X
    Categories: More

പിടിപ്പുകേട് ! ബ്ലാസ്റ്റേര്‍സിന്റെ സ്‌പോണ്‍സര്‍മാരുടെ എണ്ണം കുറഞ്ഞു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമെന്ന ഖ്യാതിയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് സ്‌പോണ്‍സര്‍ഷിപ് നല്‍കാന്‍ പ്രമുഖ ബ്രാന്‍ഡുകളൊന്നുമില്ല. മറ്റു ടീമുകള്‍ ലോക പ്രമുഖ ബ്രാന്‍ഡുകളെയും അതാത് സ്ഥലങ്ങളിലെ പ്രധാന സ്ഥാപനങ്ങളെയും സ്‌പോണ്‍സര്‍മാരായി കണ്ടെത്തിയപ്പോള്‍ വിരലെണ്ണാവുന്ന കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്. താരതമ്യേന ആരാധക പിന്തുണ കുറവുള്ള ടീമുകള്‍ക്ക് പോലും ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ അധികം സ്‌പോണ്‍സര്‍മാരുണ്ട്.

എച്ച്.ടി.സി, യമഹ അടക്കമുള്ള ബ്രാന്‍ഡുകളാണ് നോര്‍ത്ത് ഈസ്റ്റിന്റെ സ്‌പോണ്‍സര്‍മാരായിട്ടുള്ളത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ ടീം ഉടമകളായി ഉണ്ടായിട്ടും മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാത്തതിന് കാരണമെന്ന് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. സാമ്പത്തിക നഷ്ടമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു സീസണുകളിലും മാനേജ്‌മെന്റില്‍ അഴിച്ചുപണി നടന്നിരുന്നു. കഴിഞ്ഞ സീസണില്‍ മാത്രം ടീമിന് 18 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഇത്തവണ കൊച്ചിയിലെ മത്സരങ്ങള്‍ക്കുള്ള ഗാലറി ടിക്കറ്റ് ഇരട്ടിയാക്കിയതിന് ടീം മാനേജ്‌മെന്റ് അനൗദ്യോഗികമായി നല്‍കിയ വിശദീകരണവും സാമ്പത്തിക നഷ്ടമായിരുന്നു. പരസ്യവരുമാനത്തിലൂടെ വരുമാനം കണ്ടെത്തുന്നതിന് പകരം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയത് ശരിയായില്ലെന്ന് ഒരു വിഭാഗം ആരാധകരും അഭിപ്രായപ്പെടുന്നു.

ആദ്യ സീസണില്‍ നിരവധി സ്‌പോണ്‍സര്‍മാരെ ടീമിന് ലഭിച്ചിരുന്നു. പക്ഷേ സ്‌പോണ്‍സര്‍മാരെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റിന് കഴിഞ്ഞില്ല കേരളത്തില്‍ നിന്നുള്ള ഒരു ധനകാര്യ സ്ഥാപനമാണ് ഇത്തവണയും ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍. ഒരു ഓട്‌സ് ബ്രാന്‍ഡും മറ്റൊരു കമ്പനിയും ടീമുമായി സഹകരിക്കുന്നുണ്ട്. താരങ്ങളുടെ ജഴ്‌സിയിലും ഷോട്‌സിലുമായി ഏഴു പരസ്യങ്ങള്‍ വരെ ആവാം. ഇടതു തോള്‍ ഭാഗത്ത് ഐ.എസ്.എല്‍ ലോഗോയും ഇടത് നെഞ്ചിന്റെ ഭാഗത്ത് ടീം ലോഗോയും വേണം. വലതു ഭാഗത്ത് പരസ്യമാവാം. കോളറിന് തൊട്ടു താഴെ വലതുഭാഗത്തും ജഴ്‌സിയുടെ തോള്‍ഭാഗത്തും പരസ്യം പതിക്കാന്‍ 7.5 കോടി രൂപ വരെ ടീമിന് ഫീസായി വാങ്ങാനാവും. ജഴ്‌സിയുടെ പുറംഭാഗത്തെ പരസ്യത്തിന് 15 കോടി രൂപ ഈടാക്കാം. ഷോര്‍ട്‌സിന്റെ ഇരുവശത്തെ പരസ്യങ്ങള്‍ക്കുമായി 2.25 കോടി രൂപ വരെ വാങ്ങാനും കഴിയും. പക്ഷേ മൂന്ന് കമ്പനിയില്‍ മാത്രമായി ടീമിന്റെ സ്‌പോണ്‍സര്‍ഷിപ് ഒതുങ്ങി. സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ അവസാന നിമിഷം മാനേജ്‌മെന്റ് ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും നീക്കങ്ങളെല്ലാം പാളിയെന്നാണ് റിപ്പോര്‍ട്ട്.

പല വിഷയങ്ങളിലും ഇതിന് മുമ്പും ടീം മാനേജ്‌മെന്റ് നിരവധി തവണ പഴി കേട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ മീഡിയ ചുമതല വഹിക്കുന്ന ഏജന്‍സിയെ കുറിച്ച് ആദ്യ സീസണ്‍ മുതല്‍ തന്നെ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റു ടീമുകളുടെ പബ്ലിക് റിലേഷന്‍ ചുമതല വഹിക്കുന്ന ഏജന്‍സികള്‍ കൃത്യമായി പത്രകുറിപ്പുകളും അറിയിപ്പുകളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയക്കുമ്പോള്‍ ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടാല്‍ പോലും അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഏജന്‍സിയിലെ ജീവനക്കാര്‍ തയ്യാറല്ലെന്നാണ് ആക്ഷേപം.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേഡ്‌ലാബ് ഏഷ്യയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പബ്ലിക് റിലേഷന്‍ ജോലികള്‍ ചെയ്യുന്നത്. നേരത്തേ ആരാധകരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഏജന്‍സിയെ ഇത്തവണ മാനേജ്‌മെന്റ് മാറ്റിയിരുന്നു. റെക്കോഡ് ഫോളോവേഴ്‌സ്ഉണ്ടായിട്ടും ടീമിനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ യഥാസമയം സോഷ്യല്‍ മീഡിയ വഴി അറിയിക്കാത്തതിനെ തുടര്‍ന്നായിരുന്നു മാനേജ്‌മെന്റിന്റെ നടപടി.

chandrika: