X
    Categories: Sports

സ്പിന്‍ പേടിയില്‍ ദക്ഷിണാഫ്രിക്ക

 

കേപ്ടൗണ്‍: ക്യാപ്റ്റന്‍ ഫാന്‍ ഡൂപ്ലസിയില്ല…… സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എബി ഡി വില്ലിയേഴ്‌സില്ല…. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ ഡി കോക്കുമില്ല. ഇന്ന് നടക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇവര്‍ക്ക്് പകരം ആരായിരിക്കും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ നയിക്കുക… ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച സീനിയര്‍ ബൗളര്‍ കാഗിസോ റബാദ ഈ ചോദ്യത്തിന് മുന്നില്‍ കുഴങ്ങി. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അരങ്ങ് തകര്‍ത്തുനില്‍ക്കുകയാണ്. ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി ആഫ്രിക്കന്‍ മധ്യനിരയെ തകര്‍ത്തത്് യൂസവേന്ദ്ര ചാഹല്‍ എന്ന ഓഫ് സ്പിന്നര്‍ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റുമായി മുന്‍നിരയെയും തരിപ്പണമാക്കി. കുല്‍ദീപ് യാദവ് എന്ന സ്പിന്നറാവട്ടെ വാലറ്റമാണ് ലക്ഷ്യമിടുന്നത്. രണ്ട് മല്‍സരങ്ങളില്‍ നിന്നായി ഇതിനകം ചാഹല്‍ നേടിയത് എട്ട് വിക്കറ്റുകള്‍. പേസര്‍മാര്‍ വാഴുന്ന ആഫ്രിക്കന്‍ ട്രാക്കില്‍ ഒരു ഇന്ത്യന്‍ സ്പിന്നറുടെ ഗംഭീരമായ പ്രകടനം. കുത്തിതിരിയുന്ന ചാഹലിന്റെ പന്തുകള്‍ ഏത് വിധം നേരിടുമെന്ന ആശങ്കയിലാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര. മുന്‍ നായകന്‍ ഹാഷിം അംലയാണ് ടീമിലെ സീനിയര്‍ ബാറ്റ്‌സ്മാന്‍. അദ്ദേഹത്തിലാണ് പ്രതീക്ഷയത്രയും. പക്ഷേ ഇന്ത്യന്‍ സീമര്‍മാരും ഫോമില്‍ പന്തെറിയുന്നതിനാല്‍ അംലക്കും റണ്‍സ് നേടുകയെന്നത് എളുപ്പമുള്ള ജോലിയല്ല.അംലക്കൊപ്പം ഇത് വരെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത് ഡി കോക്കായിരുന്നു. അദ്ദേഹവും പരുക്കില്‍ പുറത്തായ സാഹചര്യത്തില്‍ പുതിയ ഓപ്പണറെ കണ്ടെത്തണം. വിക്കറ്റ് കീപ്പറെയും കണ്ടെത്തേണ്ടിയിരിക്കുന്നു. അംലക്കൊപ്പം പുതിയ നായകന്‍ ഐദന്‍ മാര്‍ക്ക്‌റാമിനായിരിക്കും സാധ്യത. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ഹെന്‍ട്രിക് കാല്‍സണ്‍ അണിയും. പരമ്പരയിലെ ആദ്യ രണ്ട് മല്‍സരത്തിലും ഇന്ത്യ ജയിക്കാന്‍ അടിസ്ഥാന കാരണം സ്പിന്നര്‍മാരാണ്. അതിനാല്‍ ദക്ഷിണാഫ്രിക്ക ഇന്ന് രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുമോ എന്ന ചോദ്യമുണ്ട്. ഇന്ത്യന്‍ സംഘത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. പിച്ച് ബാറ്റിംഗിന് അനുകൂലമാണ്. വലിയ സ്‌ക്കോറുകളാണ് സമീപകാലത്ത് ന്യൂലാന്‍ഡ്‌സില്‍ പിറന്നത്. അതിനാല്‍ തന്നെ ബാറ്റ്‌സ്മാന്മാര്‍ക്ക് മുഖ്യ പരിഗണന നല്‍കുന്നതായിരിക്കും ടീം ലൈനപ്പ്. ദക്ഷിണാഫ്രിക്കയുടെ നിരയില്‍ ന്യൂലാന്‍ഡ്‌സിനെ മനോഹരമായി പ്രയോജനപ്പെടുത്താറുള്ളത് ജെ.പി ഡുമിനിയാണ്.ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യക്ക് ഏകദിന പരമ്പരില്‍ പിടിമുറുക്കാനുള്ള അവസരം കൂടിയാണിന്ന്. ആറ് മല്‍സര പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്നാം മല്‍സരത്തിലും ജയിച്ചാല്‍ പരമ്പര നഷ്ടമാവില്ല എന്നുറപ്പ് വരുത്താം.

chandrika: