ബാര്‍സിലോണ: എട്ട് വര്‍ഷം മുമ്പായിരുന്നു അത്. നുവോ കാംമ്പ് എന്ന കാല്‍പ്പന്ത് തട്ടകത്തേക്ക് ഒരു അര്‍ജന്റീനക്കാരന്‍ വരുന്നു. ലിയോ മെസി എന്ന ഇതിഹാസത്തിനൊപ്പം ദേശീയ ടീമില്‍ അരങ്ങ് തകര്‍ത്ത ഹാവിയര്‍ മസ്‌ക്കരാനസ്. ആ വരവ് ചരിത്രമായിരുന്നു. ബാര്‍സ ആരാധകര്‍ രാജോചിതം അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നലെ-എട്ട് വര്‍ഷത്തിന് ശേഷം മസ്‌ക്കരാനാസ് അതേ നുവോ കാംപിനോട് വിടപറയാന്‍ എത്തിയപ്പോള്‍ പല കണ്ണുകളും നനഞ്ഞു. ഔദ്യോഗിക വിടപറയല്‍ ചടങ്ങിനിടെ മസ്‌ക്കരാനസും വാക്കുകള്‍ക്കായി തപ്പിതടഞ്ഞു. മെസിയെയും ഇനിയസ്റ്റയെയും പിക്വയെയുമെല്ലാം സാക്ഷി നിര്‍ത്തി മസ്‌ക്കരാനസ് വിട ചൊല്ലി. ഇനി ഒരു മല്‍സരം അദ്ദേഹം അവസാനമായി കളിക്കുന്നുണ്ട്-എസ്പാനിയോളിനെതിരായ ലാലീഗ പോരാട്ടം. അതിന് ശേഷം ചൈനീസ് ലീഗിലേക്ക് പോവും. ചൈനീസ് ക്ലബായ ഹൈബൈ ഫോര്‍ച്ച്യൂണുമായി മസ്‌ക്കരാനസ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.ശക്തനായ ഡിഫന്‍ഡറായിരുന്നു മസ്‌ക്കരാനസ്. 18 വലിയ കിരീടങ്ങള്‍ അദ്ദേഹത്തിന്റെ സമയത്ത് ബാര്‍സ സ്വന്തമാക്കിയിരുന്നു. മെസിക്കൊപ്പം പരസ്പര ധാരണയില്‍ സുന്ദരമായി കളിച്ചിരുന്നു അദ്ദേഹം. പക്ഷേ ഏര്‍ണസ്റ്റോ വെല്‍വാര്‍ഡേ ബാര്‍സ പരിശീലകനായതിന് ശേഷം മസ്‌ക്കരാനസിന് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമായി. സെന്റര്‍ ബാക്ക് സ്ഥാനത്തേക്ക് പുതിയ കോച്ച് പരീക്ഷിച്ചത് സാമുവല്‍ ഉമിറ്റിയെയായിരുന്നു. ഉമിറ്റി പരുക്കില്‍ തളര്‍ന്നപ്പോഴും മസ്‌ക്കാരനിസിന് അവസരം നല്‍കാതെ യെറി മിന്ന എന്ന കൊളംബിയന്‍ ഡിഫന്‍ഡറെ ബാര്‍സ വിളിച്ചതും മസ്‌ക്കരാനസിന് തിരിച്ചടിയായി. ഒടുവില്‍ കഴിഞ്ഞയാഴ്ച്ച ബാര്‍സ ഔദ്യോഗികമായി മസ്‌ക്കരാനസിന് വിടുതല്‍ നല്‍കിയിരുന്നു.334 മല്‍സരങ്ങളാണ് അദ്ദേഹം ബാര്‍സക്കായി കളിച്ചത്. ഒരു ഗോളും സ്‌ക്കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഒസാസുനക്കെതിരായ മല്‍സരത്തില്‍ പെനാല്‍ട്ടി കിക്കില്‍ നിന്നും. അദ്ദേഹം വിടപറയുന്നതും ഒസാസുനക്കെതിരെ ഇന്ന് രാത്രി കളിച്ചിട്ടാണ്. ഈ വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പോടെ രാജ്യാന്തര രംഗത്ത് നിന്നും 33-കാരന്‍ വിടവാങ്ങും. സ്വന്തം നാട്ടില്‍ പ്രമുഖ ക്ലബായ റിവര്‍പ്ലേറ്റ്, ബ്രസീലിന്‍ ടീമായ കൊറീന്ത്യന്‍സ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം, ലിവര്‍പൂള്‍ എന്നിവര്‍ക്കായി കളിച്ചിരുന്നു. ലിവര്‍പൂളില്‍ നിന്നാണ് അദ്ദേഹം ബാര്‍സയിലെത്തിയത്. 2003 ലാണ് അദ്ദേഹം ആദ്യമായി അര്‍ജന്റീനയുടെ ദേശീയ കുപ്പായമണിഞ്ഞത്. 141 മല്‍സരങ്ങളില്‍ നിന്നായി മൂന്ന് ഗോളും സ്‌ക്കോര്‍ ചെയ്തിട്ടുണ്ട്.