ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്
ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വലജയത്തോടെ ആതിഥേയരായ കേരളം ജൈത്രയാത്ര തുടങ്ങി. ഗ്രൂപ്പ് എയിലെ പുരുഷവിഭാഗം മത്സരത്തില്‍ രാജസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (25-20, 25-13, 25-13) കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കിരീടപോരാട്ടത്തിന് തുടക്കമിട്ടത്. ആദ്യസെറ്റില്‍ അല്‍പം വിയര്‍ത്തെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ അനായാസം നേടിയ കേരളം ഫോമില്‍തിരിച്ചെത്തുകയായിരുന്നു. ക്യാപ്റ്റന്‍ ജെറോം വിനിതിന്റെ നേതൃത്വത്തിലിറങ്ങിയ മലയാളിസംഘം മികച്ച സ്മാഷുകള്‍ ഉതിര്‍ത്തും ബ്ലോക്കുകള്‍,പ്ലേസ്‌മെന്റുകളിലായി കളംനിറഞ്ഞു.
രാജസ്ഥാന്റെ മികച്ച സ്മാഷോടെയാണ് മത്സരം ആരംഭിച്ചത്. തുടര്‍ച്ചയായി നാല്‌പോയന്റുകള്‍ നേടി രാജസ്ഥാന്‍ പിടിമുറുക്കുകയാണെന്ന് തോന്നിച്ച ഘട്ടത്തില്‍ മത്സരത്തിലേക്ക് തിരിച്ചെത്തി കേരളം ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നതാണ് പിന്നീട് കണ്ടത്. മിന്നുംഫോമില്‍ കളിച്ച ക്യാപ്റ്റന്‍ ജെറോമിന്റെയും കോഴിക്കോട്ടുകാരന്‍ വിപിന്‍ എം ജോര്‍ജ്ജിന്റേയും സ്മാഷുകളെ ആര്‍പ്പ് വിളികളോടെയാണ് വോളി പ്രേമികള്‍ എതിരേറ്റത്. യുവതാരം അജിത് ലാലും സെറ്ററായി മുത്തുസാമിയും അവസരത്തിനൊത്തുയര്‍ന്നു. ലിബറോയായി കളത്തിലെത്തിയ സി.കെ രതീഷിന് രാജസ്ഥാനുമായുള്ള മത്സരത്തില്‍ വലിയവെല്ലുവിളിയുണ്ടായിരുന്നില്ല.
ആദ്യസെറ്റില്‍ ഒരുഘട്ടത്തില്‍ രാജസ്ഥാന്‍ പോയന്റ് നിരയില്‍ മുന്നിലെത്തുമെന്ന് തോന്നിച്ചെങ്കിലും അവസരം നല്‍കാതെ ആതിഥേയര്‍ പിടിമുറുക്കി. മുത്തുസാമിയുടെ മികച്ച പ്ലേസിങോടെയാണ് രണ്ടാംസെറ്റ് ആരംഭിച്ചത്. യുവതാരം അജിത്ത് ലാലും രോഹിത്തും ജെറോമും എതിര്‍കോര്‍ട്ടില്‍ ഇടിമുഴക്കം തീര്‍ത്തതോടെ രാജസ്ഥാന്‍ ഒരുഘട്ടത്തില്‍ പതറുന്ന കാഴ്ചക്കാണ് കാലിക്കറ്റ് ട്രേഡ് സെന്റര്‍ സാക്ഷ്യംവഹിച്ചത്. പാസ് നഷ്ടപ്പെടുത്തിയും സര്‍വ്വുകള്‍ പുറത്തേക്കടിച്ചും രാജസ്ഥാന്‍ പരാജിതരെ പോലെയാണ് കളിച്ചത്. സന്ദര്‍ശക നിരയില്‍ ജതിന്‍സിങ് മാത്രമാണ് തിളക്കമാര്‍ന്ന പ്രകടനം നടത്തിയത്.
മൂന്നാംസെറ്റില്‍ പൂര്‍ണമായി ആധിപത്യം പുലര്‍ത്തിയ ആതിഥേയര്‍ തുടര്‍ച്ചയായി ആദ്യ ആറുപോയന്റുകള്‍(6-0) നേടി നയം വ്യക്തമാക്കി. മുത്തുസാമിയെ പിന്‍വലിച്ച് സെറ്ററായി എന്‍.ജിതിനെയിറക്കിയ കോച്ച് അബ്ദുല്‍നാസര്‍ പരീക്ഷണങ്ങള്‍ക്കും മുതിര്‍ന്നു. സെറ്റര്‍ മാറിയതോടെ മൂന്നാംസെറ്റില്‍ കൂടുതല്‍ സ്മാഷുകള്‍ക്കും അവസരമൊരുങ്ങി. മിഡില്‍പ്ലെയര്‍ അബ്ദുല്‍ റഹീന്‍ പ്ലേസ്‌മെന്റുകളിലൂടെയും സ്മാഷുകളിലൂടെയും കൈയടിനേടി. രണ്ടാംമത്സരത്തില്‍ കേരളം ഇന്ന് വൈകീട്ട് നാല് മണിക്ക് ആന്ധ്രാപ്രദേശിനെ നേരിടും. കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് മത്സരം.