X
    Categories: Sports

ആരോഗ്യം, അതാണ് മുഖ്യമെന്ന് ടിറ്റേ, നെയ്മര്‍ക്കായി കാത്തുനില്‍ക്കില്ല

 

റിയോ: ആരോഗ്യമാണ് പ്രധാനം, താരമല്ല-പറയുന്നത് ബ്രസീല്‍ കോച്ച് ടിറ്റെ. സൂപ്പര്‍ താരം നെയ്മര്‍ പരുക്കില്‍ തളര്‍ന്ന് ചികില്‍സാ കട്ടിലില്‍ വിശ്രമിക്കുമ്പോള്‍ കോച്ചിന്റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്. ഏത് സൂപ്പര്‍ താരമായാലും തന്റെ പ്രഥമ പരിഗണന ആരോഗ്യമുള്ള താരമാണെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ നെയ്മര്‍ സമ്മര്‍ദ്ദക്കൂട്ടിലായി. നേരത്തെ ടീമിന്റെ നായകസ്ഥാനത്തേക്ക് ടിറ്റോ കണ്ട് വെച്ച താരമാണ് നെയ്മര്‍. പക്ഷേ ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്കായി കളിക്കുന്ന സൂപ്പര്‍ താരം മാര്‍സലിയുമായുള്ള ഫ്രഞ്ച് കപ്പ് മല്‍സരത്തിനിടെ പരുക്കില്‍ പുറത്തായി ഇപ്പോള്‍ വലത് കാല്‍പാദത്തില്‍ സര്‍ജറിയും കഴിഞ്ഞ് വിശ്രമത്തിലാണ്. കുറഞ്ഞത് മൂന്ന് മാസമെടുക്കും അദ്ദേഹം മൈതാനത്തിറങ്ങാനെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ലോകകപ്പില്‍ ബ്രസീല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ആദ്യ മല്‍സരം കളിക്കുന്നതാവട്ടെ ജൂണ്‍ 17 നും. നൂറ് ശതമാനം പ്രൊഫഷണലാണ് ടിറ്റെ. നല്ല ആരോഗ്യമാണ് അദ്ദേഹത്തിന്റെ സെലക്ഷന്‍ മാനദണ്ഡം. നൂറ് ശതമാനം ഫിറ്റ്‌നസ് തെളിയിക്കാതെ ഒരാളുമായി താന്‍ മൈതാനത്തിറങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നെയ്മറിന്റെ പിതാവും പറഞ്ഞത് ആരോഗ്യത്തെക്കുറിച്ചാണ്. മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷം പൂര്‍ണാരോഗ്യത്തോടെ അദ്ദേഹത്തിന് തിരിച്ചുവരാനായാല്‍ ലോകകപ്പില്‍ കളിക്കാം. അല്ലാത്തപക്ഷം പുറത്തിരിക്കാം. ആരോഗ്യമില്ലാത്ത ഒരു താരവുമായി ലോകകപ്പല്ല, ഒരു ലീഗ് മല്‍സരം പോലും ജയിക്കാനാവില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ടിറ്റേ പറഞ്ഞു. രാജ്യത്തിന് വേണ്ടി ഇതിനകം 83 മല്‍സരങ്ങളില്‍ നിന്നായി 53 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തിരിക്കുന്നു നെയ്മര്‍. ഈ മാസാവസാനത്തില്‍ ലോകകപ്പ് മുന്‍നിര്‍ത്തി ബ്രസീല്‍ ടീം സൗഹൃദ മല്‍സരങ്ങള്‍ക്കായി ഇറങ്ങുകയാണ്. ഈ മല്‍സരങ്ങളിലൊന്നിലും നെയ്മര്‍ക്ക് കളിക്കാനാവില്ല.

chandrika: