X

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണം: വി.ഡി സതീശന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിവിധ ജില്ലകളിലെ പ്രഥമിക പരിശോധനയില്‍ തന്നെ വന്‍ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. വില്ലേജ് ഓഫീസുകളിലും കളക്ട്രേറ്റുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മതിയായ പരിശോധനകള്‍ നടത്തിയിട്ടില്ലെന്നാണ് ഇത് വ്യക്തമാകുന്നത്. തീക്കട്ടയില്‍ ഉരുമ്പരിക്കുന്ന സ്ഥിതിയാണ്. എറണകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അപേക്ഷകളില്‍ പരിശോധന നടത്തി ഫണ്ട് നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. എന്നാല്‍ കളക്ട്രേറ്റുകളില്‍ ഏജന്റുമാര്‍ നല്‍കുന്ന വ്യാജ അപേക്ഷകളിലാണ് ലക്ഷക്കണക്കിന് രൂപ അനുവദിച്ചിരിക്കുന്നത്. പ്രത്യേക സംഘത്തെ നിയോഗിച്ച് മുഴുവന്‍ ഫയലുകളും പരിശോധിച്ച് അന്വേഷണം നടത്തണം. സി.പി.എമ്മിന് വേണ്ടപ്പെട്ടവരും ഈ തട്ടിപ്പിന് പിന്നിലുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പിലേതു പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലും ഉള്‍പ്പെട്ടിരിക്കുന്ന സി.പി.എമ്മുകാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കരുത്. അതുകൊണ്ടു തന്നെ അന്വേഷണത്തെ പ്രതിപക്ഷം ഗൗരവത്തോടെ നിരീക്ഷിക്കും. പ്രതികളെ എന്തെങ്കിലും ശ്രമമുണ്ടായാല്‍ അതിനെതിരെ യു.ഡി.എഫ് രംഗത്തിറങ്ങും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

നികുതിക്കൊള്ളയ്ക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സമരത്തെ ഇല്ലാതാക്കമെന്നു കരുതേണ്ട. നികുതി സമരം ഇതോടെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസുകാര്‍ സമരക്കാരെ മര്‍ദ്ദിക്കുന്നത്. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്? കൊല്ലത്ത് ഡി.വൈ.എഫ്.ഐ ക്രിമിനലുകളാണ് സമരക്കാരെ നേരിട്ടത്. മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും അറിവോടെയാണോ ഇതൊക്കെ നടക്കുന്നത്? സമാധാനപരമായി സമരം നടത്താനുള്ള അവകാശം കേരളത്തിലില്ലേ? കൊല്ലത്തെ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് പിന്നില്‍ റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ടവരുമുണ്ട്. ഇതേക്കുറിച്ച് കൂടി പൊലീസ് അന്വേഷിക്കണം. മാഫിയകളുടെ സഹായത്തോടെയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്നത്. സര്‍ക്കാര്‍ തണലിന്റെ ഹുങ്കില്‍ ഇത്തരം മാഫിയകള്‍ പ്രതിപക്ഷത്തെ നേരിടാന്‍ വരേണ്ട. അടിച്ചമര്‍ത്തലുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ സമരരീതി മാറ്റേണ്ടി വരും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കേരളത്തെ എല്‍.ഡി.എഫ് ഭരിച്ച് മുടിച്ചിരിക്കുകയാണ്. രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. നികുതി പോലും പിരിച്ചെടുക്കാതെ കേരളത്തെ തകര്‍ക്കുകയാണ്. ഐ.ജി.എസ്.ടി പൂളില്‍ നിന്നും ഒരുവര്‍ഷം 5000 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. കെടുകാര്യസ്ഥതയിലൂടെ ഉണ്ടായ നഷ്ടം സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. എല്ലാ വകുപ്പുകളിലും കെടുകാര്യസ്ഥതയാണ്. സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്ക്കാന്‍ ജനങ്ങളുടെ തലയിലേക്ക് എല്ലാ ഭാരവും കെട്ടിവയ്ക്കുന്ന നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുക തന്നെ ചെയ്യും അദ്ദേഹം കൂട്ടിചേര്‍ത്തു.

webdesk11: