മഡ്ഗാവ്: എമിലിയാനോ അല്‍ഫാറോ എന്ന സൂപ്പര്‍ താരത്തിന്റെ അവസരോചിത ഗെയിമില്‍ പൂനെക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന പോരാട്ടത്തിലര്‍ ബദ്ധവൈരികളായ മുംബൈ സിറ്റി എഫ്.സിയെ 2-1ന് പരാജയപ്പെടുത്തി. ബല്‍വന്ത് സിംഗിലൂടെ മല്‍സരത്തിന്റെ പതിനഞ്ചാം മിനുട്ടില്‍ തന്നെ മുംബൈയാണ് ലീഡ് നേടിയത്. രണ്ടാം പകുതിയുടെ അന്ത്യ ഘട്ടത്തിലായിരുന്നു പെനാല്‍ട്ടി കിക്ക് വഴി പൂനെയുടെ സമനില ഗോള്‍. വൈകാതെ എമിലിയാനോ വിജയ ഗോളും നേടി.
മിന്നും ഫോമിലാണ് സുനില്‍ ഛേത്രിയുടെ ബംഗ്ലൂരു. കളിച്ച മല്‍സരങ്ങളെല്ലാം ജയിച്ചിരിക്കുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കന്നിക്കാര്‍. ഇന്ന് അവര്‍ക്ക് മുന്നില്‍ ഗോവക്കാര്‍. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അരങ്ങ് തകര്‍ക്കുമോ ഗോവക്കാര്‍… കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ആവേശത്തിലാണ് നവാഗതരായ ഛേത്രിപ്പട. ആദ്യ മത്സരത്തില്‍ മൂംബൈ സിറ്റി എഫ്.സിയേയും രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെയും തകര്‍ത്തിരുന്നു അവര്‍. ഇതിനകം രണ്ട് മത്സങ്ങളോടെ ആറ് പോയിന്റ് നേടിയ ഏക ടീമാണ് ബെംഗഌരു എഫ്.സി. അതേസമയം ഗോവ ആദ്യ മത്സരത്തില്‍ ജയിച്ചു. മുംബൈയിലെ രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടു.
പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ബെംഗഌരുവിനെ കീഴ്‌പ്പെടുത്തുക അത്ര എളുപ്പമായിരിക്കില്ലെന്ന് കോച്ച് സെര്‍ജിയോ ലൊബേറോക്ക് നല്ല ബോധ്യമുണ്ട്. ഐ.എസ്.എല്ലില്‍ കളിക്കുന്ന ടീമുകളില്‍ എറ്റവും കരുത്തരായ ടീമാണ് ബെംഗഌരുവെന്ന് മുന്‍ ബാഴ്‌സിലോണ പരിശീലകന്‍ കൂടിയായ ലോബേറോ ഇന്നലെ മത്സരത്തിനു മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗോവയ്ക്കു വേണ്ടി ചെന്നൈയിലെ ആദ്യ മത്സരത്തില്‍ ഫെറാന്‍ കോറോമിനാസ്, മാനുവല്‍ ലാന്‍സറോട്ടി, മന്ദര്‍റാവു ദേശായി എന്നിവരും മുംബൈയ്ക്ക് എതിരായ രണ്ടാം മത്സരത്തിലെ ഏക ഗോള്‍ മാനുവല്‍ അരാനയുമാണ് വലയിലേത്തിച്ചത്. മുംബൈയോട് തുടക്കം തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നുവെങ്കിലും ബോള്‍ പൊസിഷനില്‍ 65 ശതമാനം മുന്‍തൂക്കം ഗോവക്കായിരുന്നു. ബെംഗഌരുവിനെതിരായ മത്സരത്തിലും ഈ ആധിപത്യം ലൊബേറോ പ്രതീക്ഷിക്കുന്നു. ഐ.എസ്.എല്ലിലെ ഏറ്റവും കരുത്തരായ ടീമാണ് ബെംഗഌരുവെങ്കിലും ഇതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കുന്നുവവെന്ന് ഗോവയുടെ മിഡ് ഫീല്‍ഡര്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. മറുവശത്ത് ബെംഗഌരു എഫ്.സിയുടെ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക തന്റെ ടീമിനു മികച്ച തുടക്കം ലഭിച്ചതില്‍ ആഹ്ലാദവാനാണ്. പ്രതിയോഗി ലൊബേറോയെ പുകഴ്ത്തുവാനും റോക്ക മടി കാണിച്ചില്ല. മത്സരം ശക്തമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോവയ്ക്കു ഒരു കാറ്റലോണിയന്‍ പരിശീലകനെയാണ് ലഭിച്ചിരിക്കുന്നത്. എന്നെപ്പോലെ ബാഴ്‌സിലോണയില്‍ അദ്ദേഹവും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഇരുവരുടേയും തത്വചിന്തകളും ഒരേ പോലെയാണ്. എല്ലായിപ്പോഴും മുന്നില്‍ നില്‍ക്കാനുള്ള വ്യഗ്രതയും കൂടുതലാണ്. ആദ്യ രണ്ടു മത്സരങ്ങളില്‍ അവര്‍ അത് പ്രകടമാക്കി. കഴിഞ്ഞ മത്സരത്തിലെ തോല്‍വി ഒഴിവാക്കിയാല്‍ അവരുടെ ടീമും ഐ.എസ്.എല്ലില്‍ കളിക്കുന്ന ടീമുകളില്‍ മികച്ചതാണ്- ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു. പ്ലേ ഓഫില്‍ കളിക്കാന്‍ ഗോവ അര്‍ഹത നേടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.