X

ഫാസ്റ്റ് ട്രാക്ക് കോടതികളെന്ന ആവശ്യം ശക്തിപ്പെടുന്നു; രാജ്യത്ത് വിചാരണ കാത്തു കിടക്കുന്നത് 133,000 ബലാത്സംഗ കേസുകള്‍

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോഴും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഒച്ചിഴയും വേഗത്തിലാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 133,000 ബലാത്സംഗ കേസുകളാണ് വിചാരണ കാത്തു കിടക്കുന്നത്.

2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗ കൊലപാതകത്തിനു ശേഷം രാജ്യത്ത് ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ വേണമെന്നും കുറ്റവാളികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്നും മുറവിളികള്‍ ഉയരുമ്പോഴും ഇത്തരത്തിലുള്ള കേസുകള്‍ വര്‍ധിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2012ല്‍ നിന്നും 2016 ആയപ്പോഴേക്കും ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ 60 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കെതിരായ പീഡനകേസുകളുടെ എണ്ണം 40 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അതേ സമയം ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 25 ശതമാനം മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2012ല്‍ 100,000 ബലാത്സംഗ കേസുകളാണ് വിവിധ കോടതികളില്‍ കെട്ടിക്കിടന്നിരുന്നതെങ്കില്‍ ഇത് 2016 ആയപ്പോള്‍ 133,000 കേസുകളായി ഉയര്‍ന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രേഖകള്‍ പറയുന്നു. 2012-16 വരെ ഓരോ വര്‍ഷവും 85 ശതമാനം ബലാത്സംഗ കേസുകളും വിചാരണ കാത്ത് കിടക്കുകയാണ്. സര്‍ക്കാറിന് വേണമെങ്കില്‍ നൂറു നിയമങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നാല്‍ ഇത് നടപ്പിലാക്കാനാവാത്തതിനാല്‍ സമ്പൂര്‍ണമായി പരാജയപ്പെടുകയാണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുശ്യന്ത് ദവേ പറയുന്നു. പൊലീസ് ഫോഴ്‌സിന്റെ എണ്ണത്തിലെ കുറവും, സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി അന്വേഷണ സംഘങ്ങള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കുന്നതും വിചാരണ നടപടികള്‍ വൈകാന്‍ കാരണമാവുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

chandrika: