തളിപ്പറമ്പ്: ഇത് ആലോചിച്ചിട്ടെടുത്ത തീരുമാനമാണ്. മനുഷ്യ ജീവന്‍ കൊണ്ട് പന്തുകളിക്കാന്‍ എനിക്കറിയില്ല. മനസുപതറിപ്പോയി, ഇത് ആലോചിച്ചിട്ടെടുത്ത തീരുമാനമാണ്, വേണ്ട എനിക്കിനീ ജോലി, രവീന്ദ്രന്‍ ഉറച്ചു പറഞ്ഞു. അമിതവേഗതയില്‍ ബസ് ഓടിക്കാന്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ചതിനെതുടര്‍ന്ന് ബസ്് പാതിവഴയില്‍ നിര്‍ത്തി. എന്നന്നേക്കുമായി ഡ്രൈവര്‍ ജോലിയില്‍ നിന്നും ഇറങ്ങി നടന്ന, കണ്ണൂര്‍ പിലാത്തറ സ്വദേശിയായ മണിയറയിലെ ഡ്രൈവര്‍ രവീന്ദ്രന്റെ വാക്കുകളാണിത്.
സംഭവം ഇങ്ങനെ, ചെറിയ ട്രാഫിക് ബ്ലോക്ക് കാരണം വൈകിയോടുന്ന ബസുകളും തിരക്കിട്ട് പോവുന്ന വാഹനങ്ങളും നിറഞ്ഞ പയ്യന്നൂര്‍-കണ്ണൂര്‍ റോഡ്. ഇതിനിടയിലൂടെ ഒന്നരമിനിറ്റ് വൈകിയതിന്റെ ദൃതിയില്‍ രവീന്ദ്രന്റെ ബസും ഓടുന്നു. എന്നാല്‍ ബസിലെ കണ്ടക്ടര്‍ക്ക് ആ വേഗത മതിയായിരുന്നില്ല. കണ്ടക്ടര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടത് നിരത്തിലുള്ള എല്ലാ വാഹനങ്ങളേയും മറികടന്ന് അമിത വേഗത്തില്‍ മുന്നോട്ട് പോവാന്‍. പലതവണ കണ്ടക്ടര്‍ ഈ നിര്‍ദ്ദേശം ആവര്‍ത്തിച്ചു. എന്നാല്‍ അപ്പോഴെല്ലാം അതവഗണിച്ച് ഡ്രൈവര്‍ നിശ്ചിത വേഗത്തില്‍ മാത്രം മുന്നോട്ട് കുതിച്ചു.
പക്ഷേ മത്സരയോട്ടത്തില്‍ വിളറിപൂണ്ട കണ്ടക്ടര്‍ അതില്‍ തൃപ്തനായില്ല. കുത്തിനിറച്ച് കയറിയ യാത്രക്കാരുടെ ഇടയില്‍ നിന്നും അയാള്‍ വീണ്ടും വീണ്ടും അമിതവേഗം ആവശ്യപ്പെട്ട് മുന്നോട്ടാഞ്ഞു. സമ്മര്‍ദ്ദം സഹിക്കാവുന്നതിനും അപ്പുറത്തേക്ക് കടന്നതോടെ രവീന്ദ്രന്‍, യാത്രക്കാരേയും നിരത്തിലൂടെ തിങ്ങിനിറഞ്ഞ് നീങ്ങുന്ന വാഹനങ്ങളേയും സാക്ഷിയാക്കി ബസ് പതിയെ തളിപ്പറമ്പിന് സമീപം വഴിയോരത്തേക്ക് ഇറക്കി നിര്‍ത്തി. തുടര്‍ന്നു കണ്ടക്ടറോടായി പറഞ്ഞു, എനിക്കിതിനു വയ്യ, ഇനി ഞാന്‍ ഈ കാക്കിയണിയില്ല. എന്നാല്‍ ബസ് നിര്‍ത്തിയതിനെ തുടര്‍ന്നു യാത്രക്കാര്‍ ബഹളം വെച്ചപ്പോള്‍ രവീന്ദ്രന്‍ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.
കെ.കെ രവീന്ദ്രന്‍ എന്ന വ്യക്തിയുടെ ബസ് ജീവനക്കാരനായുള്ള ജീവിതത്തിന്റെ അവസാന നിമിഷമായിരുന്നു അത്. 21 വര്‍ഷമായി ധരിക്കുന്ന ഡ്രൈവര്‍ കുപ്പായമാണ് അയാള്‍ ഉപേക്ഷിച്ചിരിക്കുന്നത്. ജീവനേക്കാള്‍ വലുതല്ല ഒരു ജോലിയും എന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ടുകൊണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അന്നത്തെ രവീന്ദ്രന്റെ പ്രവര്‍ത്തിയെ കുറിച്ച് അതേ ബസില്‍ യാത്ര ചെയ്തിരുന്ന ചിലര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വാര്‍ത്ത വളരെ വേഗത്തില്‍ പരന്നു. വാര്‍ത്തയില്‍ എല്ലാവരും കണ്ടത് ബസ് ജീവനക്കാരനായ മനുഷ്യസ്‌നേഹിയെയാണ്. യാത്രക്കാരുടെ ജീവന് വിലകല്‍പ്പിച്ച് മത്സരയോട്ടമെന്ന സാഹസത്തെ ഉപേക്ഷിക്കുവാന്‍ തയ്യാറായ രവീന്ദ്രനെ സമൂഹമാധ്യമങ്ങള്‍ മനസുനിറഞ്ഞ് അഭിനന്ദിച്ചു.
അമിതവേഗത്തില്‍ വണ്ടിയോടിക്കാനാവില്ലെന്ന തിരിച്ചറിവില്‍ ജോലി ഉപേക്ഷിക്കുന്ന ആദ്യത്തെ ഡ്രൈവറായിരിക്കും ഒരുപക്ഷേ രവീന്ദ്രന്‍. അന്നു സംഭവിച്ചതിനെ കുറിച്ചു രവീന്ദ്രന്‍ തന്നെ പറയുന്നു; മാനസിക സംഘര്‍ഷവും പേറി വണ്ടി വേഗത്തിലെടുത്താല്‍ അപകടത്തിലേ അവസാനിക്കൂ എന്ന് എനിക്കു തോന്നി. മനസ്സിനു വലിയ വിഷമമായി, ഇനി ബസ് ഓടിക്കാന്‍ സാധിക്കില്ലെന്ന തോന്നലുണ്ടായതോടെയാണു ബസ് ഒതുക്കിയിട്ടു ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് പയ്യന്നൂരിലുള്ള ബസ് ഉടമയെ വിളിച്ചു സംഭവം അറിയിച്ചു. തുടര്‍ന്ന് വൈകിട്ട് ആറിന് ഉടമയുടെ പയ്യന്നൂരിലെ വീട്ടില്‍ ബസ് എത്തിച്ചാണു മടങ്ങിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി അദ്ദേഹത്തിന്റെ തന്നെ ബസുകളിലാണ് ജോലി ചെയ്തുവരുന്നത്. ഇരുപതിലേറെ വര്‍ഷമായി ചെയ്യുന്ന ജോലി വേണ്ടെന്നുവയ്ക്കുന്നതും ഏറെ ആലോചിച്ചാണ്. തന്റെ തീരുമാനത്തെ ഭാര്യ രേണുകയും മക്കളായ രവീണയും വിഷ്ണുവും പിന്തുണച്ചു. 1995 മുതലാണ് ബസ് ഓടിക്കാന്‍ തുടങ്ങിയത്. ഇതുവരെ ഒരു അപകടം പോലും ഉണ്ടായിട്ടില്ല. ഇനി ഇതുപോലെ യാത്രക്കാരുടെ ജീവന്‍ പണയം വച്ച് ബസ് ഓടിക്കാന്‍ നിര്‍ബന്ധിതനായേക്കാമെന്ന ഭയം ഉള്ളതിനാലാണ് എന്നേക്കുമായി ബസിന്റെ വളയം ഉപേക്ഷിക്കുന്നത്, രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ടക്ടര്‍ക്ക് എതിരെ നടപടി
ബസ് വേഗതകൂട്ടാന്‍ ആവശ്യപ്പെട്ട് ഡ്രെവറെ നിയമലംഘനത്തിനു പ്രേരിപ്പിച്ച കണ്ടക്ടറുടെ ലൈസന്‍സ് ആര്‍.ടി.ഒ.റദ്ദാക്കി. മൂന്നു മാസത്തേക്കാണ് നടപടി.
വാര്‍ത്തയെ തുടര്‍ന്നാണ് തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒ ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ ജീവനക്കാരുടെ മൊഴിയെടുത്ത നടപടിടെയെടുത്തത്്. രവീന്ദ്രനെ പോലെയുള്ള ഡ്രൈവര്‍മാര്‍ മറ്റുള്ളവര്‍ക്ക് ഉത്തമ മാതൃകയാണെന്ന് ആര്‍ടിഒ പറഞ്ഞു. മിതമായ വേഗതയാണ് യാത്രക്കാര്‍ ആഗ്രഹിക്കുന്നത്. സമീപകാലത്തായി സ്വകാര്യബസുകളുടെ അമിതവേഗം നിമിത്തം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രവീന്ദ്രന്റെ തീരുമാനം ആദരിക്കപ്പെടേണ്ടതാണെന്നും ഗതാഗതവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്തയില്‍ രവീന്ദ്രന്റെ വ്യക്തമായ പേര് പറഞ്ഞിരുന്നില്ലെങ്കിലും നാട്ടുകാര്‍ ഇയാളെ തിരിച്ചറിഞ്ഞ് അഭിനന്ദിക്കാന്‍ എത്തി. കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ വീന്ദ്രനെ അന്വേഷിച്ചു നിരവധി സംഘടനകളും ക്ലബ്ബുകളും നടന്നിരുന്നു. ഇപ്പോള്‍ സ്വീകണങ്ങളുടെ തിരക്കിലാണ് ഈ സ്‌നേഹമുള്ള ഡ്രൈവര്‍.