X

യു.ഡി.എഫ് തറവാടിന്റെ ആത്മീയ ചൈതന്യം-വിഡി സതീശന്‍

കേരളത്തിലെ ജനാധിപത്യ മതേതര മനസുകളെ വേദനിപ്പിക്കുന്ന വിയോഗമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടേത്. യു.ഡി.എഫ് തറവാട്ടിലെ കാരണവര്‍. മുന്നണിയെ ഒറ്റക്കെട്ടായി മുന്നില്‍നിന്ന് നയിച്ച വ്യക്തിത്വം. മൃദുഭാഷിയായിരുന്നെങ്കിലും കാര്‍ക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു തങ്ങളുടേത്. നിര്‍ണായകമായ രാഷ്ട്രീയ ഘട്ടങ്ങളില്‍ യു. ഡി.എഫിനെയും മുസ്‌ലിംലീഗിനെ കാലഘട്ടം ആവശ്യപ്പെട്ട തരത്തില്‍ നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നില്‍നിന്നു നയിച്ച അദ്ദേഹം, എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമായി പ്രവര്‍ത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന വലിയ മനുഷ്യന്‍ കടന്നുപോകുന്നത് തീരാനഷ്ടമാണ്.

യു.ഡി.എഫ് ശക്തിപ്പെടുത്താനാണ് എല്ലാക്കാലത്തും മുസ്‌ലിംലീഗ് ശ്രമിച്ചിട്ടുള്ളത്. അതുതന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യവും. കോണ്‍ഗ്രസുമായുള്ള ബന്ധം കുടുംബ ബന്ധം പോലെ തന്നെയാണ്. 2009 ല്‍ മുസ്‌ലിംലീഗ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ പറഞ്ഞ വാക്കുകളാണിത്. മുസ്‌ലിംലീഗ് അധ്യക്ഷ സ്ഥാനത്തിരുന്ന 12 വര്‍ഷവും അദ്ദേഹത്തിന് ഇതേ നിലപാട് തന്നെയായിരുന്നു. രാഷ്ട്രീയത്തിനൊപ്പം മത സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു തങ്ങള്‍. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടക്കലര്‍ത്തില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിനും അപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തങ്ങള്‍ ശ്രദ്ധ വച്ചു. പാവപ്പെട്ടവന്റെ ദുഃഖം സ്വന്തം ദുഃഖമായി കണ്ട്, സ്‌നേഹ, സാഹോദര്യങ്ങള്‍ പകര്‍ന്നുനല്‍കിയ വ്യക്തിത്വമായിരുന്നു തങ്ങള്‍. നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയുമായിരുന്നു. ഇതിനൊപ്പം എക്കാലത്തും ഉദാത്തമായ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ഏഴര പതിറ്റാണ്ടിലധികം മതേതരത്വത്തിന്റേയും മാനവികതയുടേയും വെളിച്ചം പകര്‍ന്ന വിളക്കാണ് അണഞ്ഞത്. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയം കറങ്ങിത്തിരിഞ്ഞ പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ നാഥന്‍. മത രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള കടന്നുവരവിനെ ദൈവീകമായ അനുഗ്രഹമായാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കണ്ടത്. ഉറച്ച വിശ്വാസമാണ് പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നോട്ട്‌പോകാന്‍ തങ്ങള്‍ക്ക് കരുത്തായതും. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ തന്റേതു കൂടിയായി കണ്ട ഹൃദയവിശാലത. മനുഷിക വിഷയങ്ങളില്‍ ഹൃദയം കൊണ്ടാണ് തങ്ങള്‍ സംസാരിച്ചത്. പ്രവര്‍ത്തന ശൈലിയിലും പ്രസംഗത്തിലുമൊക്കെ തന്റേതായ കൈയ്യൊപ്പ് തങ്ങള്‍ക്കുണ്ടായിരുന്നു. പറയാനുള്ളതെല്ലാം സൗമ്യതയോടെ എന്നാല്‍ കണിശമായി പറഞ്ഞു വെക്കാന്‍ അദ്ദേഹത്തിന് വല്ലാത്തൊരു വൈഭവമുണ്ടായിരുന്നു. നിത്യേന നിരവധി പേരാണ് തങ്ങളെ കാണാന്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലേക്കെത്തിയിരുന്നത്. എല്ലാവരെയും സൗമ്യതയോടെ സ്വീകരിക്കാന്‍ തങ്ങള്‍ എപ്പോഴും ആ വരാന്തയിലുണ്ടാകുമായിരുന്നു. ജീവിതത്തിലെ എന്തു പ്രതിസന്ധിയിലും പലര്‍ക്കും അത്താണിയും അവസാനവാക്കുമായിരുന്നു. പാവങ്ങളെ സഹായിക്കുന്നതിനു വേണ്ടി ഭവന നിര്‍മ്മാണ പദ്ധതിയുള്‍പ്പെടെ നിരവധി ആശയങ്ങളാണ് തങ്ങള്‍ നടപ്പിലാക്കിയത്. മതത്തിനതീതമാണ് മുസ്‌ലിംലീഗിന്റെ റിലീഫ് പ്രവര്‍ത്തനമെന്ന അഭിപ്രായമാണ് തങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മതത്തിന് അതീതമായി മാനവികമായ അംശങ്ങള്‍ക്കുതന്നെയാണ് മുന്‍തൂക്കം നല്‍കിയതും. നോമ്പ്കാലത്ത് പൂര്‍ണമായും റിലീഫ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിര്‍ദ്ദേശമാണ് തങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നതും.

Test User: