മനസ്സാന്നിധ്യത്തെ മറികടക്കാനായില്ല. ബോക്‌സിന്റെ അതിര്‍ത്തിയില്‍ നിന്ന് രാഹുല്‍ കെ.പി തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതിരുന്നത് കേരളത്തിനും തിരിച്ചടിയായി.
ഹാഫ് ടൈമിന് തൊട്ടുമുമ്പ് സജിത്തിനെ പിന്‍വലിച്ച് സ്‌ട്രൈക്കര്‍ അഫ്ദല്‍ വി.കെയെ കളത്തിലിറക്കാനുള്ള തീരുമാനമാണ് കേരള വിജയത്തില്‍ നിര്‍ണായകമായത്. കളി ഒരു മണിക്കൂറിനോടടുക്കവെ അഫ്ദല്‍ കോച്ചിന്റെ തീരുമാനത്തെ ന്യായീകരിച്ച് വലകുലുക്കി. വലതുവിങില്‍ നിന്ന് രണ്ട് പ്രതിരോധക്കാരെ വെട്ടിച്ച് മുന്നേറിയ ജിതിന്റെ പാസില്‍ നിന്ന് രാഹുല്‍ കെ.പി ഷോട്ടുതിര്‍ത്തെങ്കിലും മിസോറം കീപ്പര്‍ ലാല്‍തന്‍പുയ്യ റാള്‍ട്ടെ തട്ടിയകറ്റി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അഫ്ദലിന്റെ കാലിലാണ് പന്തെത്തിയത്. പന്ത് നിയന്ത്രിച്ച അഫ്ദല്‍ പിഴവ് വരുത്താതെ ലക്ഷ്യം കാണുകയും ചെയ്തു.
കളിയുടെ ഗതിക്കു വിപരീതമായി വീണ ഗോള്‍ മിസോറമിനെ ഞെട്ടിച്ചു. വാശിയേറിയ ആക്രമണങ്ങളിലൂടെ ഗോളടിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കേരള പ്രതിരോധം ഉരുക്കുകോട്ടയായി നിലകൊണ്ടു. അവസാന ഘട്ടങ്ങളില്‍ സര്‍വം മറന്ന് മിസോറം ആക്രമിച്ചെങ്കിലും സ്വന്തം ബോക്‌സില്‍ സമചിത്തതയോടെ നിന്ന കേരള കളിക്കാര്‍ അപകടമൊഴിവാക്കി. ക്ഷമ നശിച്ച് മിസോറം കളിക്കാര്‍ തൊടുത്ത ലോങ് റേഞ്ചറുകള്‍ക്ക് മിഥുനെ പരീക്ഷിക്കാന്‍ കഴിഞ്ഞതുമില്ല.
അഞ്ച് തവണ ചാമ്പ്യന്മാരായ കേരളത്തിന്റെ പതിനാലാമത് സന്തോഷ് ട്രോഫി ഫൈനല്‍ പ്രവേശമാണിത്. 32 തവണ ചാമ്പ്യന്മാരാണ് ആതിഥേയരായ ബംഗാള്‍. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ബംഗാളിനായി ആരവം മുഴക്കുന്ന കാണികളെയും ആതിഥേയര്‍ക്ക് അനുകൂലമായ അന്തരീക്ഷത്തെയും കീഴടക്കുക എന്നതാവും സതീവനും കുട്ടികള്‍ക്കും മുന്നിലുള്ള വെല്ലുവിളി. 1994 ല്‍ കട്ടക്കില്‍ വെച്ചാണ് ഇതിനു മുമ്പ് കേരളം – ബംഗാള്‍ ഫൈനല്‍ നടന്നത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ജയം ബംഗാളിനൊപ്പമായിരുന്നു. അവസാനമായി കപ്പടിച്ച 2004-നു ശേഷം 2012-ല്‍ ഫൈനലിലെത്തിയെങ്കിലും കിരീടമുയര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.
ഇത്തവണ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയിക്കാന്‍ കഴിഞ്ഞുവെന്നത് കേരളത്തിന് പ്രതീക്ഷ പകരുന്നുണ്ട്.