നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സെന്റ് ആന്റണീസ് പള്ളിയിലെ വൈദികന്‍. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പള്ളിയിലെത്തുന്നവരോട് ദിലീപിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വൈദികന്‍ ആഹ്വാനം ചെയ്തത്.
പ്രമാദമായ കേസിലെ ഒരു പ്രതി ജയിലില്‍ സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്. ജയിലിലെത്തിയ കന്യാസ്ത്രീയോട് അയാള്‍ എല്ലാം തുറന്ന് പറഞ്ഞിരുന്നു. നിരപരാധിയോ അപരാധിയോ ആകട്ടെ, എത്രയോ പേര്‍ ജയിലില്‍ കഴിയുന്നു. വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും വൈദികന്‍ പറഞ്ഞതായി ഒരു പ്രമുഖ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേക സാഹര്യത്തില്‍ ജയിലില്‍ അകപ്പെട്ടപ്പോള്‍ ഇയാള്‍ സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്. നിങ്ങളും ഇത് പോലുള്ള സാഹചര്യങ്ങളില്‍ വിശ്വാസം മുറുകെ പിടിക്കണമെന്ന് വൈദികന്‍ വിശ്വാസികളോട് പറഞ്ഞു.
റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജയിലില്‍ സങ്കീര്‍ത്തനം വായിക്കുകയായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭാര്യ കാവ്യമാധവനെ ചോദ്യം ചെയ്തപ്പോള്‍ അറസ്റ്റിലാകുമോ എന്ന ഭയം മൂലം ദിലീപ് മാനസികമായി തകര്‍ന്നുവെന്നും പിന്നീട് കൗണ്‍സലിങ്ങും നടത്തിയെന്നുമായിരുന്നു വിവരം. ജയിലില്‍ കൗണ്‍സിലിങ്ങിനെത്തിയ കന്യാസ്ത്രീയോട് ദിലീപ് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.