X
    Categories: Sports

വിധി വ്യാഴം

 

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ കിരീട ജേതാക്കളെ വ്യാഴാഴ്ച്ചയറിയാം. കിരീട സാധ്യത പല ടീമുകള്‍ക്കുമുളളതിനാല്‍ പ്രധാനപ്പെട്ട എല്ലാ മല്‍സരങ്ങളും അന്നേ ദിവസം മൂന്ന് മണിക്ക് നടക്കും. നേരത്തെയുള്ള ഫിക്‌സ്ച്ചര്‍ പ്രകാരം ഇന്ന് കോഴിക്കോട്ട് നടക്കേണ്ടിയിരുന്ന കേരളാ എഫ്.സി മോഹന്‍ ബഗാന്‍ മല്‍സരവും അന്ന് തന്നെയാണ് നടക്കുകയെന്ന് ഐ ലീഗ് സി.ഇ.ഒ സുനന്ദോ ദര്‍ അറിയിച്ചു. കോഴിക്കോട്ടെ മല്‍സരത്തിന് പുറമെ അന്ന് ഒരേ സമയത്ത് പഞ്ചഗുളയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള മിനര്‍വ പഞ്ചാബ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയും കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാള്‍ നെറോക്ക എഫ്.സിയെയും നേരിടും. ഇവരില്‍ മിനര്‍വ, നെറോക്ക, ബഗാന്‍ എന്നിവര്‍ക്കാണ് കിരീട സാധ്യത. 17 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ മിനര്‍വക്ക് ജയിക്കാനായാല്‍ അവരായിരിക്കും ജേതാക്കള്‍. ഈ മല്‍സരത്തില്‍ തോല്‍ക്കുന്നപക്ഷം ചര്‍ച്ചില്‍ ബ്രദേഴ്‌സ് തരം താഴ്ത്തപ്പെടുകയും ചെയ്യും. 17 മല്‍സരങ്ങളില്‍ നിന്ന് 31 പോയന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന നെറോക്ക പ്രാര്‍ത്ഥിക്കുന്നത് മിനര്‍വയുടെ തോല്‍വിയാണ്. അങ്ങനെ വന്നാല്‍ വിജയിച്ചാല്‍ അവര്‍ക്ക് കിരീടം സ്വന്തമാക്കാം. മോഹന്‍ ബഗാന് 30 പോയിന്റും മൂന്നാം സ്ഥാനവുമാണുള്ളത്. മിനര്‍വയുടെ പരാജയവും നെറോക്കയുടെ സമനിലയിലുമെല്ലാമാണ് അവരുടെ പ്രതീക്ഷകള്‍. ഈസ്റ്റ് ബംഗാളിനും സാധ്യതകള്‍ അവശേഷിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഷില്ലോംഗിലെ പോരാട്ടത്തില്‍ ലജോംഗിനോട് 2-2 സമനില വഴങ്ങിയതോടെ അവരുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. 17 മല്‍സരങ്ങളില്‍ നിന്ന് 30 പോയന്റാണ് ഇപ്പോഴത്തെ സമ്പാദ്യം. ശക്തരായ നെറോക്കയുമായാണ് അവരുടെ അവസാന മല്‍സരം. ഇതില്‍ ജയിച്ചാല്‍ തന്നെ മറ്റ് മല്‍സരങ്ങളുടെ ഫലത്തെ ആശ്രയിക്കണം. കേരളത്തില്‍ നിന്നുളള ഏക ടീമായ കേരളാ എഫ്.സിക്ക് കോഴിക്കോട്ട് മോഹന്‍ ബഗാനെ തോല്‍പ്പിക്കാനായാല്‍ നിലവിലെ ഏഴില്‍ നിന്നും ആറിലെത്തി സൂപ്പര്‍ കപ്പിന് യോഗ്യത നേടാനുള്ള അവസരവും ബാക്കിനില്‍ക്കുന്നു. കൊല്‍ക്കത്തയില്‍ ബഗാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്.

chandrika: